Gautam Gambhir: ഗൗതം ഗംഭീര്‍ ആ പറഞ്ഞതൊന്നും ബിസിസിഐയ്ക്ക് ഇഷ്ടമായില്ല; ബോര്‍ഡ് അതൃപ്തിയില്‍
Gautam Gambhir's Press Conference Remarks: പിച്ചിനെക്കുറിച്ച് ഗംഭീര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ബിസിസിഐ ചൊടിപ്പിച്ചത്. അതൃപ്തിയിലാണെങ്കിലും ഗംഭീറിനെതിരെ ബിസിസിഐ നടപടി സ്വീകരിച്ചേക്കില്ല

Gautam Gambhir
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ഇന്ത്യ നിരാശജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടില്‍ നടന്ന രണ്ട് മത്സരങ്ങളുടെ പരമ്പര പൂര്‍ണമായും അടിയറവ് വച്ചതിന് പിന്നാലെ ഗംഭീറിനെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. എന്നാല്‍ ഗംഭീറിനെ പരിശീലകസ്ഥാനത്തുനിന്ന് നീക്കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഗംഭീറിന് പൂര്‍ണ പിന്തുണയാണ് ബിസിസിഐ നല്‍കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ ബിസിസിഐ അതൃപ്തിയിലാണെന്നാണ് വിവരം.
കൊൽക്കത്ത പിച്ചിനെക്കുറിച്ച് ഗംഭീര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ബിസിസിഐ ചൊടിപ്പിച്ചത്. അതൃപ്തിയിലാണെങ്കിലും ഗംഭീറിനെതിരെ ബിസിസിഐ നടപടി സ്വീകരിച്ചേക്കില്ല. ഈഡൻ ഗാർഡൻസിലെ പ്രതലത്തെ ഗംഭീര്‍ പിന്തുണച്ചതാണ് ബോർഡിനുള്ളിലെ അതൃപ്തിക്ക് കാരണമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈഡന്‍ ഗാര്‍ഡനില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 30 റണ്‍സിന് തോല്‍പിച്ചിരുന്നു. എന്നാല്‍ ടീം ആവശ്യപ്പെട്ടതുപോലെ തന്നെയായിരുന്നു പിച്ചിന്റെ സ്വഭാവമെന്ന് മത്സരശേഷം ഗംഭീര്‍ പറഞ്ഞു. തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന പിച്ച് ഇതായിരുന്നു. ആഗ്രഹിച്ച പിച്ച് കിട്ടു. ക്യുറേറ്റര്‍ സഹായിച്ചു. എന്നാല്‍ നന്നായി കളിച്ചില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുമെന്നായിരുന്നു തോല്‍വിയെക്കുറിച്ച് ഗംഭീര്‍ പറഞ്ഞത്.
വലിയ ഷോട്ടുകൾ കളിക്കാൻ കഴിയുന്ന ഒരു വിക്കറ്റായിരിക്കില്ല അത്. എന്നാല്‍ പോരാടാന്‍ തയ്യാറാണെങ്കില്‍ റണ്‍സ് കണ്ടെത്താനാകുന്ന വിക്കറ്റായിരുന്നു അത്. ആ വിക്കറ്റില്‍ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. കളിക്കാനാകാത്ത വിക്കറ്റായിരുന്നില്ല അതെന്നും ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍ വ്യക്തമാക്കിയിരുന്നു. ഈ പരാമര്‍ശങ്ങളിലാണ് ബിസിസിഐയ്ക്ക് അതൃപ്തിയെന്നാണ് റിപ്പോര്‍ട്ട്.
ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും, വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ തിരിച്ചടിക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നാളെ ആരംഭിക്കും. ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പരയുണ്ട്. ടി20 ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.