AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ക്യാപ് 278 വിടപറയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് അ‌ജിങ്ക്യ രഹാനെ

Ajinkya Rahane announces retirement: അജിങ്ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. "ക്യാപ് 278 വിടപറയുന്നു" (Cap 278 signing off) എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് താരം ഈ വാർത്ത അറിയിച്ചത്. 38 വയസുകാരനായ രഹാനെ ഇന്ത്യക്കായി 85 ടെസ്റ്റുകളിലും 90 ഏകദിനങ്ങളിലും 20 ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

ക്യാപ് 278 വിടപറയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് അ‌ജിങ്ക്യ രഹാനെ
Ajinkya Rahane Announces RetirementImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Updated On: 30 Jul 2026 | 12:26 PM

മും​ബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും വെറ്ററൻ ബാറ്ററുമായ അജിങ്ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. “ക്യാപ് നമ്പർ 278 വിടപറയുന്നു” (Cap 278 signing off) എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് താരം ഈ വാർത്ത അറിയിച്ചത്. 38 വയസുകാരനായ രഹാനെ ഇന്ത്യക്കായി 85 ടെസ്റ്റുകളിലും 90 ഏകദിനങ്ങളിലും 20 ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി വിദേശ മണ്ണിൽ കാഴ്ചവെച്ച മികച്ച ടെസ്റ്റ് പെർഫോമൻസുകൾ ആണ് രഹാനെയുടെ പ്രധാന സംഭാവന.

“ജീവിതത്തിലെ യാഥാർത്ഥ്യം എന്തെന്നാൽ, എല്ലാത്തിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. സമയം വരുമ്പോൾ അതിനെ ബഹുമാനിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. എന്റെ ബാറ്റിംഗിൽ എപ്പോഴും ശരിയായ ടൈമിംഗിനാണ് ഞാൻ പ്രാധാന്യം നൽകിയിട്ടുള്ളത്. ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിടപറയാൻ അനുയോജ്യമായ സമയമാണെന്ന് ഞാൻ കരുതുന്നു” എന്ന് രഹാനെ കുറിച്ചു. ഇത്രയും നാൾ പിന്തുണച്ച BCCI, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ, സഹതാരങ്ങൾ, പരിശീലകർ, കുടുംബം, ആരാധകർ എന്നിവർക്ക് നന്ദി പറയുന്നതായും താരം അറിയിച്ചു.

Also Read: സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു

ശാന്തനായ പോരാളി

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശാന്തനായ പോരാളികളിലൊരാളായിരുന്നു രഹാനെ. നിശബ്ദനായി വന്ന് ടീമിന് ആവശ്യമായത് ചെയ്തു മടങ്ങുന്ന ‘സൈലന്റ് ഗാർഡിയൻ’ ആയിട്ടാണ് ഒരുകാലത്ത് ആരാധകർ അ‌ദ്ദേഹത്തെ കണ്ടിരുന്നത്. 2020-21 ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ പ്രമുഖ കളിക്കാരുടെ അഭാവത്തിൽ ക്യാപ്റ്റനായി ഇന്ത്യൻ ടീമിനെ നയിച്ച് ഓസ്ട്രേലിയയിൽ നേടിയ ചരിത്രപ്രസിദ്ധമായ 2-1 ടെസ്റ്റ് പരമ്പര വിജയം ആണ് രഹാനെയുടെ കരിയറിലെ പ്രധാന നേട്ടം.

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ 36 റൺസിന് ഓൾഔട്ടാവുകയും നായകൻ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങുകയും ചെയ്ത നിർണായക ഘട്ടത്തിലാണ് രഹാനെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. മെൽബണിൽ (MCG) നേടിയ തകർപ്പൻ സെഞ്ചുറിയോടെയും (112) മികച്ച നേതൃപാടവത്തോടെയും ഇന്ത്യയെ 2-1 ന് രഹാനെ പരമ്പര വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഏകദിനങ്ങളെക്കാൾ ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു രഹാനെയുടെ നല്ല നാളുകൾ കുറിക്കപ്പെട്ടിരുന്നത്. ഒരുകാലത്ത് ഇന്ത്യക്ക് മുന്നിൽ കീഴടങ്ങാതെ നിന്നിരുന്ന വിദേശ പിച്ചുകൾ കീഴടക്കി ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററായി അ‌ജിങ്ക്യ രഹാനെ മാറി. ലോർഡ്സ്, മെൽബൺ, വെസ്റ്റ് ഇൻഡീസ് തുടങ്ങി പിച്ചുകൾ ബൗളർമാരെ തുണച്ചപ്പോൾ ക്രീസിൽ പാറപോലെ ഉറച്ചുനിന്ന രഹാനെയുടെ ബാറ്റിങ് ചരിത്രമായി മാറി.

2014-ൽ ലോർഡ്സിൽ രഹാനെ നേടിയ സെഞ്ചുറി ഏറെ സ്പെഷലാണ്. കാരണം പച്ചപ്പുല്ല് നിറഞ്ഞ ലോർഡ്സ് പിച്ചിൽ അദ്ദേഹം നേടിയ 103 റൺസ്, 28 വർഷങ്ങൾക്ക് ശേഷം അവിടെ ഇന്ത്യക്ക് ഒരു ചരിത്രപരമായ വിജയമൊരുക്കി. ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും രഹാനെ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സ്ലിപ്പിൽ രഹാനെയുടെ കൈകളിൽ പന്തെത്തിയാൽ അത് വിക്കറ്റാണെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു.

തോൽവിയറിയാത്ത ക്യാപ്റ്റൻസി

2015-ൽ ശ്രീലങ്കയ്‌ക്കെതിരെ ഗാല്ലെയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഒറ്റ മത്സരത്തിൽ 8 ക്യാച്ചുകൾ നേടി രഹാനെ ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു. തോൽവിയറിയാത്ത ക്യാപ്റ്റൻസി റെക്കോർഡ് ആണ് രഹാനെയുടെ മറ്റൊരു പൊൻതൂവൽ. ടെസ്റ്റ് ക്രിക്കറ്റിൽ രഹാനെ ഇന്ത്യയെ നയിച്ച 6 മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്ത്യ തോറ്റിട്ടില്ല (4 വിജയങ്ങൾ, 2 സമനില).

അജിങ്ക്യ രഹാനെ സെഞ്ചുറി നേടിയ 12 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ തോറ്റിട്ടില്ല (9 വിജയങ്ങൾ, 3 സമനില) എന്ന പ്രത്യേകതയുമുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ റൺസ് അടിച്ചുകൂട്ടിയ രഹാനെ, 2023-24 സീസണിൽ മുംബൈയെ 42-ാം രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ടീമുകൾക്കായി 4,500-ലധികം റൺസ് നേടിയിട്ടുണ്ട്.

English Summary

Former Indian cricket team captain and veteran batsman Ajinkya Rahane has announced his retirement from all forms of international cricket. The player announced the news in an emotional video shared on social media with the caption “Cap number 278 signing off”. The 38-year-old Rahane has played 85 Tests, 90 ODIs and 20 T20Is for India.

Follow Us