Ranji Trophy 2025: നിധീഷിന് അഞ്ച് വിക്കറ്റ് നേട്ടം; മഹാരാഷ്ട്രയുടെ ചെറുത്തുനില്പ് അവസാനിപ്പിച്ച് കേരളം
Kerala Maharashtra Ranji Trophy: കേരളത്തിനെതിരെ മഹാരാഷ്ട്ര 239 റൺസിന് ഓൾഔട്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എംഡി നിധീഷാണ് മഹാരാഷ്ട്രയെ തകർത്തത്.

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ മഹാരാഷ്ട്ര 239 റൺസിന് പുറത്ത്. കേരളത്തിനായി എംഡി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. ടോപ്പ് ഓർഡർ തകർന്നടിഞ്ഞ മത്സരത്തിൽ മധ്യനിരയുടെയും വാലറ്റത്തിൻ്റെയും പ്രകടനങ്ങളാണ് മഹാരാഷ്ട്രയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. (Image Courtesy- Social Media)

ആദ്യ നാല് താരങ്ങൾ പൂജ്യത്തിന് പുറത്തായ മഹാരാഷ്ട്ര അഞ്ച് റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു. 18 റൺസ് ആയപ്പോൾ അഞ്ചാം വിക്കറ്റും നഷ്ടപ്പെട്ടു. പിന്നീട് 91 റൺസ് നേടി ടോപ്പ് സ്കോററായ ഋതുരാജ് ഗെയ്ക്വാദിനൊപ്പം മധ്യനിരയും വാലറ്റവും ചേർന്ന് പൊരുതുകയായിരുന്നു.

8 വിക്കറ്റ് നഷ്ടത്തിൽ 223 റൺസെന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച മഹാരാഷ്ട്രയെ വേഗം തന്നെ കേരള ബൗളർമാർ മടക്കി അയച്ചു. രജനീഷ് ഗുർബാനിയെ മടക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചപ്പോൾ വിക്കി ഓസ്‌വാളിൻ്റെ (38) വിക്കറ്റ് വീഴ്ത്തി ബേസിൽ എൻപി ഇന്നിങ്സ് അവസാനിപ്പിച്ചു.

ഋതുരാജ് ഗെയ്ക്വാദിനൊപ്പം 49 റൺസ് നേടിയ ജലജ് സക്സേനയുടെ പ്രകടനവും മഹാരാഷ്ട്ര സ്കോറിൽ നിർണായകമായി. 122 റൺസാണ് ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഓസ്‌വാളിനൊപ്പം രാമകൃഷ്ണ ഘോഷും (31) മഹാരാഷ്ട്രയ്ക്കായി നിർണായക സംഭാവന നൽകി.

കേരളത്തിനായി നിധീഷ് എംഡി അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചപ്പോൾ ബേസിൽ എൻപി മൂന്ന് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശർമ്മയ്ക്കും ഈദൻ ആപ്പിൾ ടോമിനും ഓരോ വിക്കറ്റ് വീതമുണ്ട്. മഴ കാരണം വൈകി കളി ആരംഭിച്ചതിനാൽ വൈകിയാവും ഇന്ന് കളി അവസാനിക്കുക.