Kanda Sashti Soorasamharam 2025: ശൂരൻപോര് കാണണോ… കോഴിക്കോട്ടേക്ക് പോരൂ! സ്കന്ദഷഷ്ഠിയിൽ ശൂരസംഹാരം ആഘോഷമാക്കുന്ന കേരളത്തിലെ അപൂർവ്വ ക്ഷേത്രം
Thiruvannur Subrahmanya Temple Soorasamharam: ത്രിമൂർത്തികളിൽ നിന്ന് നേടിയെടുത്ത പിൻബലത്തിൽ മൂന്ന് ലോകവും അടക്കി ഭരിച്ചിരുന്ന അസുര രാജാവായിരുന്നു ശൂരപത്മൻ. ശൂരപത്മന്റെ ദുർഭരണത്താൽ പൊറുതിമുട്ടിയ ദേവന്മാർ ഭഗവാൻ ശിവനെ കണ്ട് സങ്കടം അറിയിച്ചു
കോഴിക്കോട്: ജാതിമതഭേദമന്യേ ഒരു നാടുമുഴുവൻ ഒത്തുചേരുന്ന അപൂർവ്വമായ കാഴ്ച. അതിർത്തികൾക്കും ഭാഷകൾക്കും സംസ്കാരത്തിനും അപ്പുറത്ത് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ക്ഷേത്രത്തിൽ സ്കന്ദഷഷ്ടി ദിനത്തിൽ ശൂരസംഹാരം കൊണ്ടാടുകയാണ്. തിരുവണ്ണൂരിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് തമിഴ്നാട്ടിൽ ശൂരൻപോര് എന്ന പേരിൽ ആചരിക്കുന്ന ആഘോഷം അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ആചാരാനുഷ്ഠാനത്തോടെ ഉത്സവമാക്കി മാറ്റുന്നത്.
തിന്മയുടെ മേൽ നന്മ വിജയിച്ചതിന്റെ ഉത്സവമായാണ് ശൂരൻപോര് ആഘോഷിക്കുന്നത്. തുലാമാസത്തിലെ സ്കന്ദഷഷ്ടി ദിനത്തിൽ നടക്കുന്ന ശൂരസംഹാര ചടങ്ങുകൾ നടക്കുന്ന ഈ ക്ഷേത്രം തിരിച്ചെന്തൂർ എന്നും അറിയപ്പെടുന്നു. ഈ വർഷത്തെ ശൂരസംഹാരം നടക്കുന്നത് ഒക്ടോബർ 27 തിങ്കളാഴ്ചയാണ്. ത്രിമൂർത്തികളിൽ നിന്ന് നേടിയെടുത്ത പിൻബലത്തിൽ മൂന്ന് ലോകവും അടക്കി ഭരിച്ചിരുന്ന അസുര രാജാവായിരുന്നു ശൂരപത്മൻ. ശൂരപത്മന്റെ ദുർഭരണത്താൽ പൊറുതിമുട്ടിയ ദേവന്മാർ ഭഗവാൻ ശിവനെ കണ്ട് സങ്കടം അറിയിച്ചു.
ദുഷ്ടന്മാരായ ശൂരതാരക സഹോദരന്മാരെ നിഗ്രഹിക്കുന്നതിന് വേണ്ടിയാണ് പാർവതിയുടെയും പരമേശിവന്റേയും പുത്രനായി സുബ്രഹ്മണ്യൻ ജനിച്ചത്. തന്റെ അവതാര ഉദ്ദേശം പൂർത്തീകരിക്കുന്നതിന് വേണ്ടി ബാലസുബ്രഹ്മണ്യൻ ജ്യേഷ്ഠനായ ഗണപതിയുടെയും സേനാ നായകനായ വീര ബാഹുവിന്റെയും സഹായത്തോടെ ശൂരപത്മാസുരനെ പോരിനു വിളിക്കുന്നു . തുടർന്ന് നടന്ന ഘോരമായ ദേവാസുരയുദ്ധത്തിന് ഒടുവിൽ സുബ്രഹ്മണ്യ ഭഗവാൻ തന്റെ ആയുധമായ ശക്തിവേലുകൊണ്ട് ശൂരതാരക സഹോദരന്മാരെ നിഗ്രഹിച്ചു എന്നാണ് വിശ്വാസം. ഇതിന്റെ ഓർമ്മയ്ക്ക് വേണ്ടിയാണ് ഈ ഉത്സവം കൊണ്ടാടുന്നത്.
View this post on Instagram
കോഴിക്കോട് തിരുവണ്ണൂരിലെ ഈ ക്ഷേത്രത്തിൽ ശൂരൻപോര് ആഘോഷമാക്കുന്നതിന് പിന്നിലും ഒരു കഥയുണ്ട്. പണ്ട് തിരുവണ്ണൂരിൽ സാമൂതിരി രാജകുടുംബത്തിലെ മഞ്ചൽ ചുമക്കുന്നതിന് വേണ്ടി തമിഴ് വംശജരായ പോണ്ടന്മാർ എന്ന സമുദായക്കാരാണ് താമസിച്ചിരുന്നത്. ഇവരാണ് ക്ഷേത്രവും ഈ ആചാരവും തുടങ്ങിയത് എന്നാണ് വിശ്വാസം. ഇന്ന് തിരുവണ്ണൂർ സുബ്രഹ്മണ്യ ക്ഷേത്രം നിൽക്കുന്നിടത്ത് അവരുടെ ഇഷ്ടദേവനായ സുബ്രഹ്മണ്യസ്വാമിയെ ആരാധിച്ചിരുന്നു. ശേഷം അവിടെ ഒരു സുബ്രഹ്മണ്യ ക്ഷേത്രം രൂപപ്പെടുകയും തമിഴ് പാരമ്പര്യത്തിൽ ശൂരൻപോര് ആഘോഷിക്കുകയും ചെയ്തു.