Blood moon : ചന്ദ്രൻ രക്തനിറത്തിലാകുന്ന ആ ദിവസം സെപ്റ്റംബർ ആദ്യം, ഇന്ത്യയിൽ എവിടെയെല്ലാം നിന്നു കാണാം
Bloody moon on the night of September 7th: ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഈ കാഴ്ച വ്യക്തമായി കാണാൻ സാധിക്കും. കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഗ്രഹണം ദൃശ്യമാകാൻ സാധ്യതയുണ്ട്.

2025 സെപ്റ്റംബർ 7-ന് രാത്രിയിൽ ഇന്ത്യക്കാർക്ക് ആകാശത്ത് ഒരു അസാധാരണ കാഴ്ച കാത്തിരിക്കുന്നു. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ രക്തനിറത്തിൽ തിളങ്ങുന്ന ഈ പ്രതിഭാസമാണ് 'ബ്ലഡ് മൂൺ'ഈ ദശാബ്ദത്തിലെ തന്നെ ഏറ്റവും മനോഹരമായി കാണാൻ കഴിയുന്ന ചന്ദ്രഗ്രഹണങ്ങളിൽ ഒന്നാണിത്. ഒരു പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുമ്പോൾ, ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നേർരേഖയിൽ വരുന്നു.

ഈ സമയത്ത്, ചന്ദ്രൻ ഭൂമിയുടെ നിഴലിൽ പൂർണ്ണമായി മറയും. എന്നാൽ, ചന്ദ്രൻ പൂർണ്ണമായും ഇരുട്ടിലാകുന്നതിനു പകരം, ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം വളഞ്ഞ് ചന്ദ്രനിൽ പതിക്കുന്നു. ഈ പ്രകാശത്തിലെ നീല, വയലറ്റ് തരംഗങ്ങൾ അന്തരീക്ഷത്തിൽ ചിതറിപ്പോകുകയും, ചുവപ്പ്, ഓറഞ്ച് തരംഗങ്ങൾ മാത്രം ചന്ദ്രനിലേക്ക് എത്തുകയും ചെയ്യും. ഇതാണ് ചന്ദ്രന് ചുവപ്പ് നിറം നൽകുന്നത്.

ബിബിസി നൈറ്റ് സ്‌കൈ മാഗസിൻ റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ 7-ന് രാത്രി 8:58 -ന് ഗ്രഹണം ആരംഭിക്കും. ചന്ദ്രനെ ഏറ്റവും ചുവപ്പ് നിറത്തിൽ കാണുന്ന പൂർണ്ണ ഘട്ടം രാത്രി 11:00 PM മുതൽ 12:22 AM വരെ നീണ്ടുനിൽക്കും. ഗ്രഹണം പുലർച്ചെ 1:25 -ന് അവസാനിക്കും.

ഡൽഹി, മുംബൈ, കൊൽക്കത്ത, പൂനെ, ലക്‌നൗ, ഹൈദരാബാദ്, ചണ്ഡീഗഡ് തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഈ കാഴ്ച വ്യക്തമായി കാണാൻ സാധിക്കും. കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഗ്രഹണം ദൃശ്യമാകാൻ സാധ്യതയുണ്ട്. തുറന്ന സ്ഥലങ്ങൾ കാഴ്ചക്കായി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം.

സൂര്യഗ്രഹണം പോലെ, ബ്ലഡ് മൂൺ കാണാൻ പ്രത്യേക കണ്ണടകൾ ആവശ്യമില്ല. ഇത് നഗ്‌നനേത്രങ്ങൾകൊണ്ട് നേരിട്ട് കാണാവുന്നതാണ്. കാഴ്ച കൂടുതൽ വ്യക്തമാക്കാൻ ബൈനോക്കുലറുകളോ ടെലിസ്‌കോപ്പോ ഉപയോഗിക്കാം. ഈ അപൂർവ ആകാശവിസ്മയം എല്ലാവർക്കും സുരക്ഷിതമായി ആസ്വദിക്കാം.