KCL 2025: റിപ്പിൾസ് ക്യാപ്റ്റനടക്കം സെപ്തംബർ നാല് മുതൽ ഉണ്ടാവില്ല; ദുലീപ് ട്രോഫിയിൽ തിരിച്ചടി കെസിഎൽ ടീമുകൾക്ക്
Players To KCL Matches Because Of Duleep Trophy: കേരള ക്രിക്കറ്റ് ലീഗിലെ അവസാന മത്സരങ്ങളിൽ വിവിധ താരങ്ങൾ കളിക്കില്ല. ദുലീപ് ട്രോഫി ടീമിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്കാണ് മത്സരങ്ങൾ നഷ്ടമാവുക.

കേരള ക്രിക്കറ്റ് ലീഗിൽ ദുലീപ് ട്രോഫി പ്രതിസന്ധി. സെപ്തംബർ നാല് മുതൽ ദുലീപ് ട്രോഫി സെമിഫൈനൽ മത്സരങ്ങൾ ആരംഭിക്കുമ്പോൾ വിവിധ കെസിഎൽ ടീമുകളിലെ വിവിധ താരങ്ങൾ സൗത്ത് സോൺ ടീമിൽ കളിക്കും. ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ അടക്കം ദുലീപ് ട്രോഫിയിലുണ്ട്. (Image Courtesy- Social Media)

സെപ്തംബർ നാലിന് ദുലീപ് ട്രോഫി സെമിഫൈനൽ ആരംഭിക്കുന്നതിനാൽ അതിന് രണ്ട് മൂന്ന് ദിവസം മുൻപെങ്കിലും താരങ്ങൾ ക്യാമ്പിലെത്തേണ്ടിവരും. സെപ്തംബർ നാലിന് കേരള ക്രിക്കറ്റ് ലീഗിലെ അവസാന ഗ്രൂപ്പ് മത്സരമാണ്. സെമിയും ഫൈനലും അതിന് ശേഷമുള്ള ദിവസങ്ങളിൽ.

ദുലീപ് ട്രോഫി സൗത്ത് സോൺ ടീമിൽ നാല് കേരള താരങ്ങളാണ് ഉള്ളത്. മുഹമ്മദ് അസ്ഹറുദ്ദീൻ ടീം വൈസ് ക്യാപ്റ്റനാണ്. ഹൈദരാബാദ് താരം തിലക് വർമ്മ ടീമിനെ നയിക്കും. അസ്ഹറിനൊപ്പം സൽമാൻ നിസാർ, ബേസിൽ എൻപി, നിഥീഷ് എംഡി എന്നീ കേരള താരങ്ങളും സൗത്ത് സോണിലുണ്ട്.

ദുലീപ് ട്രോഫിയിൽ ആലപ്പി റിപ്പിൾസിനാണ് ഏറ്റവും വലിയ നഷ്ടം. ക്യാപ്റ്റനും ടീമിലെ പ്രധാന താരവുമായ മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം പേസ് ബൗളർ ബേസിൽ എൻപിയും ആലപ്പി താരമാണ്. സൽമാൻ നിസാർ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് അംഗമാണ്. തൃശൂർ ടൈറ്റൻസിലാണ് നിഥീഷ് കളിക്കുന്നത്

ചരിത്രത്തിലാദ്യമായാണ് ദുലീപ് ട്രോഫിയിൽ നാല് കേരള താരങ്ങൾ ഉൾപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ദുലീപ് ട്രോഫി കേരള ടീമിന് നിർണായകമാണ്. സെപ്തംബർ നാലിന് കളി ആരംഭിക്കുമെന്നതിനാൽ സെപ്തംബർ രണ്ടിനെങ്കിലും താരങ്ങൾ ടീമിനൊപ്പം ചേരേണ്ടിവരും.