Lemon Peels: നാരങ്ങാത്തൊലിക്ക് ഇത്രയും ഗുണങ്ങളോ! അച്ചാറിടാൻ മാത്രമല്ല, 5 ഉപകാരങ്ങൾ വേറെയും
DIY Uses for Lemon Peels: നമ്മൾ സാധാരണയായി നാരങ്ങ വാങ്ങിച്ചാൽ അതിന്റെ നീരെടുത്ത ശേഷം തൊലി കളയുകയാണ് പതിവ്. ചിലർ മാത്രം അത് അച്ചാറിടാറുണ്ട്. എന്നാൽ ഉപയോഗശേഷം വലിച്ചെറിയുന്ന നാരങ്ങാത്തൊലികളിൽ ധാരാളം സിട്രിക് ആസിഡും പ്രകൃതിദത്ത എണ്ണകളും അടങ്ങിയിട്ടുണ്ട്. വീട് വൃത്തിയാക്കാനും സൗന്ദര്യം വർദ്ധിപ്പിക്കാനും ഇവ എങ്ങനെ എളുപ്പത്തിൽ പ്രയോജനപ്പെടുത്താം എന്ന് നോക്കിയാലോ...

ഹോംമെയ്ഡ് മൾട്ടി-പർപ്പസ് ക്ലീനർ ആണ് ആദ്യത്തെ വഴി. ഇതിനായി, ഒരു ഗ്ലാസ് ജാറിലേക്ക് നന്നായി നാരങ്ങാത്തൊലികൾ നിറച്ച ശേഷം അതിലേക്ക് വെള്ള വിനാഗിരി ഒഴിക്കുക. ഇത് 2 ആഴ്ചത്തേക്ക് അടച്ചു സൂക്ഷിക്കുക. പിന്നീട് ഈ ലായനി അരിച്ച് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി, അല്പം വെള്ളം കൂടി ചേർത്ത് നേർപ്പിക്കുക. അടുക്കളയിലെ സ്ലാബ്, ഗ്ലാസ് ജനലുകൾ, ടേബിളുകൾ എന്നിവ വൃത്തിയാക്കാൻ ഇത് മികച്ചതാണ്. (Image Credit source: Getty Images)

ഫ്രിഡ്ജ് ഡിയോഡറൈസർ ആയും നാരങ്ങ തൊലി ഉപയോഗിക്കാം. ഒരു ചെറിയ പാത്രത്തിൽ ഉപ്പും ഉണങ്ങിയ നാരങ്ങാത്തൊലിയും ചേർത്ത് ഫ്രിഡ്ജിന്റെ ഒരു മൂലയിൽ വെക്കുക. ഫ്രിഡ്ജിൽ ഭക്ഷണസാധനങ്ങൾ വെക്കുന്നത് മൂലം ഉണ്ടാകുന്ന ദുർഗന്ധം പൂർണ്ണമായും അകറ്റാൻ ഇത് സഹായിക്കുന്നതാണ്.

ഒരു മൈക്രോവേവ് സേഫ് പാത്രത്തിൽ വെള്ളവും കുറച്ച് നാരങ്ങാത്തൊലിയും എടുത്ത് 3 മുതൽ 5 മിനിറ്റ് വരെ ഹൈ പവറിൽ ചൂടാക്കുക. ഇതിലൂടെ ഉണ്ടാകുന്ന ആവി മൈക്രോവേവ് ഓവന്റെ ഉള്ളിലുള്ള കട്ടിപിടിച്ച കറയും എണ്ണമയവും ഇളക്കാൻ സഹായിക്കും. ശേഷം ഒരു തുണികൊണ്ട് തുടച്ചെടുത്താൽ ഓവൻ പുത്തൻ പോലെ തിളങ്ങും.

ശരീരത്തിന് തിളക്കം നൽകുന്ന ബോഡി സ്ക്രബ് ആയും ഇത് ഉപയോഗിക്കാം. നാരങ്ങാത്തൊലി നന്നായി ഉണക്കിപ്പൊടിച്ചതിലേക്ക് അല്പം പഞ്ചസാരയും വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്യുക. കുളിക്കുന്നതിന് മുമ്പ് ഇത് കൈകാലുകളിൽ തേച്ച് മൃുവായി മസാജ് ചെയ്താൽ മൃതകോശങ്ങൾ നീങ്ങി ചർമ്മം മൃദുവാകുകയും തിളക്കം വെക്കുകയും ചെയ്യും.

ഉണക്കിയ നാരങ്ങാത്തൊലി കഷ്ണങ്ങൾ, കറുപ്പുവട്ടക്കഷ്ണങ്ങൾ, ഗ്രാമ്പു എന്നിവ ഒരു ചെറിയ തുണി സഞ്ചിയിലോ തുറന്ന പാത്രത്തിലോ മുറികളിൽ വെക്കുക. മുറികളിലും അലമാരകളിലും നല്ല സുഗന്ധം നിലനിർത്താൻ ഈ പ്രകൃതിദത്ത എയർ ഫ്രെഷ്ണർ സഹായിക്കും.