“ഇപ്പോൾ ചിരിക്കുന്ന മുഖ്യമന്ത്രിയുണ്ട്, കേരളത്തിന് വേണ്ടി സുഹൃത്ത് 5000 കോടി മുടക്കും”; വി.ഡി സതീശനുമായി ചർച്ച നടത്തിയെന്ന് മേജർ രവി
Major Ravi Brings ₹5,000 Crore Power Sector Investment to Kerala; Holds Talks with CM: കേരളത്തിന് എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിൻ്റെ പുറത്ത് തൻ്റെ സുഹൃത്ത് വഴി സംസ്ഥാനത്ത് 5000 കോടി രൂപ നിക്ഷേപം നടത്താനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് സംവിധായകൻ മേജർ രവി. മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വലിയ നിക്ഷേപത്തെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ മേജർ രവി പങ്കുവച്ചത്.

തനിക്ക് പിന്നിൽ നല്ല മനസ്സുള്ള ആളുകൾ ഉള്ളപ്പോൾ ഒന്നിനെ കുറിച്ചും ഭയം തോന്നേണ്ട കാര്യം ഇല്ലെന്ന് മേജർ രവി പറയുന്നു. എന്ത് സഹായത്തിനും സുഹൃത്തുക്കളുണ്ട് അതിൽ ഒരു സുഹൃത്ത് കേരളത്തിലെ വൈദ്യുതി മേഖലയിൽ 5000 കോടി നിക്ഷേപം നടത്താൻ തയ്യാറെടുക്കുകയാണ് എന്നായിരുന്നു മേജർ രവിയുടെ വെളിപ്പെടുത്തൽ. (Image Credit Source: Facebook Major Ravi/V D Satheesan)

സഹോദര തുല്യനായ സുഹൃത്തിന് മുഖ്യമന്ത്രിയുമായി കുടിക്കാഴ്ച നടത്താൻ അവസരമൊരുക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശനുമായി ആദ്യഘട്ട കൂടിക്കാഴ്ച ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.ജി രാജ്യമാണിക്യവുമായുള്ള ചർച്ചകൾ ഇപ്പോൾ പുരോഗമിച്ചുവരികയാണ് എന്നും മേജർ രവി പറഞ്ഞൂ.

സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്നം ഇപ്പോൾ വൈദ്യുതി പ്രതിസന്ധിയാണ്. ആ മേഖലയിലേക്ക് ഇൻവെസ്റ്റ്മെൻ്റ് വരട്ടെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. “കഴിഞ്ഞ സർക്കാർ എന്തോക്കെയോ ചെയ്ത് പോയി. ഇപ്പോൾ നമുക്ക് ഒരു ചിരിക്കുന്ന മുഖ്യമന്ത്രിയുണ്ട്. അദ്ദേഹം ഇനി കുഴപ്പം ഒന്നും ഉണ്ടാക്കാതിരുന്നാൽ മതി”. വി.ഡി സതീശനുമായി പണ്ടുമുതലെ പരിചയമുണ്ടെന്നും മേജർ രവി കൂട്ടിച്ചേർത്തു

എന്തുകൊണ്ട് ബി.ജെ.പിയിൽ പോയി എന്ന് വി.എം സുധീരനും, കെ. സുധാകരനും, മുല്ലപ്പള്ളിയും ഉൾപ്പടെയുള്ള നേതാക്കൾ ചോദിക്കുമായിരുന്നു എന്നാൽ അവർ ഒരിക്കലും തന്നോട് മോശമായി പെരുമാറിയിട്ടില്ല. തൻ്റെ തീരുമാനത്തെ ആ നിലയിൽ തന്നെ അംഗീകരിച്ചിട്ടുണ്ട്. ഈയിടെയുണ്ടായ സംസാരങ്ങൾക്കിടെയാണ് വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നത്. അതോടെ ഇക്കാര്യം സുഹൃത്തിനെ വിളിച്ച് അവതരിപ്പിച്ചു എന്ന് മേജർ രവി പറയുന്നു.

സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യഗതയുണ്ട് നമുക്കെന്തെങ്കിലും ചെയ്യാനാകുമോ എന്നായിരുന്നു ചോദ്യം. ചെയ്യാനാകും എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ഇന്ത്യയിലെ ഏറ്റവും വലിയ കെമിക്കൽ എക്സ്പോർട്ടിംഗ് കമ്പനിയാണ് സുഹൃത്തിൻ്റേത്. മഹാരാഷ്ട്രയുമായി അവർ ഇതിനോടകം എം.ഒ.യു ഒപ്പിട്ടിട്ടുണ്ട്. അതാണ് മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എത്തിച്ചത് എന്നും മേജർ ചൂണ്ടിക്കാട്ടി.

താൻ വഴി കൊണ്ടുവരുന്ന പദ്ധതിയായതിനാൽ തനിക്ക് ചില സ്വാർത്ഥതകൾ കൂടി ഉണ്ടാകും എന്നും മേജർ രവി പറയുന്നുണ്ട്. “ഞാൻ ഒറ്റപ്പാലം മണ്ഡലത്തിൽ നിന്നതുകൊണ്ട് എൻ്റെ പാലക്കാട്ടുകാർക്കായി ഒരു തുക നിക്ഷേപവും, കുറച്ച് പേർക്ക് ജോലിയും ആഗ്രഹിക്കും, ബാക്കി കേരളത്തിൽ എവിടെ വേണമെങ്കിലും ചെയ്യാം” മേജർ രവി വ്യക്തമാക്കി.