വെറുതെ പോയി അങ്ങ് വെള്ളം ഒഴിക്കല്ലെ…. പണി മേടിക്കും! ഇലക്ട്രിക് വാഹനങ്ങൾ ഇങ്ങനെ വേണം കഴുകാൻ
Electric Scooter Care Tips : ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ന് ഭൂരിഭാഗം പേരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പെട്രോൾ സ്കൂട്ടറുകളെ അപേക്ഷിച്ച് മെയിന്റനൻസ് താരതമ്യേന കുറവാണെങ്കിലും ഇവ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതിൽ ഏറ്റവും സൂക്ഷിക്കേണ്ടത് വാഹനം കഴുകുന്ന ഘട്ടത്തിലാണ്. എങ്ങനെ സുരക്ഷിതമായി ഇലക്ട്രിക് സ്കൂട്ടറുകൾ കഴുകാം എന്ന് നോക്കിയാലോ.

ഇലക്ട്രിക് സ്കൂട്ടർ കഴുകുന്നതിന് മുമ്പ് പവർ കൃത്യമായി ഓഫ് ചെയ്തിരിക്കണം. ഒരിക്കലും ചാർജ് ചെയ്തുകൊണ്ട് വാഹനം കഴുകരുത്. ചാർജിംഗ് പോർട്ടിന്റെ ക്യാപ്പ് പൂർണ്ണമായും അടച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. വാഹനം ഓടി വന്ന ഉടനെ തന്നെ കഴുകാതെ ബാറ്ററിയും മോട്ടറും നന്നായി തണുക്കുന്നത് വരെ കാത്ത് നിൽക്കുക. സ്വിറ്റ്ച്ചുകളിലേക്കും ചാർജിംഗ് പോർട്ടുകളിലേക്കും നേരിട്ട് വെള്ളം അടിക്കാതിരിക്കുക. ( Image Credit Source Getty Images )

അമിതമായി പ്രഷർ നൽകാതെ വേണം വെള്ളം അടിയ്ക്കുവാൻ. പ്രഷർ വാഷർ ഉപയോഗിക്കാതെ കഴുകുന്നതാണ് ഒരു പരിധിവരെ നല്ലത്. ഏതെങ്കിലും കാരണവശാൽ ഉള്ളിലുള്ള കംപോണൻസുകളിലേക്ക് വെള്ളം എത്തിയാൽ അവ ഷോർട്ടാകാൻ സധ്യതയുള്ളതിനാലാണ് ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കേണ്ടത്.

ബാറ്റി പാക്ക്, മോട്ടർ, കൺട്രോളർ എന്നിവ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിലേക്ക് നേരിട്ട് വെള്ളം ഒഴിക്കാതിരിക്കുക. സെന്റർ സ്റ്റാന്റിൽ വച്ച് കഴുകുന്നതാകും ഏറ്റവും അഭികാമ്യം. ഹബ് മോട്ടർ ഉള്ള ഭഗത്ത് കട്ടിയുള്ള ചെളി അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ അത് ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ് നല്ലത്.

ബെൽറ്റ് ഡ്രൈവാണ് സ്കൂട്ടറിന് വരുന്നത് എങ്കിൽ അവിടെയും സമാന രീതിയിൽ ബ്രഷ് ഉപയോഗിക്കുന്നതാകും നല്ലത്. ഡിസ്ക് ബ്രേക്ക് വരുന്ന മോഡലാണെങ്കിൽ ആ ഭാഗം കഴുകുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വീട്ടിൽ ഉപയോഗിക്കുന്ന സാധാരണ ഷാംപുവോ, സോപ്പോ ഒഴിവാക്കുക. വാഹനങ്ങൾ കഴുകുന്ന ഷാംപു ഇല്ലെങ്കിൽ വെള്ളം മാത്രം ഒഴിച്ച് ഇവിടം വൃത്തിയാക്കിയാൽ മതിയാകും.

സ്കൂട്ടറുകൾ കഴുകി കഴിഞ്ഞാൽ ഉടനെ തന്നെ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കാതിരിക്കുക. വാഹനത്തിന്റെ സ്വിച്ചുകളുടെ ഭാഗവും കീ ഹോളിന്റെ ഭാഗവും ചാർജിംഗ് പോർട്ടിന്റെ ഭാഗവും മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് തുടയ്ക്കുക. ശേഷം കുറഞ്ഞ് ഒരു പത്ത് മിനിറ്റ് എങ്കിലും സ്കൂട്ടർ വെറുതെ വയ്ക്കുക.