Free UAE Entry Visa for Indian Tourists: വിട്ടുകളയല്ലേ ഈ അവസരം! അബുദാബിയിൽ ഒന്ന് കറങ്ങിവരാം; വിസ സൗജന്യം
Abu Dhabi Tourism Offers Free Visa for Indian Travelers: അബുദാബിയിലേക്ക് അവധിക്കാല യാത്ര പ്ലാൻ ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് സന്തോഷവാർത്ത. ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് എൻട്രി വിസ തികച്ചും സൗജന്യമായി ലഭിക്കുന്ന പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുകയാണ് അബുദാബിയുടെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം. 2026 ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക.

എന്നാൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് ചില നിബന്ധനകൾ പാലിച്ചിരിക്കണം.അബുദാബിയിലെ ഹോട്ടലുകളിൽ കുറഞ്ഞത് മൂന്ന് രാത്രികളെങ്കിലും തങ്ങേണ്ടതുണ്ട്. മാത്രമല്ല മടക്കയാതക്കുള്ള ടിക്കറ്റും നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ടാകണം. എങ്കിൽ മാത്രമേ വിസ സൗജന്യമായി ലഭിക്കൂ. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 20,000 വിസകൾ വരെ സൗജന്യമായി നൽകാനാണ് ലക്ഷ്യമിടുന്നത്. (Image Credit source: Getty Images)

കൂടുതൽ ദിവസങ്ങൾ നഗരത്തിൽ തങ്ങാനും എമിറേറ്റിൻ്റെ സൗന്ദര്യം പൂർണ്ണമായി ആസ്വദിക്കാനും വിനോദ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെപ്രധാന ലക്ഷ്യം. അർഹരായ യാത്രക്കാരുടെ യു.എ.ഇ എൻട്രി വിസയുടെ മുഴുവൻ ചെലവും ഡി.സി.ടി അബുദാബി വഹിക്കും. ഇത് ഇന്ത്യൻ യാത്രക്കാരുടെ യാത്രാച്ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കും.

ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഈ പുതിയ തീരുമാനം വലിയ തോതിൽ സഹായിക്കും. ഇന്ത്യയിൽ നിന്ന് തന്നെ യാത്ര ആരംഭിക്കണം എന്നത് നിർബന്ധമാണ്. അംഗീകൃത യാത്രാ ഏജൻസികൾ വഴി ബുക്ക് ചെയ്താണ് അബുദാബിയിലേക്ക് എത്തേണ്ടത്. അബുദാബിയിലെ ഒരു ഹോട്ടലിൽ തുടർച്ചയായ മൂന്ന് രാത്രികൾ താമസിക്കണം.

മടക്കയാത്രാ വിമാന ടിക്കറ്റ് ഉണ്ടായിരിക്കണം. ഫ്ലൈറ്റ് ടിക്കറ്റുകൾ മാത്രമായോ അല്ലെങ്കിൽ ഹോട്ടലുകൾ മാത്രമായോ ബുക്ക് ചെയ്യുന്നവർക്ക് ഈ സൗജന്യ വിസ ലഭിക്കില്ല. സാധാരണ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്കും ഈ പ്രത്യേക ആനുകൂല്യം നേടാൻ കഴിയില്ല. യാത്രയ്ക്ക് മുമ്പായി വിസ സംബന്ധിച്ച യോഗ്യതകളും മറ്റ് വിവരങ്ങളും ഔദ്യോഗിക 'എക്സ്പീരിയൻസ് അബുദാബി' വെബ്സൈറ്റ് വഴി കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം.

എയർലൈനുകൾ വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ വിസ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, ഖസർ അൽ വതൻ, യാസ് ഐലൻഡ് തുടങ്ങി വിനോദവും സംസ്കാരവും സമന്വയിക്കുന്ന ഒട്ടനവധി കാഴ്ചകളാണ് അബുദാബിയിൽ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. വിസ ചെലവുകൾ ലാഭിച്ച് അബുദാബിയുടെ ഭംഗി കൂടുതൽ ആസ്വദിക്കാൻ ഇന്ത്യൻ സഞ്ചാരികൾക്ക് ലഭിക്കുന്ന മികച്ച അവസരമാണിത്.