Malavika Jayaram: ‘വിവാഹം കഴിഞ്ഞതുകൊണ്ടാണോ അഭിനയിക്കാത്തത്’? ആ തീരുമാനമെടുത്തത് ഒറ്റകാരണം കൊണ്ടെന്ന് മാളവിക ജയറാം
Malavika Jayaram Opens Up About Acting: വിവാഹത്തിന് മുൻപും സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും വിവാഹം കഴിഞ്ഞിട്ടും അഭിനയിക്കണമെന്ന് ചിന്തിച്ചിട്ടില്ലെന്നും മാളവിക പറഞ്ഞു.

മലയാളികൾക്ക് ഏറെ സുപരിചിതമാണ് നടൻ ജയറാമിന്റെ കുടുംബം. കഴിഞ്ഞ വർഷമാണ് മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹം നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ അച്ഛനും മകനും വീണ്ടും ഒരുമിച്ച സിനിമയിലെത്താൻ പോകുന്നു. (Image Credits:Instagram)

25 വർഷങ്ങൾക്ക് ശേഷമാണ് ജയറാമും മകൻ കാളിദാസും വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിലൊരുങ്ങുന്ന ആശകൾ ആയിരം എന്ന ചിത്രത്തിലാണ് ജയറാമും കാളിദാസും എത്തുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നിരുന്നു.

ചടങ്ങിൽ ജയറാമിന്റെ കുടുംബം പങ്കെടുത്തിരുന്നു. ഇതിനിടെയിൽ മകൾ മാളവികയോട് ആരാധകർ ചോദിച്ച ചോദ്യത്തിനുളള മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അച്ഛനും ചേട്ടനും സിനിമയിൽ സജീവമായിട്ടും മാളവിക എന്താണ് സിനിമയിൽ അഭിനയിക്കാത്തതെന്നായിരുന്നു ചോദ്യം.

ഭർത്താവാണോ അനുവദിക്കാത്തതെന്നും ആരാധകർ ചോദിച്ചു. എന്നാൽ സിനിമയിൽ അഭിനയിക്കുന്നതിനെപറ്റി ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നാണ് മാളവിക പറയുന്നത്. വിവാഹത്തിന് മുൻപും സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും വിവാഹം കഴിഞ്ഞിട്ടും അഭിനയിക്കണമെന്ന് ചിന്തിച്ചിട്ടില്ലെന്നും മാളവിക പറഞ്ഞു.

താൻ അച്ഛനോടൊപ്പം ഒരു പരസ്യത്തിൽ അഭിനയിച്ചിരുന്നു. പക്ഷെ സിനിമയിൽ അഭിനയിക്കാൻ താൽപര്യം കുറവാണ്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ തോന്നാറുണ്ട്. താൻ കംഫർട്ട് അല്ല. തനിക്കനുസരിച്ചുളള ക്രൂ ആയാലേ അഭിനയിക്കാൻ സാധിക്കുളളൂവെന്നാണ് മാളവിക പറയുന്നത്.

അച്ഛനും ചേട്ടനും ഒരുമിച്ചുളള സിനിമ വരാൻ പോകുകയാണ്. അവർക്ക് വലുതായി അഭിനയിക്കേണ്ടി വരില്ല. വീട്ടിൽ എങ്ങനെയാണോ അതുപോലെയായിരിക്കും ലൊക്കേഷനിലുമെന്നാണ് മാളവിക പറയുന്നത്. 25 വർഷം മുൻപ് അവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ ഫീലായിരിക്കും പുതിയ സിനിമയിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോകുന്നത്. അതിൽ സംശയമൊന്നുമില്ല എന്നാണ് താരപുത്രി പറയുന്നത്.