Umran Malik: ഉമ്രാൻ മാലികിൻ്റെ തകർപ്പൻ തിരിച്ചുവരവ്; 157 കിലോമീറ്റർ വേഗതയിലുള്ള പന്തിൽ കുറ്റി തെറിച്ച് ബാറ്റർ
Umran Malik Two Wickets: ബുച്ചി ബാബു ക്രിക്കറ്റിൽ തകർപ്പൻ തിരിച്ചുവരവുമായി ഉമ്രാൻ മാലിക്. ഒഡീഷയ്ക്കെതിരെ താരം രണ്ട് വിക്കറ്റ് വീഴ്ത്തി.

പരിക്കിൽ നിന്ന് തകർപ്പൻ തിരിച്ചുവരവുമായി ജമ്മു കശ്മീർ പേസർ ഉമ്രാൻ മാലിക്. ബുച്ചി ബാബു ടൂർണമെൻ്റിൽ ഒഡീഷയ്ക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് താരം ക്രിക്കറ്റിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയത്. ഏറെക്കാലമായി പരിക്കേറ്റ് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കുകയായിരുന്നു ഉമ്രാൻ മാലിക്. (Image Courtesy- Social Media)

ഒഡീഷ ഓപ്പണർമാരായ ഓം ടി മുണ്ഡെ, ബിനയ കെ എന്നിവരെയാണ് ഉമ്രാൻ പുറത്താക്കിയത്. വെറും മൂന്ന് പന്തുകൾക്കിടയിലായിരുന്നു ഉമ്രാൻ്റെ പ്രകടനം. മുണ്ഡെ എഡ്ജ്ഡ് ഓൺ ആയപ്പോൾ ബിനയ ബൗൾഡായി. 157 കിലോമീറ്റർ വേഗതയിലുള്ള പന്താണ് ബിനയയുടെ കുറ്റി പിഴുതത്.

കഴിഞ്ഞ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി മുംബൈ ഇന്ത്യൻസിനെതിരെ കളിച്ചതിന് ശേഷം ഉമ്രാൻ കളിക്കുന്ന ആദ്യ പ്രൊഫഷണൽ മത്സരമായിരുന്നു ഇത്. 2024 സീസണിൽ സൺറൈസേഴ്സിനായി ഒരു മത്സരം മാത്രമാണ് ഉമ്രാൻ കളിച്ചത്. കഴിഞ്ഞ സീസണിൽ കളിച്ചില്ല.

സൺറൈസേഴ്സിൽ നിന്ന് റിലീസ് ചെയ്തതിന് ശേഷം 2025 സീസണ് മുന്നോടിയായി 75 ലക്ഷം രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉമ്രാൻ മാലികിനെ ടീമിലെത്തിച്ചിരുന്നു. എന്നാൽ, താരം പരിക്കേറ്റ് പുറത്തായതോടെ കൊൽക്കത്ത ചേതൻ സക്കരിയയെ പകരക്കാരനായി ടീമിലെത്തിച്ചു.

2021 മുതൽ ഐപിഎൽ കളിക്കുന്ന ഉമ്രാൻ മാലിക് 26 മത്സരങ്ങളിൽ നിന്ന് 29 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 9.39 എക്കോണമിയിലാണ് താരത്തിൻ്റെ പ്രകടനം. 25 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിൻ്റെ ഏറ്റവും മികച്ച പ്രകടനം. 26.62 ആണ് ഉമ്രാൻ മാലിക്കിൻ്റെ ശരാശരി.