AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനായി നമ്മുടെ രാജ്യം ചെലവഴിക്കുന്ന തുക എത്രയാണ്?

സർക്കാരിന്റെ സ്വന്തം സാമ്പത്തിക സർവേ പ്രകാരം, 2023-24 ൽ വിദ്യാഭ്യാസത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് ചെലവഴിച്ചത് ജിഡിപിയുടെ 2.7 ശതമാനം മാത്രമാണ്. ഇത് ഒരു വർഷത്തെ മാത്രം വീഴ്ചയല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ, ഈ കണക്ക് ഓരോ വർഷവും 2.7 മുതൽ 2.9 ശതമാനം വരെ മാത്രമായി നിശ്ചലമായി നിൽക്കുകയോ ചില വർഷങ്ങളിൽ താഴേക്ക് പോകുകയോ ആണ് ചെയ്തിട്ടുള്ളത്.

ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനായി നമ്മുടെ രാജ്യം ചെലവഴിക്കുന്ന തുക എത്രയാണ്?
Representational ImageImage Credit source: Pexels
Santosh Nair
Santosh Nair | Edited By: Jenish Thomas | Updated On: 06 Nov 2026 | 10:28 PM

60 വർഷങ്ങൾക്ക് മുമ്പ്, സർക്കാരിന്റെ ഒരു കമ്മീഷൻ അമേരിക്ക, ജപ്പാൻ, സോവിയറ്റ് യൂണിയൻ (ഇന്നത്തെ റഷ്യ) തുടങ്ങിയ രാജ്യങ്ങൾ വിദ്യാഭ്യാസത്തിനായി എത്രമാത്രം തുക ചെലവഴിക്കുന്നു എന്ന് പരിശോധിക്കുകയും, ഭാവി കാര്യമായി കാണുന്ന ഒരു വികസ്വര രാജ്യം തങ്ങളുടെ ജിഡിപിയുടെ (GDP) കുറഞ്ഞത് 6 ശതമാനമെങ്കിലും സ്കൂൾ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കണമെന്ന് നിഗമനത്തിലെത്തുകയും ചെയ്തു. 1960-കളിലെ കൊത്താരി കമ്മീഷന്റെ ശുപാർശയായിരുന്നു ഇത്. അന്നുമുതൽ ഇന്നിതുവരെ ഇന്ത്യൻ വിദ്യാഭ്യാസ നയരേഖകളിൽ ഇത് ഒരു ചടങ്ങ് പോലെ ഉദ്ധരിക്കപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യ ഒരിക്കൽ പോലും ഈ ലക്ഷ്യത്തിനടുത്തേക്ക് എത്തിയിട്ടില്ല.

സർക്കാരിന്റെ സ്വന്തം സാമ്പത്തിക സർവേ (Economic Survey) പ്രകാരം, 2023-24 ൽ വിദ്യാഭ്യാസത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് ചെലവഴിച്ചത് ജിഡിപിയുടെ 2.7 ശതമാനം മാത്രമാണ്. ഇത് ഒരു വർഷത്തെ മാത്രം വീഴ്ചയല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ, ഈ കണക്ക് ഓരോ വർഷവും 2.7 മുതൽ 2.9 ശതമാനം വരെ മാത്രമായി നിശ്ചലമായി നിൽക്കുകയോ ചില വർഷങ്ങളിൽ താഴേക്ക് പോകുകയോ ആണ് ചെയ്തിട്ടുള്ളത്. കേവലം രൂപയുടെ കണക്കിൽ കാണുന്നതിനേക്കാൾ, യഥാർത്ഥ ബജറ്റിന്റെ വിഹിതമായി അളക്കുമ്പോൾ ഇത് ഇടിവിലേക്ക് പോകുന്ന പ്രവണതയാണെന്ന് സർവേ തന്നെ വിവരിക്കുന്നു. ആകെ സാമൂഹിക സേവന ബജറ്റിലെ (social services budget) വിദ്യാഭ്യാസത്തിന്റെ വിഹിതവും ഇത്തരത്തിൽ നിശബ്ദമായി ഇടിയുകയായിരുന്നു; 2017-18 ലെ 10.7 ശതമാനത്തിൽ നിന്ന് അടുത്തകാലത്ത് അത് ഏകദേശം 9 ശതമാനത്തിലേക്ക് താഴേക്കെത്തി.

ഇതിന്റെ അർത്ഥം രൂപയുടെ കണക്കിൽ വിദ്യാഭ്യാസത്തിനായുള്ള ചെലവഴിക്കൽ ചുരുങ്ങി എന്നല്ല. ഈ കാലയളവിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കാര്യമായി വളർന്നിട്ടുണ്ട്, അതിനൊപ്പം വിദ്യാഭ്യാസ ബജറ്റും വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ജിഡിപി അതിനേക്കാൾ വേഗത്തിൽ വളർന്നു. അതുകൊണ്ടാണ് ഒരു ദശകത്തിലേറെയായി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി രാജ്യം നീക്കിവെക്കുന്ന സാമ്പത്തിക ഉൽപ്പാദനത്തിന്റെ ശതമാനം ഒരേപടി നിൽക്കുന്നത്. അതേസമയം വിദ്യാഭ്യാസം ആവശ്യമുള്ള കുട്ടികളുടെ എണ്ണവും അവർ പഠിക്കേണ്ട കാര്യങ്ങളുടെ സങ്കീർണ്ണതയും വർദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്.

ഒരു ക്ലാസ് മുറിയുടെ അല്ലെങ്കിൽ ഒരു കുട്ടിയുടെ തലത്തിൽ ഇത് യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്? വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്ന ജിഡിപിയുടെ കുറഞ്ഞ വിഹിതം നേരിട്ട് പരിവർത്തനം ചെയ്യപ്പെടുന്നത് ചില കുറവുകളിലേക്കാണ്: രാജ്യവ്യാപകമായി ഒഴിഞ്ഞുകിടക്കുന്ന ഏകദേശം 3.57 ലക്ഷം അധ്യാപക തസ്തികകൾ, ഉപയോഗപ്രദമായ ടോയ്‌ലറ്റുകളും ആവശ്യത്തിന് ക്ലാസ് മുറികളും പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ദേശീയ ശരാശരിയിൽ ന്യായമെന്ന് തോന്നുമെങ്കിലും ചില പ്രത്യേക ജില്ലകളിൽ കടുത്ത നെരുക്കമുണ്ടാക്കുന്ന വിദ്യാർത്ഥി-അധ്യാപക അനുപാതം. ഇവ വെവ്വേറെയുള്ള പ്രശ്നങ്ങളല്ല. ആവശ്യത്തിന്റെ വ്യാപ്തിക്കൊപ്പമോ കൊത്താരി കമ്മീഷന്റെ ആറ് പതിറ്റാണ്ട് പഴക്കമുള്ള മാനദണ്ഡത്തിനൊപ്പമോ എത്താതിരുന്ന ഒരു ബജറ്റിന്റെ അനന്തരഫലങ്ങളാണ് ഇവ.

ഇവിടെ ഗൗരവമായി ചിന്തിക്കേണ്ട ഒരു അന്താരാഷ്ട്ര താരതമ്യമുണ്ട്. ശക്തവും തുല്യതയുള്ളതുമായ സ്കൂൾ സംവിധാനങ്ങൾ വിജയകരമായി കെട്ടിപ്പടുത്ത ദക്ഷിണ കൊറിയ, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾ, അവരുടെ സാർവത്രിക അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്ന കാലയളവിൽ (അതിനുശേഷമല്ല) ജിഡിപിയുടെ 4 മുതൽ 5 ശതമാനത്തിൽ കൂടുതൽ തുക തുടർച്ചയായി വിദ്യാഭ്യാസത്തിനായി നീക്കിവെച്ചിരുന്നു. 25 കോടിയിലധികം കുട്ടികൾക്ക് സാർവത്രിക ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുന്ന ഇന്ത്യ, തങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പവുമായി തതമ്യപ്പെടുത്തുമ്പോൾ വളരെ ചെറിയൊരു സാമ്പത്തിക തറത്തറയിലാണ് ഇത് ചെയ്യാൻ ശ്രമിക്കുന്നത്.

പണം മാത്രം വർദ്ധിപ്പിച്ചാൽ അധ്യാപക ഒഴിവുകൾ, അടിസ്ഥാന സാക്ഷരതയിലെ വിടവുകൾ, പഠനം ഉപേക്ഷിക്കൽ, ഇംഗ്ലീഷ് മീഡിയം തിരഞ്ഞെടുപ്പുകൾ തുടങ്ങിയ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടുമെന്ന് പറയുന്നത് ലളിതവൽക്കരണമായിരിക്കും. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ ചെലവഴിക്കുന്ന പണം വലിയ മാറ്റമുണ്ടാക്കില്ല. എന്നാൽ തങ്ങളുടെ കുട്ടികളുടെ ക്ലാസ് മുറികൾക്കായി ചെലവഴിക്കുന്ന തുകയിൽ വലിയൊരു വർദ്ധനവ് വരുത്താതെ ഈ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതും തെറ്റാണ്. കാരണം, കൂടുതൽ അംഗീകൃത അധ്യാപക തസ്തികകൾ, മെച്ചപ്പെട്ട സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ, ടോയ്‌ലറ്റുകൾ, കൂടുതൽ സെക്കൻഡറി സ്കൂളുകൾ തുടങ്ങി ഏത് പരിഹാരത്തിനും ആവശ്യമായ ഫണ്ട് എവിടെ നിന്നെയെങ്കിലും വന്നേ തീരൂ.

നിലവിലുള്ളതിന്റെ ഇരട്ടിയിലധികമായ കൊത്താരി കമ്മീഷന്റെ 6 ശതമാനം ലക്ഷ്യം യഥാർത്ഥത്തിൽ നടപ്പിലാക്കിയാൽ അത് എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ചിന്തിക്കുക. രാജ്യത്തെ ഒഴിഞ്ഞുകിടക്കുന്ന എല്ലാ അധ്യാപക തസ്തികകളിലേക്കും ഒന്നിലധികം തവണ നിയമനം നടത്താനും, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത മുക്കാൽ ഭാഗത്തോളം വരുന്ന സ്കൂളുകളിലെ ശുചിത്വവും മറ്റ് സൗകര്യങ്ങളും പൂർണ്ണമായി ആധുനികീകരിക്കാനും അത് സഹായിക്കും. കൂടാതെ, നിലവിലെ ഓരോ സംസ്ഥാനങ്ങളിലെയും വ്യത്യസ്തമായ രീതികൾക്ക് പകരം, ദേശീയ തലത്തിൽ അധ്യാപക പരിശീലനവും അടിസ്ഥാന സാക്ഷരതാ പരിപാടികളും നടപ്പിലാക്കാൻ ആവശ്യമായ തുകയും അതിൽ നിന്ന് ലഭ്യമാകും.

ഒരു പൗരനെ സംബന്ധിച്ചിടത്തോളം, കൃത്യമായ ശതമാന കണക്കുകൾ മനഃപാഠമാക്കുകയല്ല വേണ്ടത്. മറിച്ച്, അടുത്ത തവണ സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുമ്പോൾ, വിദ്യാഭ്യാസത്തിനായുള്ള വിഹിതം ഉയരുകയാണോ, അതേപടി നിൽക്കുകയാണോ അതോ നിശബ്ദമായി താഴുകയാണോ എന്ന് ശ്രദ്ധിക്കുക. ഇന്ത്യയിലെ സ്കൂളുകളെക്കുറിച്ചുള്ള മറ്റെല്ലാ കാര്യങ്ങളെയും ഈ ഒറ്റ സംഖ്യ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കി അതിനെ ചോദ്യം ചെയ്യുക.

Follow Us