Toyota Glanza Facelift: ഗ്ലാൻസയുടെ ലുക്ക് മാറും! ടീസറിൽ സൂചന നൽകി ടൊയോട്ട
Toyota Glanza Facelift Lauch Details: ഇന്ത്യൻ വാഹനലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഫേസ് ലിഫ്റ്റ് മോഡൽ ആണ് ടൊയോട്ടയുടെ ഗ്ലാൻസ - Glanza. ഈ വാഹനം ഓക്ടോബർ 14 നാണ് ടൊയോട്ട പുറത്തിറക്കുക എന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വാഹനത്തിന്റെ ലോഞ്ചിന് മുന്നോടിയായി ഒരു ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി.

പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ടീസർ പുതിയ ഫേസ് ലിഫ്റ്റിനെ കുറിച്ച് ചില വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. ഹാച്ച്ബാക്കിന്റെ മുൻഭാഗത്തെ കാണിച്ചുകൊണ്ടുള്ള ടീസറിൽ ഡിസൈൻ പരിഷ്കാരങ്ങൾ വരുത്തിയ പുതിയ ഗ്രില്ലും ബോണറ്റിന്റെ മുകളിലേക്ക് മാറ്റിസ്ഥാപിച്ച ടൊയോട്ടയുടെ ലോഗോ ബാഡ്ജും കാണാം. ( Image Credit Sourtce Toyota Website)

കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത മാരുതി ബലേനോ ഫേസ് ലിഫ്റ്റിന്റെ അതേ അടിസ്ഥാന ഘടന തന്നെയാണ് ഗ്ലാൻസയും പങ്കിടുന്നത്. നിലവിലുള്ള മോഡലുകളെപ്പോലെ തന്നെ, ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം ഡിസൈനിൽ തന്നെയാകും. ടൊയോട്ടയുടെ ടീസറിൽ ഗ്രില്ലിന് ഇരുവശത്തുമായുള്ള സിൽവർ ആക്‌സന്റുകളും കാണാം.

ഇതിനൊപ്പം വാഹത്തിന്റെ ബംബറും പരിഷ്കരിച്ചിട്ടുണ്ട്. അലോയ് വീലുകളുടെ ഡിസൈനിലും വലിയ അപ്ഡേറ്റും വാഹന ലോകം പ്രതീക്ഷിക്കുന്നുണ്ട്. എന്നൽ ഇന്ന് പുറത്ത് വന്ന ടീസറിൽ ആ ഭാഗം കാണിക്കുന്നില്ല. അതുകൊണ്ട് ലോഞ്ച് വരെ അക്കാര്യം സസ്പെൻസ് ആയി തുടരും എന്ന് പ്രതീക്ഷിക്കാം.

അതുപോലെ തന്നെ നിലവിലുള്ള ക്യാബിന്റെ മൊത്തത്തിലുള്ള ലേഔട്ട് മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ ബലെനോ ഫേസ് ലിഫ്റ്റിന് സമാനമായി ചില അധിക ഫീച്ചറുകൽ കൊണ്ടുവന്നേക്കാം. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കൂൾഡ് വയർലെസ് ചാർജിംഗ് പാഡ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവയാണ് പ്രതീക്ഷിക്കുന്നത്.

സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) ഉൾപ്പെടുത്തും എന്നാണ് കരുതുന്നത്. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹൈ-ബീം അസിസ്റ്റ് എന്നീ ഫീച്ചറുകളും കമ്പനി നൽകിയേക്കും.