Coconut Price: തേങ്ങ വില ഉയരുന്നു, നൂറ് രൂപയ്ക്ക് എത്ര വാങ്ങാം?
Kerala Coconut Price Hike: തേങ്ങ വില ഉയരുന്നതോടെ വെളിച്ചെണ്ണ വിലയും വർദ്ധിക്കും. കൂടാതെ, തമിഴ്നാട് ലോബിയുടെ നീക്കങ്ങളും തിരിച്ചടിയാകും.

ആശ്വാസങ്ങൾക്ക് അറുതിവരുത്തി സംസ്ഥാനത്തെ തേങ്ങ വില. കേരളത്തിലെ വിവിധയിടങ്ങളിൽ തേങ്ങ വില കൂടുന്നുണ്ട്. ഡിസംബറിൽ തേങ്ങയുടെ വില 85 രൂപ വരെ ഉയർന്നിരുന്നു. എന്നാൽ പിന്നീട് വില 55 രൂപയിലേക്ക് വീണു. ഇപ്പോഴിതാ, വില വീണ്ടും ഉയരുകയാണ്.

സംസ്ഥാനത്ത്, വിവിധയിടങ്ങളിൽ കിലോയ്ക്ക് ഏകദേശം 70 രൂപ അടുപ്പിച്ചാണ് തേങ്ങ വില. സീസൺ മാറ്റങ്ങളും ഉൽപാദനത്തിലെ കുറവുമാണ് നിലവിലെ ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിലെ വിപണി വിലയനുസരിച്ച് 100 രൂപയ്ക്ക് ഒന്നോ രണ്ടോ തേങ്ങകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ.

മണ്ഡല-മകരവിളക്ക് കാലത്ത് നെയ്‌ത്തേങ്ങയ്ക്കും വഴിപാട് തേങ്ങയ്ക്കും ഡിമാൻഡ് വർദ്ധിച്ചിരുന്നു. കൂടാതെ, കാലാവസ്ഥാ വ്യതിയാനവും തെങ്ങുകളെ ബാധിച്ച രോഗങ്ങളും കാരണം പലയിടങ്ങളിലും നാളികേര ഉൽപാദനത്തിൽ കുറവ് വരുത്തിയതായാണ് വിവരം.

തേങ്ങ വില ഉയരുന്നതോടെ വെളിച്ചെണ്ണ വിലയും വർദ്ധിക്കും. കൂടാതെ, തമിഴ്നാട് ലോബിയുടെ നീക്കങ്ങളും തിരിച്ചടിയാകും. കൊപ്രയുടെ വലിയ ശേഖരം പൂഴ്ത്തി വച്ച് കൃത്രിമക്ഷാമമുണ്ടാക്കി വില വീണ്ടുമുയർത്താനുള്ള തന്ത്രങ്ങളാണ് തമിഴ്നാട് ലോബി ആസൂത്രണം ചെയ്യുന്നത്.

കൊപ്ര പൂഴ്ത്തിവച്ച് കൃത്രിമമായി ക്ഷാമമുണ്ടാക്കി കൊള്ളവിലയ്ക്ക് വിൽക്കാനാണ് നീക്കം. വെളിച്ചെണ്ണ വില വീണ്ടും ഉയർന്നാൽ വലിയ തിരിച്ചടിയാകും വ്യാപാരികൾക്ക് നൽകുന്നത്. കൂടാതെ മലയാളികളുടെ അടുക്കള ബജറ്റും താളം തെറ്റും. (Image Credit: Getty Images)