Asia Cup 2025: ബാബർ അസമിനും മുഹമ്മദ് റിസ്വാനും ഇടമില്ല; ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ച് പാകിസ്താൻ
No Babar Azam And Mohammad Rizwan For Asia Cup: ഏഷ്യാ കപ്പിനുള്ള പാകിസ്താൻ ടീമിൽ മുഹമ്മദ് റിസ്വാനും ബാബർ അസമിനും ഇടമില്ല. സൽമാൻ അലി ആഘയാണ് ക്യാപ്റ്റൻ.

ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. മുൻ ക്യാപ്റ്റന്മാരായ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചില്ല. സൽമാൻ അലി ആഘയാണ് ടീം നായകൻ. അഫ്ഗാനിസ്ഥാനും യുഎഇയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലും ഈ ടീം തന്നെ കളിക്കും. (Image Credits- PTI)

മുഹമ്മദ് ഹാരിസാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. മുൻ ക്യാപ്റ്റനും പേസറുമായ ഷഹീൻ ഷാ അഫ്രീദിയും സീനിയർ താരം ഫഖർ സമാനും ടീമിൽ ഇടം ലഭിച്ചു. അഫ്ഗാനിസ്ഥാനും യുഎഇയും ഉൾപ്പെടുന്ന പരമ്പരയ്ക്ക് ശേഷം പ്രകടനങ്ങൾ പരിഗണിച്ച് ടീമിൽ മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്.

ഹാരിസ് റൗഫ്, ഹസൻ അലി, ഫഹീം അഷ്റഫ് എന്നീ മുതിർന്ന താരങ്ങൾക്കൊപ്പം യുവതാരങ്ങളായ സയിം അയൂബ്, ഹസൻ നവാസ് എന്നിവരും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ കളിച്ച താരങ്ങളിൽ പലരും ഈ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ചിലർക്ക് അവസരം നഷ്ടമാവുകയും ചെയ്തു.

സെപ്തംബർ 9 മുതലാണ് ഏഷ്യാ കപ്പ് നടക്കുക. സെപ്തംബർ 28ന് ഫൈനൽ മത്സരം നടക്കും. ഗ്രൂപ്പ് എയിൽ ഇന്ത്യ, യുഎഇ, ഒമാൻ എന്നീ ടീമുകൾക്കൊപ്പമാണ് പാകിസ്താൻ കളിക്കുക. സെപ്തംബർ 12ന് ഒമാനെതിരെ കളിക്കുന്ന പാകിസ്താൻ 14ന് ഇന്ത്യയെയും 17ന് യുഎഇയെയും നേരിടും.

പാകിസ്താൻ സ്ക്വാഡ്: സൽമാൻ അലി ആഘ, അബ്റാർ അഹ്മദ്, ഫഹീം അഷ്റഫ്, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, ഹസൻ നവാസ്, ഹുസൈൻ ടാലറ്റ്, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, സഹിബ്സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ മിർസ, ഷഹീൻ അഫ്രീദി, സുഫ്യാൻ മുഖീം.