Kitchen Gardening: ഏക്കറുകളൊന്നും വേണ്ട, വെറും 5 ചട്ടിയിൽ അടുക്കളത്തോട്ടം ഒരുക്കാം
How to Start a Kitchen Garden: ഫ്ലാറ്റുകളിലോ സ്ഥലപരിമിതിയുള്ള വീടുകളിലോ താമസിക്കുന്നവർക്ക് പച്ചക്കറി കൃഷി ചെയ്യുക എന്നത് ഒരു വെല്ലുവിളിയായി തോന്നാം. എന്നാൽ വലിയ മുറ്റമോ വിശാലമായ സ്ഥലമോ ഇല്ലാതെ തന്നെ, വെറും 5 ഗ്രോ ബാഗുകൾ അല്ലെങ്കിൽ ചട്ടികൾ ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിലേക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കാം. അടുക്കളത്തോട്ടം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഇത് അറിഞ്ഞോളൂ.....

അടുക്കളയിൽ ദിവസവും ആവശ്യമുള്ള ഒന്നാണ് പച്ചമുളക്. അതുപോലെ അധികം പരിപാലനം ആവശ്യമില്ലാത്ത ഒരു ചട്ടിയിൽ വളർത്താൻ സാധിക്കുന്ന പ്രധാന ഇനമാണിത്. നല്ല പ്രതിരോധശേഷിയുള്ള നാടൻ ഇനങ്ങളോ വിപണിയിൽ ലഭിക്കുന്ന നല്ലയിനം വിത്തുകളോ തിരഞ്ഞെടുക്കാം. (Image Credit source: Getty Images)

മലയാളി അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. കടകളിൽ നിന്ന് വാങ്ങുന്ന വേപ്പിലയിൽ അമിതമായി കീടനാശിനികൾ തളിക്കാൻ സാധ്യതയുള്ളതിനാൽ വീട്ടിൽ തന്നെ രാസകീടനാശിനികളില്ലാതെ കറിവേപ്പില വളർത്തിയെടുക്കാം. കറിവേപ്പിലയുടെ ചുവട്ടിൽ നിന്ന് മുളച്ചുവരുന്ന തൈകളോ വിത്തു മുളപ്പിച്ച തൈകളോ നടാനായി ഉപയോഗിക്കാം. കമ്പുകൾ മുറിച്ചു നട്ടാലും വേരുപിടിക്കും.

പെട്ടെന്ന് വിളവെടുക്കാവുന്നതും പോഷകസമ്പന്നവുമായ ചീര വളർത്താൻ വലിയ ചട്ടികളുടെ പോലും ആവശ്യമില്ല. പരന്ന ചെറിയ ചട്ടികളിലോ പ്ലാസ്റ്റിക് ഡപ്പികളിലോ പോലും ചീര നന്നായി വളരും. നല്ല നീർവാർച്ചയുള്ള മണ്ണാണ് ചീരയ്ക്ക് ആവശ്യം. മേൽമണ്ണ്, ചകിരിച്ചോറ്, ഉണങ്ങിയ ചാണകപ്പൊടി സമമായി കലർത്തി ഗ്രോ ബാഗിലോ ചട്ടിയിലോ നിറയ്ക്കാം.

വീട്ടുമുറ്റത്തോ ബാൽക്കണിയിലോ നല്ല വെയിൽ കിട്ടുന്നിടത്ത് ഒരു തക്കാളി തൈ വെച്ചാൽ അടുക്കളയിലേക്ക് ആവശ്യമായ തക്കാളി വീട്ടിൽ തന്നെ ലഭിക്കും. നല്ല ഗുണമേന്മയുള്ള വിത്തുകൾ അല്ലെങ്കിൽ വിപണിയിൽ ലഭിക്കുന്ന ഹൈബ്രിഡ് വിത്തുകൾ തിരഞ്ഞെടുക്കുക. വിത്തുകൾ നേരിട്ട് തടത്തിലോ ഗ്രോ ബാഗിലോ പാകാതെ, ചകിരിച്ചോറും ചാണകപ്പൊടിയും നിറച്ച ട്രേകളിലോ ചെറിയ കപ്പുകളിലോ പാകി തൈകൾ മുളപ്പിച്ചെടുക്കുക.

കടകളിൽ നിന്ന് വാങ്ങുന്ന പുതിനയുടെ തണ്ട് ഉപയോഗിച്ചോ മല്ലി വിത്തുകൾ വിതറിയോ അഞ്ചാമത്തെ ചട്ടിയിൽ ഇലക്കറികൾ വളർത്താം. കടയിൽ നിന്ന് വാങ്ങുന്ന പുതിനയിൽ നിന്ന് നല്ല കരുത്തുള്ള, തടിയുള്ള തണ്ടുകൾ തിരഞ്ഞെടുക്കുക. പുതിനയ്ക്ക് 3–4 മണിക്കൂർ കടുത്ത വെയിൽ ലഭിച്ചാൽ മതിയാകും.