Matthew Breetzke: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ സവിശേഷ റെക്കോർഡുമായി മാത്യു ബ്രീറ്റ്സ്കെ; സ്വപ്നക്കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്കൻ താരം
Matthew Breetzke Record In ODIs: ഏകദിന ക്രിക്കറ്റിൽ റെക്കോർഡിട്ട് മാത്യു ബ്രീറ്റ്സ്കെ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലാണ് താരം റെക്കോർഡ് സ്വന്തമാക്കിയത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ സവിശേഷ റെക്കോർഡുമായി ദക്ഷിണാഫ്രിക്കൻ താരം മാത്യു ബ്രീറ്റ്സ്കെ. ആദ്യ അഞ്ച് ഏകദിന ഇന്നിംഗ്സുകളിലും ഫിഫ്റ്റി പ്ലസ് സ്കോർ നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് റെക്കോർഡ് നേട്ടം. (Image Courtesy- Social Media)

ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന രണ്ടാം മത്സരത്തിൽ ബ്രീറ്റ്സ്കെ 77 പന്തിൽ 85 റൺസ് നേടി പുറത്തായിരുന്നു. ഇതോടെയാണ് താരം റെക്കോർഡ് തികച്ചത്. ലോർഡ്സിൽ ഒരു ദക്ഷിണാഫ്രിക്കൻ ബാറ്ററുടെ ഏറ്റവും ഉയർന്ന ഏകദിന സ്കോർ എന്ന റെക്കോർഡും താരം സ്വന്തമാക്കി.

മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ ബ്രീറ്റ്സ്കെ ആയിരുന്നു. ആദ്യ അഞ്ച് ഏകദിനങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും നാല് അർദ്ധസെഞ്ചുറിയും സഹിതം 463 റൺസാണ് ബ്രീറ്റ്സ്കെ നേടിയത്. 150 ആണ് താരത്തിൻ്റെ ഉയർന്ന ഏകദിന സ്കോർ. 92.6 ആണ് ശരാശരി.

മത്സരത്തിൽ ദക്ഷിണാഫ്രിക്ക തകർപ്പൻ വിജയം കുറിച്ചു. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 330 റൺസെടുത്ത ദക്ഷിണാഫ്രിക്കയ്ക്കായി ബ്രീറ്റ്സ്കെയെ കൂടാതെ ട്രിസ്റ്റൻ സ്റ്റബ്സ് (58), എയ്ഡൻ മാർക്രം (49), ഡെവാൾഡ് ബ്രെവിസ് (42) എന്നിവരും തിളങ്ങി.

മറുപടി ബാറ്റിംഗിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 325 റൺസ് നേടാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളൂ. ജോ റൂട്ട് (61), ജോസ് ബട്ട്ലർ (61), ജേക്കബ് ബെഥൽ (58) എന്നിവർ ഇംഗ്ലണ്ടിനായി അർദ്ധസെഞ്ചുറികൾ നേടി. പരമ്പരയിലെ ആദ്യ മത്സരത്തിലും വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയും സ്വന്തമാക്കി.