വർഷത്തിൽ രണ്ട് തവണ ഓണം ആഘോഷിക്കുന്ന ഒരു നാടുണ്ട് കേരളത്തിൽ!; അറിയാമോ മഹാബലിയുടെ ഈ വരവിനെ കുറിച്ച്?
When Mahabali Returns in Thulam: The Untold Story of Kerala's Second Onam: മഹാബലി തങ്ങളെ കാണാനെത്തുന്നത് ചിങ്ങമാസത്തിലല്ല, മറിച്ച് തുലാമാസത്തിലെ അമാവാസിക്ക് തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളിലാണെന്നാണ് ഇവരുടെ വിശ്വാസം. 'പൊലിയന്ത്ര' എന്നാണ് കാസർകോട്ടുകാർ ഈ വിശേഷ ഉത്സവത്തെ വിളിക്കുന്നത്. 'ബലീയന്ത്ര' എന്നും ഈ ആഘോഷത്തിന് പേരുണ്ട്
കേരളത്തിൽ എല്ലാവരും ചിങ്ങമാസത്തിൽ ഒരു തവണ മാത്രം ഓണം ആഘോഷിക്കുമ്പോൾ, വർഷത്തിൽ രണ്ട് തവണ ഓണമാഘോഷിക്കുന്ന ഒരു നാടുണ്ട് കേരളത്തിലെന്ന കാര്യം നിങ്ങൾക്കറിയാമോ? കാസർകോട്ടെ ജനങ്ങളും തുളുവ സമൂഹവുമാണ് ഈ അപൂർവ്വ ആചാരം ഇന്നും പിന്തുടരുന്നത്. ചിങ്ങത്തിൽ മലയാളികൾ ഒന്നാകെ ആഘോഷിക്കുന്ന ഓണത്തിന് പുറമെ ദീപാവലി നാളുകളിലും ഇവർ മറ്റൊരു ഓണം ഏറെ ആവേശത്തോടും ഭക്തിയോടും കൂടി ഗംഭീരമായി തന്നെ ആഘോഷിക്കാറുണ്ട്.
മഹാബലി തങ്ങളെ കാണാനെത്തുന്നത് ചിങ്ങമാസത്തിലല്ല, മറിച്ച് തുലാമാസത്തിലെ അമാവാസിക്ക് തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളിലാണെന്നാണ് ഇവരുടെ വിശ്വാസം. ‘പൊലിയന്ത്ര’ എന്നാണ് കാസർകോട്ടുകാർ ഈ വിശേഷ ഉത്സവത്തെ വിളിക്കുന്നത്. ‘ബലീയന്ത്ര’ എന്നും ഈ ആഘോഷത്തിന് പേരുണ്ട്. കേരളത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി, മഹാബലിയെ വെറുമൊരു ഭരണാധികാരിയായിട്ടല്ല, മറിച്ച് ദൈവമായിത്തന്നെ കണ്ടാണ് ഇക്കൂട്ടർ ഭക്തിയോടെ ആരാധിക്കുന്നത്.
തുലാമാസത്തിലെ അമാവാസി നാളിൽ കുടുംബത്തിലെ പുരുഷന്മാർ ഏഴിലംപാല മരത്തിൻ്റെ ശാഖകൾ മുറിച്ച് മൂന്ന് കെട്ടുകളാക്കി ക്ഷേത്രങ്ങളിലും വീടുകളിലും തൊഴുത്തുകളിലും സ്ഥാപിക്കുന്നു. പൂക്കളും ചിരട്ടകളും കൊണ്ട് മനോഹരമായി അലങ്കരിച്ച ഈ ശാഖകളിൽ, വറുത്ത അരി നിറച്ച തുണിസഞ്ചി എണ്ണയിൽ മുക്കി ചിരട്ടയിൽ വച്ച് തിരി തെളിയിക്കുന്നു. തുടർന്ന് “പൊലിയന്ത്രാ പൊലിയന്ത്രാ ഹരി ഓം ഹരി” എന്ന പ്രത്യേക മന്ത്രം ജപിച്ചാണ് ചടങ്ങുകൾ നടത്തുക.
Also Read: Munnar Onam Trip: ഓണം ട്രിപ്പ് മൂന്നാറിലേക്കാണോ? ഇന്നുമുതൽ നീലക്കുറിഞ്ഞി കാണാം
തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ വീടുകളിൽ ഭക്തിയോടെ പൊലിയന്ത്രയെ വിളിക്കുന്ന ആചാരപരമായ ചടങ്ങുകൾ നടക്കും. ഉത്സവത്തിൻ്റെ അവസാന ദിവസം “മേപ്പാട്ടുകലത്തു നേരത്തേ വാ” എന്ന് പ്രാർത്ഥനാപൂർവ്വം ജപിച്ചുകൊണ്ടാണ് ഈ ആചാരം പൂർത്തിയാക്കുന്നത്. അടുത്ത വർഷം തങ്ങളുടെ നാട്ടിലേക്ക് കുറച്ചുകൂടി നേരത്തെ തന്നെ വരണേ എന്ന് മഹാബലി തമ്പുരാനോട് സ്നേഹത്തോടെയും ആദരവോടെയും അപേക്ഷിക്കുന്നതാണ് ഇത്.
കാഞ്ഞങ്ങാടിന് വടക്കോട്ടുള്ള പ്രദേശങ്ങളിലെ വീടുകളിൽ സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം തളികയിൽ അരിയും തിരിയുമായി പ്രത്യേക ആരതി ഉഴിഞ്ഞ ശേഷമാണ് വിളക്കുകൾ കത്തിക്കുന്നത്. തൃക്കരിപ്പൂര്‍ മുതല്‍ കര്‍ണ്ണാടകത്തിലെ കുന്ദാപുര വരെയാണ് മഹാബലിയെ പൂജിക്കുന്ന ഈ തുളുനാടന്‍ ആഘോഷമുള്ളത്. കാസര്‍കോഡ് ജില്ലയിലെ ശാസ്താ ക്ഷേത്രങ്ങളിലും വലിയ ഉത്സവമായി തന്നെ പൊലിയന്ത്ര ആഘോഷിക്കാറുണ്ട്. ഉത്തര മലബാറില്‍ പൊലിയന്ത്ര ചടങ്ങിനൊപ്പം മഹാബലിയെ സ്തുതികുന്ന ‘ബലീന്ദ്ര സന്ധ്യാ’ എന്ന നാടന്‍ പാട്ടും ചിലയിടങ്ങളില്‍ പാടാറുണ്ട്
പതിനൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച പ്രശസ്ത ഇറാനിയൻ ചരിത്രകാരനായ അൽ ബറൂണി ദീപാവലി കാലത്തെ ഈ അത്യപൂർവ്വ മഹാബലി ആരാധനയെക്കുറിച്ച് തൻ്റെ കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാലത്തിൻ്റെ കുത്തൊഴുക്കിൽ ചിലയിടങ്ങളിൽ ഈ ആചാരം കുറഞ്ഞുവരുന്നുണ്ടെങ്കിലും, വടക്കൻ കേരളത്തിലും കർണാടകയുടെ ചില ഭാഗങ്ങളിലും ഇന്നും പഴമയുടെ തനിമ ഒട്ടും ചോർന്നുപോകാതെ പൊലിയന്ത്ര ആഘോഷം സജീവമായി നിലനിൽക്കുന്നു.
English Summary
While Kerala celebrates Onam in Chingam, the Tuluva community in Kasaragod celebrates it twice a year. During Diwali in Thulam, they observe ‘Poliyindra’ or ‘Balindra’, welcoming Mahabali not just as a king but as a god. The three-day festival involves lighting lamps, chanting prayers, and requesting his early return.