Indian Potato dishes: വട പാവ് മുതൽ ആലു ടിക്കി വരെ…. ഇന്ത്യയിലെ ഉരുളക്കിഴങ്ങ് വിഭവങ്ങൾക്കെന്താ ഇത്ര പ്രത്യേകത
Indian potato dishes achieved global recognition: സാധാരണക്കാരന്റെ ഭക്ഷണമായി കരുതപ്പെടുന്ന ഉരുളക്കിഴങ്ങ് വിഭവങ്ങൾക്ക് ലഭിച്ച ഈ ആഗോള അംഗീകാരം ഇന്ത്യൻ പാചകശൈലിയുടെ പ്രശസ്തി ഒരിക്കൽ കൂടി അടിവരയിടുന്നു.

ലോകത്തിലെ ഏറ്റവും മികച്ച 50 ഉരുളക്കിഴങ്ങ് വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ട് പ്രശസ്ത ഫുഡ് ഗൈഡായ 'ടേസ്റ്റ് അറ്റ്‌ലസ്'. ഭക്ഷണപ്രേമികളെ ആവേശത്തിലാക്കി ഇന്ത്യയിൽ നിന്നുള്ള നാല് വിഭവങ്ങളാണ് ഈ ആഗോള പട്ടികയിൽ ഇടംപിടിച്ചത്. മുംബൈയുടെ സ്വന്തം 'വട പാവ്' മുതൽ ഉത്തരേന്ത്യൻ സ്പെഷ്യലായ 'ആലു ടിക്കി' വരെ ഈ നേട്ടം കൈവരിച്ചു.

പട്ടികയിൽ 17-ാം സ്ഥാനത്തുള്ള വട പാവ് ആണ് ഇന്ത്യൻ വിഭവങ്ങളിൽ മുന്നിൽ. 1960-കളിൽ മുംബൈയിലെ മിൽ തൊഴിലാളികൾക്കായി ദാദറിൽ അശോക് വൈദ്യ തുടക്കമിട്ട ഈ വിഭവം ഇന്ന് സെലിബ്രിറ്റികളുടെ പോലും പ്രിയപ്പെട്ട ഭക്ഷണമാണ്.

ഉരുളക്കിഴങ്ങും കോളിഫ്ലവറും ചേർത്ത തയ്യാറാക്കുന്ന ആലൂ ഗോബി 29-ാം സ്ഥാനത്തും, മഹാരാഷ്ട്രയുടെ പ്രിയപ്പെട്ട ലഘുഭക്ഷണമായ ബടാറ്റ വട 40-ാം സ്ഥാനത്തുമുണ്ട്. തൈരും ചമ്മന്തിയും ചേർത്ത് കഴിക്കുന്ന ആലു ടിക്കി 44-ാം സ്ഥാനത്താണ്.

ആഗോളതലത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളും യൂറോപ്യൻ രാജ്യങ്ങളാണ് സ്വന്തമാക്കിയത്. ലാത്വിയയിൽ നിന്നുള്ള ഉരുളക്കിഴങ്ങ് പാൻകേക്കായ 'കാർട്ടുപെലു പാങ്കുക്കാസ്' ആണ് ഒന്നാം സ്ഥാനത്ത്. സ്ലൊവാക്യ, ലിത്വാനിയ എന്നിവിടങ്ങളിൽ നിന്നുള്ള വിഭവങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ, ഫ്രാൻസിന്റെ 'പോംസ് അന്ന', സ്പെയിനിന്റെ 'ടോർട്ടില്ല ഡി ബെറ്റാൻസോസ്' എന്നിവ നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സാധാരണക്കാരന്റെ ഭക്ഷണമായി കരുതപ്പെടുന്ന ഉരുളക്കിഴങ്ങ് വിഭവങ്ങൾക്ക് ലഭിച്ച ഈ ആഗോള അംഗീകാരം ഇന്ത്യൻ പാചകശൈലിയുടെ പ്രശസ്തി ഒരിക്കൽ കൂടി അടിവരയിടുന്നു.