Makara Jyothi 2026 Timings: പുണ്യദര്‍ശനം കാത്ത് ഭക്ത ലക്ഷങ്ങള്‍; മകരജ്യോതി എപ്പോള്‍, എങ്ങനെ കാണാം?
Makara Jyothi Darshanam 2026: ലക്ഷക്കണക്കിന് അയപ്പ ഭക്തന്മാരാണ് വ്രതംനോറ്റ് കാത്തിരുന്ന് മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും നടത്താൻ സനിധാനത്ത് എത്തുന്നത്.

ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. ലക്ഷക്കണക്കിന് അയപ്പ ഭക്തന്മാരാണ് വ്രതംനോറ്റ് കാത്തിരുന്ന് മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും നടത്താൻ സനിധാനത്ത് എത്തുന്നത്. മകരവിളക്കിനായുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചിരുന്നു. (Image Credits: PTI)

മകരവിളക്ക് മഹോത്സവത്തിനായി ശുദ്ധിക്രിയകൾ ഉൾപ്പെടെ സന്നിധാനത്ത് പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് നട അടയ്ക്കുന്നത്. ഉച്ചകഴിഞ്ഞ് 3.08ന് സംക്രമാഭിഷേകം നടക്കും.

പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിൽ എത്തിച്ചേരും. 6:20 ഓടെ ഘോഷയാത്ര സന്നിധാനത്ത് എത്തും. വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കും.

പ്രധാനമായും സന്നിധാനം, പാണ്ടിത്താവളം, ശരംകുത്തി, മരക്കൂട്ടം, പുല്‍മേട്, ഹില്‍ടോപ്പ്, നീലിമല, ചാലക്കയം, അട്ടത്തോട് എന്നിങ്ങനെ 9 സ്ഥലങ്ങളില്‍ നിന്ന് മകരവിളക്ക് ഭക്തര്‍ക്ക് ദര്‍ശിക്കാവുന്നതാണ്. ഇതിനു പുറമെ പ്രമുഖ വാർത്ത ചാനലുകളിലും തത്സസമയം മകരജ്യോതി ദര്‍ശനം കാണാൻ കഴിയും

മകരജ്യോതി ദർശനം കഴിഞ്ഞ് വരുന്നവർ പാണ്ടിത്താവളത്തുനിന്ന് ദർശൻ കോംപ്ലക്‌സിന് പിൻഭാഗത്തിലൂടെ, നടപ്പന്തലിന് പിൻഭാഗം വഴി കൊപ്രാക്കളം, ട്രാക്റ്റർ റോഡിലൂടെ, കെഎസ്ഇബി ജങ്ഷനിലെത്താൻ സാധിക്കും. പാണ്ടിത്താവളം ജങ്ഷനിൽനിന്ന് മാളികപ്പുറം ഭാഗത്തുള്ള ഇറക്കം വഴി, പോലീസ് ബാരക്ക്, ബെയ്‌ലി പാലം വഴി ചന്ദ്രാനന്ദൻ റോഡിലെത്തും. നടപ്പന്തലിന്റെ മധ്യഭാഗം വഴി കെഎസ്ഇബി ജങ്ഷനിലെത്തും.