8th Pay Commission: കുടിശ്ശിക ലക്ഷങ്ങൾ, അടിസ്ഥാന ശമ്പളം 54,000 രൂപ; ജീവനക്കാർക്ക് പ്രതീക്ഷകളേറെ
8th Pay Commission Update: 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാരും 69 ലക്ഷത്തോളം പെൻഷൻകാരുമാണ് എട്ടാം ശമ്പള കമ്മീഷന്റെ ആനുകൂല്യങ്ങൾക്കായി കാത്തിരിക്കുന്നത്. 2025 ജനുവരിയിലാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രധാന ആവശ്യമായ എട്ടാം ശമ്പള കമ്മീഷന്റെ നടപടികൾ പുരോഗമിക്കവെ, ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ജീവനക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് സമർപ്പിച്ച നിർദ്ദേശങ്ങൾ പ്രകാരം, കുറഞ്ഞ അടിസ്ഥാന ശമ്പളം വലിയ തോതിൽ ഉയരാൻ സാധ്യതയുണ്ട്.

നിലവിൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. സംഘടന നിർദ്ദേശിച്ച 3.00 ഫിറ്റ്‌മെന്റ് ഫാക്ടർ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ, ഈ ശമ്പളം 54,000 രൂപയായി വർദ്ധിച്ചേക്കാം. അതായത് അടിസ്ഥാന ശമ്പളത്തിൽ മാത്രം 200 ശതമാനം വർദ്ധനവ്.

സമാനമായ രീതിയിൽ, പെൻഷൻകാരുടെ കുറഞ്ഞ അടിസ്ഥാന പെൻഷൻ നിലവിലെ 9,000 രൂപയിൽ നിന്ന് 27,000 രൂപയായി ഉയർന്നേക്കാം. വിവിധ തലങ്ങളിലുള്ള ജീവനക്കാർക്കായി 3.00 മുതൽ 3.25 വരെയുള്ള ഫിറ്റ്‌മെന്റ് ഫാക്ടറാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലെ 3 ശതമാനം വാർഷിക ഇൻക്രിമെന്റ് 5 ശതമാനമായി വർദ്ധിപ്പിക്കണമെന്നും ആവശ്യമുണ്ട്. കൂടാതെ ശമ്പള കമ്മീഷൻ വൈകുംതോറും കുടിശ്ശിക വർദ്ധിക്കും. 2027 പകുതിയോടെയാകും ശമ്പള കമ്മീഷൻ നടപ്പാക്കുക എന്നാണ് സൂചന. അതായത്, അത്രയും ദിവസത്തെ കാലതാമസം കണക്കിലെടുത്ത് കുടിശ്ശിക ലക്ഷങ്ങളെത്തും.

നിലവിൽ 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാരും 69 ലക്ഷത്തോളം പെൻഷൻകാരുമാണ് എട്ടാം ശമ്പള കമ്മീഷന്റെ ആനുകൂല്യങ്ങൾക്കായി കാത്തിരിക്കുന്നത്. 2025 ജനുവരിയിലാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. കമ്മീഷൻ സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ശമ്പള വർദ്ധനവ് നിശ്ചയിക്കുന്നത്.