Mohammed Shami: ‘മാച്ച് ഫിറ്റല്ലാത്ത’ ഷമി രഞ്ജിയിലെ ആദ്യ കളി നേടിയത് ഏഴ് വിക്കറ്റുകൾ; സോഷ്യൽ മീഡിയയിൽ ചർച്ച
Mohammed Shami In Ranji Trophy: രഞ്ജി ട്രോഫിയിൽ തകർത്തെറിഞ്ഞ് മുഹമ്മദ് ഷമി. ആദ്യ കളി ഷമി നേടിയത് ഏഴ് വിക്കറ്റുകളാണ്.

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡിനെതിരെ മുഹമ്മദ് ഷമി നേടിയത് ഏഴ് വിക്കറ്റുകൾ. മാച്ച് ഫിറ്റല്ലെന്ന് കഴിഞ്ഞ ദിവസം അജിത് അഗാർക്കർ പറഞ്ഞ ഷമിയാണ് രണ്ട് ഇന്നിംഗ്സുകളിലായി 39 ഓവറുകളെറിഞ്ഞ് ഏഴ് വിക്കറ്റ് സ്വന്തമാക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. (Image Credits- PTI)

ഉത്തരാഖണ്ഡ് 213 റൺസിന് ഓൾ ഔട്ടായ ആദ്യ ഇന്നിംഗ്സിൽ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. വാലറ്റത്തെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്. 14.5 ഓവറുകളാണ് താരം എറിഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാൾ 323 റൺസ് നേടി പുറത്തായി.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 265 റൺസിൽ ഓൾ ഔട്ടായി. 24.4 ഓവർ എറിഞ്ഞ ഷമി നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ക്യാപ്റ്റൻ കുനാൽ ചന്ദേലയും വാലറ്റത്തെ മൂന്ന് വിക്കറ്റുകളും ഷമി നേടി. 156 റൺസിൻ്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗാൾ മറികടന്നു.

കഴിഞ്ഞ ദിവസമാണ് ഷമിയെ ടീമിലെടുക്കാത്തത് മാച്ച് ഫിറ്റല്ലാത്തതിനാലാണെന്ന് അഗാർക്കർ പറഞ്ഞത്. മാച്ച് ഫിറ്റായിരുന്നെങ്കിൽ ഷമി ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തിൽ ഉണ്ടാവുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഷമിയുടെ പ്രതികരണത്തിനുള്ള മറുപടിയായിരുന്നു ഇത്.

താൻ ദുലീപ് ട്രോഫി കളിച്ചെന്നും ഇപ്പോൾ രഞ്ജി കളിക്കുന്നുണ്ടെന്നും ഷമി പറഞ്ഞിരുന്നു. റെഡ് ബോൾ ക്രിക്കറ്റ് കളിക്കുന്ന തനിക്ക് ഏകദിനത്തിൽ കളിക്കാൻ ഫിറ്റ്നസുണ്ട് എന്നും ഷമി പറഞ്ഞു. ഈ അവകാശവാദത്തെയാണ് കഴിഞ്ഞ ദിവസം അഗാർക്കർ തള്ളിയത്.