Food Pyramid: ഡയറ്റ് നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്… ഇൻവേർട്ടഡ് പിരമിഡ് സ്റ്റൈൽ ഒന്നു പരീക്ഷിക്കൂ…
New US dietary guidelines 2025-2030: ഇന്ത്യക്കാരുടെ ഭക്ഷണത്തിൽ ഇപ്പോഴും 50 ശതമാനത്തോളം പ്രോട്ടീൻ ലഭിക്കുന്നത് ധാന്യങ്ങളിൽ നിന്നാണ്, ഇത് ഗുണനിലവാരം കുറഞ്ഞ രീതിയാണ്.

ഭക്ഷണത്തിലും ഉണ്ട് ഒരു ഇൻവേർട്ടഡ് പിരമിഡ് ശൈലി. ഡയറ്റ് പിന്തുടരുന്നവർ ശ്രദ്ധിക്കേണ്ട ഈ ശൈലിയെപ്പറ്റി നോക്കാം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഭക്ഷണക്രമത്തിന്റെ കേന്ദ്രബിന്ദു കാർബോഹൈഡ്രേറ്റിൽ (അരി, ഗോതമ്പ് തുടങ്ങിയവ) നിന്ന് പ്രോട്ടീനിലേക്ക് മാറിയിട്ടുണ്ട്. ഇതനുസരിച്ചു വേണം ഭക്ഷണ ക്രമീകരണം. പ്രതിദിനം ശരീരഭാരത്തിന്റെ ഓരോ കിലോയ്ക്കും 0.8 ഗ്രാം പ്രോട്ടീൻ എന്ന പഴയ കണക്ക് 1.2 മുതൽ 1.6 ഗ്രാം വരെയായി ഉയർത്തി.

ചരിത്രത്തിലാദ്യമായി, അതീവമായി സംസ്‌കരിച്ച ഭക്ഷണങ്ങൾ, ടിന്നിലടച്ച വിഭവങ്ങൾ, മധുരപാനീയങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാതൊരു വിധത്തിലുള്ള പഞ്ചസാരയും നൽകരുത്.

അമേരിക്കയിലും ഇന്ത്യയിലും വർദ്ധിച്ചു വരുന്ന അമിതവണ്ണം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചാണ് ഈ മാറ്റം. ഇന്ത്യയിൽ നിലവിൽ 10 കോടിയിലധികം ആളുകൾ പ്രമേഹബാധിതരാണെന്നത് ഗൗരവകരമാണ്.

1992-ൽ പുറത്തിറങ്ങിയ പഴയ ഫുഡ് പിരമിഡിൽ ധാന്യങ്ങൾക്ക് അമിത പ്രാധാന്യം നൽകിയത് ഭക്ഷ്യവ്യവസായ ഭീമന്മാരുടെ സമ്മർദ്ദം മൂലമാണെന്നും, ഇത് ലോകമെമ്പാടും അമിതവണ്ണം കൂടാൻ കാരണമായെന്നും പുതിയ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യക്കാരുടെ ഭക്ഷണത്തിൽ ഇപ്പോഴും 50 ശതമാനത്തോളം പ്രോട്ടീൻ ലഭിക്കുന്നത് ധാന്യങ്ങളിൽ നിന്നാണ്, ഇത് ഗുണനിലവാരം കുറഞ്ഞ രീതിയാണ്. പയർവർഗ്ഗങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, മുട്ട, ഇറച്ചി എന്നിവയിലൂടെ മതിയായ പ്രോട്ടീൻ കണ്ടെത്തുക എന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.