രണ്ട് പെൺകുട്ടികൾ, ഒരേ മാർക്ക്, പക്ഷെ തുടർ പഠനം
ചരിത്രപരമായി പുരുഷന്മാരേക്കാൾ പിന്നിലായിരുന്ന സ്ത്രീകൾ ഇപ്പോൾ മുന്നിലെത്തിയിരിക്കുന്നു. സ്ത്രീകളുടെ എൻറോൾമെന്റ് നിരക്ക് 28.5 ശതമാനവും പുരുഷന്മാരുടേത് 28.3 ശതമാനവുമാണ്. പട്ടികജാതി വിഭാഗത്തിൽ ഇത് 25.9 ശതമാനവും പട്ടികവർഗ വിഭാഗത്തിൽ 21.2 ശതമാനവുമാണ്. ദേശീയ ശരാശരിയേക്കാൾ താഴെയാണെങ്കിലും, സ്കോളർഷിപ്പുകളും സംവരണവും വഴി ഈ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ വലിയ തോതിൽ ക്ലാസ് മുറികളിലേക്ക് എത്തുന്നുണ്ട്.

പ്രതീകാത്മക ചിത്രം
ഇന്ത്യയിലെ രണ്ട് സ്ഥലങ്ങളിൽ ഒരേ ആഴ്ച ജനിച്ച രണ്ട് പെൺകുട്ടികളെ സങ്കൽപ്പിക്കുക. ഒരാൾ ബിഹാറിലെ ഒരു ചെറിയ പട്ടണത്തിലുള്ള മീന. മറ്റൊരാൾ ചണ്ഡീഗഢിലുള്ള നേഹ. പഠനത്തിൽ മിടുക്കരായ പതിനെട്ടാം വയസ്സിൽ പരീക്ഷാഫലം വന്നപ്പോൾ നേടിയത് ഒരേ മാർക്ക്. സന്തോഷം കൊണ്ട് രണ്ട് അമ്മമാരുടെയും കണ്ണുകൾ നിറഞ്ഞു. എന്നാൽ, ആരും പറയാതെ തന്നെ ആ നിമിഷം മുതൽ അവരുടെ ജീവിതവഴികളിൽ വേർപിരിയാൻ തുടങ്ങി. വീട്ടിൽ നിന്ന് ഒരു മണിക്കൂർ ബസ് യാത്രയിൽ എത്തിച്ചേരാവുന്ന കോളേജുകളുടെ പട്ടികയാണ് നേഹയുടെ അമ്മ തയ്യാറാക്കിയതെങ്കിൽ മീനയുടെ അച്ഛൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത്, ജില്ലയിൽ ആകെയുള്ളത് വിരലിലെണ്ണാവുന്ന കോഴ്സുകളുള്ള ഒരേയൊരു കോളേജ് മാത്രമാണെന്നാണ്.
മറ്റൊരു കോളേജിലേക്ക് പോകണമെങ്കിൽ രാത്രി മുഴുവൻ ട്രെയിൻ യാത്ര ചെയ്ത് മറ്റൊരു നഗരത്തിൽ ഹോസ്റ്റലിൽ താമസിക്കണം. മകളെ സ്നേഹിക്കുന്നവനാണ് ആ അച്ഛൻ; ക്രൂരനല്ല. പക്ഷേ, വരുമാനം കുറഞ്ഞ ഒരു കുടുംബത്തിലെ സാമ്പത്തിക കണക്കുകൂട്ടലുകളും, പെൺകുട്ടിയെ ദൂരെയൊരു നഗരത്തിലേക്ക് തനിച്ച് അയക്കാനുള്ള ആശങ്കയും അദ്ദേഹത്തെ വരിഞ്ഞുമുറുക്കി. ആ വീട്ടിൽ ആരും തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷേ, അവർ ജനിച്ച ഭൂപടം അവർക്കായി വിധി എഴുതിക്കഴിഞ്ഞിരുന്നു.
കണക്കുകൾ പറയുന്ന യാഥാർത്ഥ്യം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ’ (AISHE 2021-22) റിപ്പോർട്ട് ഈ ഭൂപടത്തിന്റെ ചിത്രം വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. കോളേജ് പ്രായത്തിലുള്ള യുവജനങ്ങളിൽ എത്ര ശതമാനം പേർ ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്നു എന്ന് അളക്കുന്ന ‘ഗ്രോസ് എൻറോൾമെന്റ് റേഷ്യോ’ (GER) ദേശീയതലത്തിൽ 28.4 ശതമാനമാണ്. അതായത്, ഇന്ത്യയിലെ പത്ത് യുവാക്കളിൽ ഏകദേശം മൂന്ന് പേർ മാത്രമാണ് കോളേജിലോ സർവകലാശാലയിലോ ഡിപ്ലോമ കോഴ്സുകളിലോ പഠിക്കുന്നത്; ബാക്കി ഏഴ് പേരും പുറത്താണ്.
ഈ കണക്കുകൾക്കിടയിലും ചില ശുഭസൂചനകളുണ്ട്. ചരിത്രപരമായി പുരുഷന്മാരേക്കാൾ പിന്നിലായിരുന്ന സ്ത്രീകൾ ഇപ്പോൾ മുന്നിലെത്തിയിരിക്കുന്നു. സ്ത്രീകളുടെ എൻറോൾമെന്റ് നിരക്ക് 28.5 ശതമാനവും പുരുഷന്മാരുടേത് 28.3 ശതമാനവുമാണ്. പട്ടികജാതി (SC) വിഭാഗത്തിൽ ഇത് 25.9 ശതമാനവും പട്ടികവർഗ (ST) വിഭാഗത്തിൽ 21.2 ശതമാനവുമാണ്. ദേശീയ ശരാശരിയേക്കാൾ താഴെയാണെങ്കിലും, സ്കോളർഷിപ്പുകളും സംവരണവും വഴി ഈ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ വലിയ തോതിൽ ക്ലാസ് മുറികളിലേക്ക് എത്തുന്നുണ്ട്.
സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകൾ
മുന്നിലുള്ളവർ: ചണ്ഡീഗഢ് (64.8%), പുതുച്ചേരി (61.5%), ഡൽഹി (49.0%).
പിന്നിലുള്ളവർ: ബിഹാർ (17.1%), ജാർഖണ്ഡ് (18.6%), ഉത്തർപ്രദേശ് (24.1%).
ഏറ്റവും മുകളിലുള്ള ചണ്ഡീഗഢും താഴെയുള്ള ബിഹാറും തമ്മിലുള്ള അന്തരം ഏകദേശം നാലിരട്ടിയാണ്. ഇതിനോട് താരതമ്യം ചെയ്യുമ്പോൾ ആൺ-പെൺ വ്യത്യാസമോ സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസമോ വളരെ ചെറുതായി തോന്നും. ഇന്ത്യൻ യുവതയെ വിഭജിക്കുന്ന ഏറ്റവും മൂർച്ചയുള്ള വര സംസ്ഥാന അതിർത്തികളുടേതാണ്.
ഇവിടെ ഒരു പ്രധാന വസ്തുത കൂടി പരിഗണിക്കേണ്ടതുണ്ട്. ഒരു വിദ്യാർത്ഥിയെ കണക്കാക്കുന്നത് അവൻ/അവൾ ജനിച്ച സംസ്ഥാനത്തല്ല, മറിച്ച് പഠിക്കുന്ന സംസ്ഥാനത്താണ്. ചണ്ഡീഗഢ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ പഠിക്കാൻ എത്താറുണ്ട്. അതിനാൽ അവിടുത്തെ ഉയർന്ന നിരക്ക് പ്രാദേശികമായ നേട്ടം മാത്രമല്ല, പുറത്തുനിന്നുള്ളവരുടെ വരവ് കൂടിയാണ് കാണിക്കുന്നത്. എങ്കിലും, അവിടെ ജനിച്ച കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാൾ വളരെ വലുതാണെന്നത് തർക്കമില്ലാത്ത കാര്യമാണ്.
എന്തുകൊണ്ട് ഈ അസമത്വം?
ഇതിന് പിന്നിലെ കാരണങ്ങൾ ദുരൂഹമല്ല. വീടിനടുത്ത് ധാരാളം കോളേജുകളുണ്ടെങ്കിൽ ബസ്സിൽ കയറി പഠിക്കാൻ പോകാം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർ കൂടുതലുള്ള ഇടങ്ങളിൽ കോളേജ് പടിവാതിൽക്കൽ എത്തുന്നവരുടെ എണ്ണവും കൂടും. എന്നാൽ എട്ടാം ക്ലാസ്സിലോ പത്താം ക്ലാസ്സിലോ പഠനം നിർത്തുന്നവർ കൂടുതലുള്ള സംസ്ഥാനങ്ങളിൽ കോളേജിലേക്ക് എത്തുന്നവരുടെ നിര നേരത്തെ തന്നെ കുറയുന്നു.
സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബങ്ങളിൽ, വരുമാനത്തിനായി ആദ്യം ബലികഴിക്കപ്പെടുന്നത് കുട്ടികളുടെ ഉപരിപഠനമാണ്. ബിരുദധാരികൾ കുറവുള്ള ഒരു സംസ്ഥാനത്ത് അധ്യാപകരും ഡോക്ടർമാരും എഞ്ചിനീയർമാരും കുറവായിരിക്കും. അങ്ങനെ അടുത്ത തലമുറയെ പരിശീലിപ്പിക്കാൻ ആളില്ലാതാകുകയും ഈ പിന്നോക്കാവസ്ഥ തുടരുകയും ചെയ്യുന്നു.
ഒടുവിൽ മീനയ്ക്ക് ആ രാത്രി ട്രെയിനിൽ കയറേണ്ടി വന്നു. നേഹയ്ക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. മീനയും നേഹയും സാങ്കൽപ്പിക കഥാപാത്രങ്ങളാണ്, പക്ഷേ അവർ നിൽക്കുന്ന ഈ കണക്കുകളുടെ പട്ടിക യാഥാർത്ഥ്യമാണ്.
ഒരു പെൺകുട്ടിക്ക് താൻ എവിടെ ജനിക്കണമെന്ന് തീരുമാനിക്കാൻ കഴിയില്ല. അവൾ അക്ഷരങ്ങൾ പഠിച്ചു തുടങ്ങുന്നതിന് മുൻപ് തന്നെ ഭൂപടത്തിലെ ഒരു വര അവളുടെ ഭാവിയിലെ അവസരങ്ങളെ നിർണ്ണയിക്കുന്നു. എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പുനൽകുന്ന നമ്മുടെ ഭരണഘടനയുടെ വാഗ്ദാനം ഒരു സംസ്ഥാനത്തിന്റെ അതിർത്തിയിൽ അവസാനിക്കേണ്ടതല്ല.
അവലംബം: ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ (AISHE) 2021-22, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം; ഇന്ത്യൻ ഭരണഘടനയുടെ ആമുഖം. (കഥാപാത്രങ്ങൾ സാങ്കൽപ്പികമാണെങ്കിലും കണക്കുകൾ യാഥാർത്ഥ്യമാണ്).