Womens ODI World Cup 2025: വനിതാ ലോകകപ്പിൽ ഇതുവരെ ഇന്ത്യക്ക് വളരെ എളുപ്പം; ഇനിയുള്ളത് കരുത്തുറ്റ എതിരാളികൾ
India In ODI World Cup: ലോകകപ്പിൽ ഇന്ത്യൻ വനിതകളെ കാത്തിരിക്കുന്നത് കരുത്തുറ്റ എതിരാളികൾ. ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾക്കെതിരെയാണ് ഇന്ത്യക്ക് മത്സരമുള്ളത്.

പാകിസ്താനെതിരെ വമ്പൻ വിജയം നേടിയതോടെ വനിതാ ലോകകപ്പ് പോയിൻ്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ആദ്യ കളി ശ്രീലങ്കയെയും കഴിഞ്ഞ കളി പാകിസ്താനെയുമാണ് ഇന്ത്യ വീഴ്ത്തിയത്. എന്നാൽ, ഇനിയുള്ള എതിരാളികൾ ഇവരെപ്പോലെ ദുർബലരല്ല. (Image Credits- PTI)

ഏഷ്യൻ ടീമുകളെപ്പോലെയല്ല, ഇന്ത്യയുടെ ഇനിയുള്ള എതിരാളികൾ വളരെ കരുത്തരാണ്. ഒക്ടോബർ 9ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. വിശാഖപട്ടണത്തെ ഡോ.വൈ എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നിന് കളി ആരംഭിക്കും.

ഒക്ടോബർ 12നാണ് ഇന്ത്യയുടെ ഏറ്റവും നിർണായക മത്സരം. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ ഇതേ സ്റ്റേഡിയത്തിൽ വച്ച് ഇന്ത്യ നേരിടും. മുൻപ് പലതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഓസ്ട്രേലിയയ്ക്കായിരുന്നു. അതുകൊണ്ട് തന്നെ ഈ കളി ഇന്ത്യക്ക് വളരെ നിർണായകമാവും.

12ന് ഓസീസിനെതിരായ മത്സരം കഴിഞ്ഞാൽ 19ന് ഇംഗ്ലണ്ട് എത്തും. ഇൻഡോറിലെ ഹോൾകർ ക്രിക്കറ്റ് സ്റ്റേഡിറ്റത്തിലാണ് ഇന്ത്യ - ഇംഗ്ലണ്ട് മത്സരം. ഓസ്ട്രേലിയയുടെയത്ര ആധികാരികതയില്ലെങ്കിലും ഇംഗ്ലണ്ട് ഇന്ത്യക്ക് എപ്പോഴും കടുത്ത വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഈ കളിയും നിർണായകമാണ്.

ഒക്ടോബർ 23ന് ന്യൂസീലൻഡ്. നേരത്തെ ന്യൂസീലൻഡൊരു പ്രശ്നമായിരുന്നെങ്കിലും സമീപകാലത്തായി ഇന്ത്യ മേൽക്കൈ നേടുന്നുണ്ട്. എന്നാൽ, മികച്ച താരങ്ങളടങ്ങിയ ന്യൂസീലൻഡിനെയും തള്ളിക്കളയാനാവില്ല. നേവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലാണ് ഈ മത്സരം.