Ajinkya Rahane: അഡ്‌ലെയ്ഡിലെ നാണക്കേട് മെല്‍ബണില്‍ മായിച്ച ഇന്ത്യ; രഹാനെയുടെ 112 റണ്‍സിന് ഇന്നും പൊന്നിന്‍ തിളക്കം
Remembering Ajinkya Rahane’s Masterclass 112 at MCG: അജിങ്ക്യ രഹാനെയുടെ പോരാട്ടവീര്യം ഏറ്റവും ഉയര്‍ന്ന തലത്തില്‍ ആരാധകര്‍ കണ്ടത് ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് രഹാനെ പടിയിറങ്ങുമ്പോള്‍ ആരാധകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് 2020-ലെ ആ മാസ്മരിക പ്രകടനമാകാം.
ക്രീസിലെ ശാന്തതയുടെയും സൗമ്യതയുടെയും പ്രതിരൂപമായിരുന്നു അജിങ്ക്യ രഹാനെ. വിജയിക്കുമ്പോള്‍ അമിതമായി ആഘോഷപ്രകടനം നടത്തിയോ, പരാജയപ്പെടുമ്പോള്‍ വിലപിച്ചോ ആരും രഹാനെയെ മൈതാനത്ത് കണ്ടിട്ടുണ്ടാകില്ല. അഗ്രഷന് പേരുകേട്ട ആധുനിക ക്രിക്കറ്റില്‍ എന്നും നിശബ്ദ പോരാളിയുടെ പരിവേഷമായിരുന്നു രഹാനെയ്ക്ക്. അവിസ്മരണീയമായ നിരവധി അധ്യായങ്ങളാണ് രഹാനെ സ്വന്തം ബാറ്റുകൊണ്ട് രചിച്ചത്. രഹാനെയുടെ പോരാട്ടവീര്യം ഏറ്റവും ഉയര്‍ന്ന തലത്തില്‍ ആരാധകര്‍ കണ്ടത് ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് രഹാനെ പടിയിറങ്ങുമ്പോള്‍ ആരാധകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് 2020-ലെ ആ മാസ്മരിക പ്രകടനമാകാം.
അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് ഓള്‍ഔട്ടായി ഇന്ത്യ ക്രിക്കറ്റ് വലിയ നാണക്കേടും പേറി നില്‍ക്കുന്ന സമയം. അന്ന് വിരാട് കോലിയുടെ അഭാവത്തില്‍ തകര്‍ന്നു തരിപ്പണമായ ഒരു ടീമിനെയും കൊണ്ടാണ് രഹാനെ മെല്‍ബണില്‍ കളിക്കാനിറങ്ങിയത്. നായകന്‍ രഹാനെയുടെ കീഴില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്ന് ആരാധകര്‍ പോലും സ്വപ്‌നം കാണാത്ത നിമിഷം.
എന്നാല്‍ പ്രതിസന്ധിയുടെ കനല്‍ക്കാറ്റില്‍ ഒരു കാവലാളെപ്പോലെ രഹാനെ പടനയിച്ചു. ഓസ്‌ട്രേലിയന്‍ പേസര്‍മാരുടെ പന്തുകള്‍ തീതുപ്പിയപ്പോള്‍ പോരാളിയെ പോലെ അദ്ദേഹം സധൈര്യം നേരിട്ട് പൊരുതി.
Also Read: ക്യാപ് 278 വിടപറയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് അജിങ്ക്യ രഹാനെ
മറക്കാനാകുമോ ആ പ്രകടനം?
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 195-ന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 64/3 എന്ന നിലയിൽ തകര്‍ച്ച നേരിടുന്ന സമയത്താണ് രഹാനെ ക്രീസിലെത്തിയത്. പാറ്റ് കമ്മിൻസ്, മിച്ചല്‍ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ എന്നിവരടങ്ങിയ മാരകമായ ഓസീസ് ബൗളിംഗ് നിരയെ അതിവിദഗ്ധമായി പ്രതിരോധിച്ച് അത്യന്തം ക്ഷമയോടെ അദ്ദേഹം ഇന്നിംഗ്സ് കെട്ടിപ്പടുത്തു.
ശുഭ്‌മാൻ ഗില്ലിനൊപ്പവും (45) ഹനുമ വിഹാരിക്കൊപ്പവും ചേർന്ന് രഹാനെ ചെറുത്തുനില്‍പ് ആരംഭിച്ചു. രവീന്ദ്ര ജഡേജയുമായി (57) ചേർന്ന് ആറാം വിക്കറ്റിൽ ഉണ്ടാക്കിയ 104 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് നിര്‍ണായക മുന്‍തൂക്കം നല്‍കി. 223 പന്തുകൾ നേരിട്ട് 12 ഫോറുകളുടെ അകമ്പടിയോടെ 112 റണ്‍സാണ് രഹാനെ അടിച്ചുകൂട്ടിയത്.
രഹാനെയുടെ മികച്ച ബാറ്റിങ്:
രഹാനെയുടെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 326 റൺസ് നേടി 131 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഓസ്ട്രേലിയയെ 200 റൺസിന് പുറത്താക്കി. ജയിക്കാൻ വേണ്ടിയ 70 റൺസ് 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. രഹാനെ രണ്ടാം ഇന്നിംഗ്സിലും പുറത്താകാതെ 27 റൺസെടുത്തു.
ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-1 ന് സമനില പിടിച്ചു. ഗാബയിൽ നടന്ന അവസാന ടെസ്റ്റിലും വിജയിച്ച് 2-1 ന് ഇന്ത്യ ‘ബോർഡർ-ഗവാസ്കർ ട്രോഫി’ സ്വന്തമാക്കി. മെൽബണിൽ രഹാനെ കാണിച്ച പോരാട്ടവീര്യവും നായകത്വവുമാണ് ഇന്ത്യൻ ടീമിന് ആ പരമ്പര സ്വന്തമാക്കാനുള്ള കരുത്ത് നൽകിയത്.
മെൽബണിലെ ആ സെഞ്ചുറിയിൽ തുടങ്ങി ഒടുവിൽ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ മുത്തമിട്ടപ്പോൾ, സമാനതകളില്ലാത്ത ആ ചരിത്ര വിജയത്തിന്റെ ശില്പിയായി മാറിയത് രഹാനെയായിരുന്നു. മെൽബണിലെ ആ സെഞ്ചുറി, ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമർപ്പണമായിരുന്നു.
English Summary
Ajinkya Rahane has retired from international cricket. His 112 at Melbourne in 2020 remains his greatest performance. He stepped up under immense pressure after India’s Adelaide collapse. He leaves behind a legacy of selfless leadership and grace.