Gulf – Kerala Flight Service: ഗൾഫ് മേഖലയിലെ വ്യോമ ഗതാഗതം ഇനി എന്ന് പഴയപോലാകും? കേരളത്തിൽ നിന്നുള്ള സർവ്വീസുകൾ
Gulf Airspace Crisis: തിരുവനന്തപുരത്തു നിന്നും ഇന്നലെ ഗൾഫ് മേഖലയിലേക്ക് 7 സർവീസുകൾ മാത്രമാണ് നടത്താനായത്. അതേസമയം, 21 സർവീസുകൾ റദ്ദാക്കേണ്ടി വന്നത് യാത്രക്കാരെ വലച്ചു.
ദുബായ്: ഗൾഫ് മേഖലയിലെ ആകാശപാതകളിൽ നിലനിൽക്കുന്ന അനിശ്ചിതത്വം മൂലം വ്യോമ ഗതാഗതം ഇനിയും പൂർണ്ണസ്ഥിതിയിലായില്ല. സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിലവിൽ വിമാന സർവീസുകൾ സാധാരണ നിലയിൽ നടക്കുന്നുണ്ടെങ്കിലും മറ്റ് മേഖലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ബഹ്റൈൻ തങ്ങളുടെ വ്യോമപാത പൂർണ്ണമായും അടച്ചിട്ടത് പ്രവാസികളെയും വിനോദസഞ്ചാരികളെയും വലിയ തോതിൽ ബാധിച്ചു.
നിയന്ത്രണങ്ങൾക്കിടയിലും ചില പ്രധാന സെക്ടറുകളിൽ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർലൈനുകൾ അറിയിച്ചു. ഖത്തറിൽ നിന്ന് ഇന്ന് കൊച്ചിയിലേക്ക് ഖത്തർ എയർവേയ്സ് സർവീസ് നടത്തുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. അതുപോലെ, അബുദാബിയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും ഇത്തിഹാദ് എയർവേയ്സ് ഇന്ന് സർവീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ വിമാനത്താവളങ്ങളിലെ പ്രതിസന്ധി
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഗൾഫ് സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെയാണ് വഴിയിലാക്കിയത്. ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് കോഴിക്കോട്ടാണ്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന 14 വിമാനങ്ങളും ഇന്ന് പോകേണ്ട 13 വിമാനങ്ങളും ഇതിനോടകം റദ്ദാക്കി. വരും ദിവസങ്ങളിലും സ്ഥിതി സങ്കീർണ്ണമാണ്; നാളെ പുറപ്പെടേണ്ട 10 വിമാനങ്ങൾ കൂടി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ കോഴിക്കോട്ടേക്ക് എത്തേണ്ടിയിരുന്ന 39 വിമാന സർവീസുകളും നിലച്ചതോടെ വിമാനത്താവളം വലിയ തിരക്കിനും യാത്രക്കാരുടെ പ്രതിഷേധത്തിനും സാക്ഷ്യം വഹിക്കുന്നു.
തിരുവനന്തപുരത്തു നിന്നും ഇന്നലെ ഗൾഫ് മേഖലയിലേക്ക് 7 സർവീസുകൾ മാത്രമാണ് നടത്താനായത്. അതേസമയം, 21 സർവീസുകൾ റദ്ദാക്കേണ്ടി വന്നത് യാത്രക്കാരെ വലച്ചു. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കൊച്ചിയിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്താനായി. ഇന്നലെ വിവിധ ഗൾഫ് സെക്ടറുകളിലേക്ക് 29 വിമാനങ്ങൾ കൊച്ചിയിൽ നിന്ന് പറന്നുയർന്നു. എങ്കിലും പല വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തുന്നത്.
വ്യോമപാതയിലെ മാറ്റങ്ങൾ കാരണം പല വിമാനങ്ങളും ദീർഘദൂര പാതകളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഇത് യാത്രാ സമയം വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.