Fitness Test: രോഹിത് ശർമ്മയ്ക്ക് ഫിറ്റ്നസില്ലെന്ന് ഇനി പറയരുത്; ആദ്യ ശ്രമത്തിൽ തന്നെ പാസായി താരം
Rohit Sharma Fitness Test: ആദ്യ ശ്രമത്തിൽ തന്നെ ഫിറ്റ്നസ് ടെസ്റ്റ് പാസായി രോഹിത് ശർമ്മ. ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ തുടങ്ങിയവരും ഫിറ്റ്നസ് പാസായി.

ശുഭ്മൻ ഗില്ലും ജസ്പ്രീത് ബുംറയും ഫിറ്റ്നസ് ടെസ്റ്റ് പാസായി. ബെംഗളൂരുവിലെ ബിസിസിഐ സെൻ്റർ ഓഫ് എക്സലൻസിൽ വച്ച് നടന്ന ഫിറ്റ്നസ് ടെസ്റ്റിൻ്റെ ആദ്യ ശ്രമത്തിൽ തന്നെ ഇരുവരും ടെസ്റ്റ് പാസായെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ രോഹിതിൻ്റെ ഫിറ്റ്നസിനെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ അവസാനിച്ചു. (Image Credits- PTI)

ഫിറ്റ്നസ് ടെസ്റ്റ് പാസായതോടെ ഗിൽ ഉടൻ ഏഷ്യാ കപ്പിനായി ദുബായിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. ദുലീപ് ട്രോഫിയിൽ നോർത്ത് സോൺ ക്യാപ്റ്റനായിരുന്ന ശുഭ്മൻ ഗിൽ പനി ബാധിച്ചതിനെ തുടർന്ന് ടൂർണമെൻ്റിൽ നിന്ന് പിന്മാറിയിരുന്നു. സ്വന്തം നാട്ടിൽ വിശ്രമത്തിലായിരുന്നു താരം.

ഗില്ലിനും രോഹിതിനുമൊപ്പം ജസ്പ്രീത് ബുംറ, ജിതേഷ് ശർമ്മ, മുഹമ്മദ് സിറാജ്, യശസ്വി ജയ്സ്വാൾ, വാഷിംഗ്ടൺ സുന്ദർ ശാർദുൽ താക്കൂർ എന്നിവരും ഫിറ്റ്നസ് ടെസ്റ്റ് പാസായി. ബ്രോങ്കോ ടെസ്റ്റാണോ യോയോ ടെസ്റ്റാണോ നടന്നതെന്ന കാര്യത്തിൽ വ്യത്യസ്തമായ റിപ്പോർട്ടുകളുണ്ട്.

ഈ മാസം നടക്കുന്ന ഏഷ്യാ കപ്പിൽ യശസ്വി ജയ്സ്വാളും വാഷിംഗ്ടൺ സുന്ദറും ഏഷ്യാ കപ്പിലെ സ്റ്റാൻഡ്ബൈ താരങ്ങളാണ്. സെൻട്രൽ സോണിനെതിരെ സെപ്തംബർ നാലിന് ആരംഭിക്കുന്ന ദുലീപ് ട്രോഫി സെമിഫൈനലിൽ ശാർദുൽ താക്കൂർ വെസ്റ്റ് സോണിനെ നയിക്കും.

ടി20യിൽ നിന്ന് വിരമിച്ച രോഹിതിന് ഉടൻ മത്സരങ്ങളില്ല. നവംബറിലെ ഓസ്ട്രേലിയൻ പര്യടനമാണ് ഇനി രോഹിതിനുള്ളത്. അതിന് മുന്നോടിയായി ഓസ്ട്രേലിയ എയ്ക്കെതിരെ സെപ്തംബർ 30ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യ എയ്ക്കായി രോഹിത് ശർമ്മ കളിച്ചേക്കുമെന്ന് സൂചനയുണ്ട്.