Digital Gold: ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുന്നത് സൂക്ഷിച്ച് മതി; സുരക്ഷിതമല്ലെന്ന് സെബി മുന്നറിയിപ്പ്
SEBI Digital Gold Warning: സുരക്ഷിതമല്ലാത്ത പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിക്കുന്നത് നിക്ഷേപകരെ അപകടത്തില്‍ കൊണ്ടെത്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി സെബി.

സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് സംഭവിച്ചത്, ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും ഉയര്‍ത്തി. നിങ്ങളുടെ കൈവശമുള്ള ഏറ്റവും ചെറിയ തുക, ഉദാഹരണത്തിന് 10 രൂപയ്ക്ക് പോലും സ്വര്‍ണം വാങ്ങിക്കാനാകും എന്നതാണ് ഡിജിറ്റല്‍ ഗോള്‍ഡിന്റെ പ്രത്യേകത. വിവിധ ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്‌ഫോമുകള്‍ വഴി സ്വര്‍ണം വാങ്ങിച്ചവരും ധാരാളം. (Image Credits: Getty Images)

എന്നാല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വഴി സ്വര്‍ണം വാങ്ങിച്ചവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് സെബി. ഇന്ത്യയുടെ നിയന്ത്രണ ഏജന്‍സികളുടെ അംഗീകാരമില്ലാത്തവയാണ് പല പ്ലാറ്റ്‌ഫോമുകളെന്നും സെബി അറിയിച്ചു. ഡിജിറ്റല്‍ ഗോള്‍ഡ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന പല പ്ലാറ്റ്‌ഫോമുകള്‍ക്കും അംഗീകാരം നല്‍കിയിട്ടില്ലെന്നും അവയ്ക്ക് അപകട സാധ്യത കൂടുതലാണെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സെബി വ്യക്തമാക്കുകയായിരുന്നു.

ഡിജിറ്റല്‍ ഗോള്‍ഡ് അല്ലെങ്കില്‍ ഇ ഗോള്‍ഡില്‍ നിക്ഷേപിക്കുന്നതില്‍ യാതൊരുവിധ ഗ്യാരണ്ടിയുമില്ല. സ്വര്‍ണത്തില്‍ നിക്ഷേപിക്കാനായി ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്, ഇലക്ട്രോണിക് ഗോള്‍ഡ് റെസീപ്പ്റ്റ് എന്നിവ തിരഞ്ഞെടുക്കാമെന്നും സെബി ഉപദേശിക്കുന്നു.

ഇത്തരം നിക്ഷേപമാര്‍ഗങ്ങള്‍ സെബിയുടെ നിയന്ത്രണത്തിലാണ്, അതിനാല്‍ തന്നെ നിക്ഷേപം സുരക്ഷിതമാക്കാന്‍ സഹായിക്കുമെന്നും സെബി വ്യക്തമാക്കി.

ഡിജിറ്റല്‍ സ്വര്‍ണം വളരെ സൗകര്യപ്രദമാണ്, എന്നാല്‍ അപകട സാധ്യതയില്ലാത്ത പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വേണം വാങ്ങിക്കാനെന്ന് മാത്രം. നേരത്തെ ജ്വല്ലറികള്‍ ഇത്തരത്തിലുള്ള ചില പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ തന്നെ അതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.