Eyes health tips: നഗരജീവിതം നിങ്ങളുടെ കണ്ണിനെ കാർന്നു തിന്നുന്നു…. ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം
City life is secretly harming eyes: രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഉയർന്ന മലിനീകരണ നില, കണ്ണുകളിൽ ചുവപ്പ്, എരിച്ചിൽ, വരൾച്ച, വീക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.

നഗരം മനുഷ്യന്റെ ആയുസ്സിനെ കാർന്നു തിന്നുന്നു എന്നെല്ലാം ആലങ്കാരികമായി നാം പറയാറുണ്ട്. ആയുസ്സിനു മാത്രമല്ല കണ്ണിനും നഗരജീവിതം പ്രശ്നമുണ്ടാക്കുന്നു എന്ന് പുതിയ പഠനങ്ങൾ പറയുന്നു. വർദ്ധിച്ചുവരുന്ന വായു മലിനീകരണം കണ്ണുകളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാകുന്നുണ്ട്.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഉയർന്ന മലിനീകരണ നില, കണ്ണുകളിൽ ചുവപ്പ്, എരിച്ചിൽ, വരൾച്ച, വീക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. തുടർച്ചയായ മലിനീകരണത്തിന്റെ സ്വാധീനം കണ്ണീർ പാളിയുടെ പ്രതിരോധശേഷി കുറയ്ക്കുകയും തിമിരം, ഗ്ലോക്കോമ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾ നേരത്തേ വരുന്നതിനും വഴിയൊരുക്കിയേക്കാം.

പരിസ്ഥിതി മലിനീകരണം ഒരുവശത്തും, ഡിജിറ്റൽ സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്ന നീണ്ട സമയം മറുവശത്തും നേരിടുന്നുണ്ട് നമ്മുടെ കണ്ണുകൾ. നീണ്ട സ്ക്രീൻ ഉപയോഗം കണ്ണ് ചിമ്മുന്നത് കുറയ്ക്കുകയും വരൾച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മലിനീകരണം കണ്ണീർ പാളിയെ തകർക്കുകയും ഈ പ്രശ്നം കൂടുതൽ രൂക്ഷമാക്കുകയും ചെയ്യുന്നു.

നേത്ര സമ്മർദ്ദത്തിന്റെ ആദ്യ ലക്ഷണങ്ങൾ ചുവപ്പും എരിച്ചിലും, തുടർച്ചയായ വരൾച്ച, പ്രകാശത്തോടുള്ള സംവേദനക്ഷമത എന്നിവയാണ്. ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ കണ്ണിന്റെ ഉപരിതലത്തിന് കേടുപാടുകൾ വരുത്തും.

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ പുറത്തുപോകുമ്പോൾ ഗോഗിൾസുകളോ സംരക്ഷിത കണ്ണടകളോ ഉപയോഗിക്കുക. പ്രസർവേറ്റീവ് രഹിതമായ കൃത്രിമ കണ്ണീർ ഉപയോഗിച്ച് കണ്ണുകൾ ഈർപ്പമുള്ളതാക്കുന്നതും ഒരു പ്രതിരോധമാണ്. ഓരോ 20 മിനിറ്റിലും, 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കൻഡ് നോക്കി കണ്ണിന് വിശ്രമം നൽകുന്നതണ് മറ്റൊരു വഴി. വിറ്റാമിൻ A, C, E, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കുന്നതാണ് മറ്റൊന്ന്.