Sanju Samson: കേരള പയ്യന്‍, തമിഴും പറയും; ചെന്നൈയില്‍ സഞ്ജു പൊളിക്കും; വൈസ് ക്യാപ്റ്റനാക്കണമെന്ന് കുംബ്ലെ
Anil Kumble says Sanju Samson joining CSK was a good move: ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അധ്യായം ഈ സീസണ്‍ മുതല്‍ ആരംഭിക്കുകയാണ് സഞ്ജു സാംസണ്‍. സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കണമെന്ന് അനില്‍ കുംബ്ലെ. സഞ്ജുവിന്റെ വരവ് സിഎസ്‌കെയുടെ മികച്ച നീക്കമെന്നും നിരീക്ഷണം.

സഞ്ജു സാംസണ്‍
ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം, ഐപിഎല്ലിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ് സഞ്ജു സാംസണ്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അധ്യായം ഈ സീസണ്‍ മുതല്‍ ആരംഭിക്കുകയാണ് സഞ്ജു. എംഎസ് ധോണി എല്ലാ മത്സരങ്ങളിലും കളിക്കുമോയെന്നതില്‍ അവ്യക്തത തുടരുകയാണ്. ധോണി എല്ലാ മത്സരങ്ങളിലും കളിച്ചാല്‍ ഒരു ബാറ്ററെന്ന നിലയില്‍ മാത്രം സഞ്ജുവിന് കളിക്കേണ്ടി വരും. റുതുരാജ് ഗെയ്ക്‌വാദാണ് ക്യാപ്റ്റന്‍.
സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരം അനില്‍ കുംബ്ലെ രംഗത്തെത്തി. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവായിരുന്നു ക്യാപ്റ്റന്‍. അദ്ദേഹത്തിന് സിഎസ്‌കെയുടെ ലീഡര്‍ഷിപ്പില്‍ സുപ്രധാന പങ്ക് വഹിക്കാനാകുമെന്നാണ് കുംബ്ലെയുടെ നിരീക്ഷണം. ഏതെങ്കിലും സാഹചര്യത്തില്‍ റുതുരാജിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍, ക്യാപ്റ്റനായി സഞ്ജുവിനെ പരിഗണിക്കാമെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി.
അനുയോജ്യമായ റോള്‍
നിലവില്‍ വൈസ് ക്യാപ്റ്റന്റെ റോളാണ് സഞ്ജുവിന് ചേരുന്നതെന്നാണ് കുംബ്ലെയുടെ നിരീക്ഷണം. കഴിഞ്ഞ വര്‍ഷം റുതുരാജിന് പരിക്കേറ്റപ്പോള്‍, ധോണിക്ക് ക്യാപ്റ്റന്‍സി ഏറ്റെടുക്കേണ്ടി വന്നു. നേരത്തെ രവീന്ദ്ര ജഡേജ ക്യാപ്റ്റനായിരുന്നപ്പോഴും, സീസണിന്റെ പകുതിക്ക് വെച്ച് ക്യാപ്റ്റന്‍സി വീണ്ടും ധോണിയിലെത്തി.
ധോണിയുടെ പിന്‍ഗാമിയായി ആരെ ക്യാപ്റ്റനാക്കുമെന്നതില്‍ വെല്ലുവിളികളുണ്ടായിരുന്നു. അങ്ങനെ റുതുരാജിനെ ക്യാപ്റ്റനാക്കി. ഇപ്പോള്‍ സഞ്ജു ടീമിലെത്തിയെങ്കിലും റുതുരാജ് ക്യാപ്റ്റനായി തുടരുന്നതാണ് നല്ലതെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി.
സീസണില്‍ ഏതെങ്കിലും ഘട്ടത്തില്‍ ധോണി സഞ്ജുവിന് കീപ്പിങ് ചുമതല നല്‍കിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. സഞ്ജു ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമാണ്. പരിക്ക് മൂലമോ, മറ്റേതെങ്കിലും കാരണത്താലോ റുതുരാജ് കളിച്ചില്ലെങ്കില്‍ ധോണിയുണ്ടെങ്കിലും സഞ്ജു ക്യാപ്റ്റനായി ചുമതലയേല്‍ക്കുമെന്നും കുംബ്ലെ വ്യക്തമാക്കി.
മികച്ച നീക്കം
സഞ്ജുവിന്റെ വരവ് സിഎസ്‌കെയുടെ മികച്ച നീക്കമാണെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു. സഞ്ജു മികച്ച ഫോമിലാണ്. മൂന്ന് മികച്ച ഇന്നിങ്‌സുകളിലൂടെ താരം ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് നേടിക്കൊടുത്തു. സഞ്ജുവിന്റെ ഫോം സിഎസ്‌കെയ്ക്ക് ഗുണം ചെയ്യുമെന്നാണ് കുംബ്ലെയുടെ നിരീക്ഷണം.
ധോണിയുടെ മാതൃകയിലുള്ള വിക്കറ്റ് കീപ്പറാണ് സഞ്ജു. കേരളത്തില്‍ ജനിച്ച, തമിഴും സംസാരിക്കുന്ന താരം. ചെന്നൈ ടീമിന് അനുയോജ്യനായ താരമാണ് സഞ്ജു. സഞ്ജുവിന്റെ അനുഭവപരിചയവും, പശ്ചാത്തലവും സിഎസ്‌കെയെ ശക്തിപ്പെടുത്തുമെന്നും, കൂടുതല്‍ ആരാധകരെ സൃഷ്ടിക്കുമെന്നും കുംബ്ലെ വ്യക്തമാക്കി.