Gardening Tips: പ്ലാസ്റ്റിക് ബോട്ടിൽ കളയല്ലേ, ഗാർഡനിൽ 5 രീതിയിൽ ഉപയോഗിക്കാം
Ways to Reuse Plastic Water Bottles in Balcony Garden: നമ്മൾ പലപ്പോഴും വേസ്റ്റെന്ന് പറഞ്ഞ് വലിച്ചെറിയുന്ന പലതും നമ്മുടെ ഗാർഡനിൽ ഉപകാരിയാണ്. അക്കൂട്ടത്തിലെ ഒരാളാണ് പ്ലാസ്റ്റിക് ബോട്ടിലും വീടുകളിൽ വെറുതെ കളയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ബാൽക്കണിയിലെ പൂന്തോട്ടം കൂടുതൽ മനോഹരമാക്കാൻ സാധിക്കും.

പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് സെൽഫ് വാട്ടറിംഗ് പ്ലാന്റർ തയ്യാറാക്കാം. ഒരു പ്ലാസ്റ്റിക് കുപ്പി പകുതിയായി മുറിക്കുക. മുകളിലെ പകുതി ഭാഗം കവിഴ്ത്തി താഴത്തെ ഭാഗത്തേക്ക് ഇറക്കി വെക്കുക. കുപ്പിയുടെ അടപ്പിൽ ചെറിയൊരു ദ്വാരമിട്ട് അതിലൂടെ ഒരു കോട്ടൺ തുണിയോ കയറോ താഴെ വെള്ളമുള്ള ഭാഗത്തേക്ക് ഇറക്കി വെക്കുക. (Image Credit source: Getty Images)

അതേസമയം തന്നെ ഈ പ്ലാസ്റ്റിക് കുപ്പിയുടെ മുകളിലെ ഭാഗത്ത് മണ്ണും ചെടിയും നടാം. തുണിയിലൂടെ വെള്ളം ആവശ്യാനുസരണം മണ്ണിലേക്ക് എത്തിക്കൊണ്ടിരിക്കും. തുളസി, പുതിന തുടങ്ങിയ ചെറിയ ചെടികൾക്ക് ഇത് വളരെ അനുയോജ്യമാണ്. ചെടികൾ നനയ്ക്കാൻ ഇടയ്ക്കിടെ മറന്നുപോകുന്നവർക്ക് ഇത് മികച്ചൊരു വഴിയാണ്.

അതുപോലെ, ബാൽക്കണിയിൽ സ്ഥലപരിമിതി ഉള്ളവർക്ക് കുപ്പികൾ ഉപയോഗിച്ച് ലംബമായി ചെടികൾ വളർത്താം. കുപ്പിയുടെ വശങ്ങളിൽ ചതുരാകൃതിയിൽ മുറിക്കുക. അടിവശത്ത് ചെറിയ ഡ്രെയിനേജ് ദ്വാരങ്ങൾ ഇടുക. ഇതിൽ മണ്ണും ചെടികളും നിറച്ച ശേഷം കയറോ കമ്പിയോ ഉപയോഗിച്ച് ബാൽക്കണി റെയിലുകളിലോ ചുമരുകളിലോ തൂക്കിയിടാം. മനോഹരമായ ഫ്ളവർ പ്ലാന്റുകളും ചെറിയ സക്കുലന്റുകളും ഇതിൽ വളർത്താം.

വിത്തുകൾ മുളപ്പിച്ചെടുക്കാൻ പ്ലാസ്റ്റിക് കുപ്പികൾ മികച്ചതാണ്. കുപ്പിയുടെ അടിഭാഗത്ത് ചെറിയ ദ്വാരങ്ങളിട്ട് മണ്ണു നിറച്ച് വിത്തുകൾ പാകാം. കുപ്പിയുടെ മുകൾഭാഗം ഇതിനു മുകളിൽ ഒരു മൂടിയായി വെച്ചാൽ അത് വിത്തുകൾക്ക് ആവശ്യമായ ചൂടും ഈർപ്പവും നൽകി പെട്ടെന്ന് മുളയ്ക്കാൻ സഹായിക്കും.

വലിയ ചട്ടികളിൽ കൂടുതൽ മണ്ണ് നിറയ്ക്കുമ്പോൾ ബാൽക്കണിയിൽ ഭാരം കൂടാൻ സാധ്യതയുണ്ട്. വലിയ ചട്ടികളുടെ അടിഭാഗത്ത് അടപ്പുള്ള കാലിയായ പ്ലാസ്റ്റിക് കുപ്പികൾ വെച്ച ശേഷം മണ്ണ് നിറയ്ക്കാം. ഇത് ചട്ടിയുടെ ഭാരം കുറയ്ക്കാനും, മികച്ച രീതിയിൽ വെള്ളം വാർന്നുപോകാനും സഹായിക്കും.