വർക്കൗട്ടിന് പിന്നാലെ പനിയുടെ ലക്ഷണങ്ങൾ കാണുന്നുണ്ടോ? ഈ തെറ്റുകൾ ആവർത്തിക്കരുത്
Flu-Like Symptoms After Exercising? Here is What Your Body is Telling You: ജിമ്മി പോയി കഠിനമായ വ്യായാമത്തിന് ശേഷം ചിലർക്ക് പനി പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ഇത് പലപ്പോഴും വ്യായാമം ചെയ്യുന്നവരെ വലിയ രീതിയിൽ നിരാശരാക്കാറുമുണ്ട്. എന്നാൽ ഇത് അത്ര അസാധാരണമായ ഒരു കാര്യവുമല്ല. വ്യായാമത്തിന് ശേഷമുണ്ടാകുന്ന നിർജ്ജലീകരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത്, അല്ലെങ്കിൽ ശരീരത്തിന് താങ്ങാൻ കഴിയാത്ത രീതിയിലുള്ള അമിതമായ വ്യായാമം എന്നിവയൊക്കെയാണ് ഇത്തരത്തിൽ ക്ഷീണവും പനിയും വരാനുള്ള പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

കഠിനമായി വ്യായാമം ചെയ്യുമ്പോൾ അമിതമായി വിയർക്കുന്നത് ശരീരത്തിലെ ജലാംശവും പ്രധാന ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടാൻ കാരണമാകുന്നു. നഷ്ടപ്പെട്ട ഈ ജലാംശം കൃത്യമായി വീണ്ടെടുത്തില്ലെങ്കിൽ അത് പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കാൻ ഇടയാക്കും. ഇത് കടുത്ത ക്ഷീണം, പേശിവേദന, ഛർദ്ദി എന്നീ ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. അതിനാൽ, കഠിനമായ വ്യായാമത്തിന് മുൻപും ശേഷവും ധാരാളം വെള്ളം കുടിക്കേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. (Image Credit source: Getty images)

വ്യായാമത്തിന് മുൻപ് ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയാൻ കാരണമാകും. ഈ അവസ്ഥ ഹൈപ്പോഗ്ലൈസീമിയ എന്നാണ് അറിയപ്പെടുന്നത്. ഇത് കാരണം തലകറക്കം, ഓക്കാനം തുടങ്ങിയ പനിയുടെ ലക്ഷണങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വർക്ക് ഔട്ടിന് പോകുന്നതിന് മുൻപ് എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും

അതുപോലെ തന്നെ വ്യായാമത്തിന് തൊട്ടുമുൻപ് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതും ശരീരത്തിന് നല്ലതല്ല. കൊഴുപ്പും ഫൈബറും കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് വയറ്റിൽ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കും. ദഹിക്കാത്ത ഭക്ഷണം ആമാശയത്തിൽ കൂടുതൽ നേരം തങ്ങുന്നത് വ്യായാമ സമയത്ത് അസ്വസ്ഥതക്ക് കാരണമാകും. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി വ്യായാമത്തിന് മുൻപ് എളുപ്പം ദഹിക്കുന്ന ലഘുവായ ഭക്ഷണങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ എപ്പോഴും പ്രത്യേകം ശ്രദ്ധിക്കുക.

ശരീരത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറം കഠിനമായി വ്യായാമം ചെയ്യുന്നതും വിപരീത ഫലമുണ്ടാക്കും. നിരന്തരമായി അമിതഭാരം എടുക്കുന്നതും വിശ്രമമില്ലാതെ വർക്കൗട്ട് ചെയ്യുന്നതും വിട്ടുമാറാത്ത പേശിവേദനയ്ക്കും കടുത്ത ക്ഷീണത്തിനും ഇടയാക്കും. കൂടാതെ, അമിതമായ വ്യായാമം നിങ്ങളുടെ ശരീരത്തിൻ്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ കുറയ്ക്കുകയും ചെയ്യും. ഇത് എളുപ്പത്തിൽ പനിയും മറ്റ് അണുബാധകളും പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.

വ്യായാമത്തിന് ശേഷം ഇത്തരം ലക്ഷണങ്ങൾ ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിൽ എപ്പോഴും ആവശ്യത്തിന് ജലാംശം നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഠിനമായ വ്യായാമങ്ങൾക്കിടയിൽ ശരീരത്തിന് വിശ്രമിക്കാൻ ആവശ്യമായ സമയം നൽകുക. ജിമ്മിൽ പോകുന്നതിന് മുൻപ് ഊർജ്ജം ലഭിക്കുന്നതിനായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കുക. അതുപോലെ തന്നെ വർക്കൗട്ടിന് മുൻപ് വയറുനിറയെ ഭക്ഷണം കഴിക്കുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക.