Gill-Iyer Injury Update: ഗില്ലും, അയ്യരും എന്ന് മടങ്ങിയെത്തും? നിര്‍ണായക അപ്‌ഡേറ്റ് നല്‍കി ബൗളിങ് പരിശീലകന്‍
Shubman Gill and Shreyas Iyer Injury Update: ശുഭ്മാന്‍ ഗില്ലിന്റെയും, ശ്രേയസ് അയ്യരുടെയും പരിക്കിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവച്ച്മോണി മോര്‍ക്കല്‍. ഇരുവര്‍ക്കും പുരോഗതിയുണ്ടെന്ന മോര്‍ക്കലിന്റെ വെളിപ്പെടുത്തല്‍ ആശ്വാസം പകരുന്നതാണ്
ന്യൂഡല്‍ഹി: ശുഭ്മാന്‍ ഗില്ലിന്റെയും, ശ്രേയസ് അയ്യരുടെയും പരിക്കിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ ടീം ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍. ഇരുവര്‍ക്കും ഏറെ പുരോഗതിയുണ്ടെന്ന മോര്‍ക്കലിന്റെ വെളിപ്പെടുത്തല്‍ ആശ്വാസം പകരുന്നതാണ്. രണ്ട് താരങ്ങളും സുഖം പ്രാപിക്കുന്നതായി മോര്‍ക്കല്‍ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് ഗില്ലുമായി സംസാരിച്ചിരുന്നു. അദ്ദേഹം സുഖം പ്രാപിക്കുകയാണ്. അത് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോര്‍ക്കല്‍ വ്യക്തമാക്കി.
ശ്രേയസ് റിഹാബ് ആരംഭിച്ചു. അത് നല്ല കാര്യമാണ്. അദ്ദേഹത്തെ സ്‌ക്വാഡിലേക്ക് തിരികെ സ്വാഗതം ചെയ്യാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. താരങ്ങള്‍ ആരോഗ്യവാന്മാരാണെന്നും ടീമിലേക്ക് തിരികെ വരുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്നും മോര്‍ക്കല്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗില്ലിന് കഴുത്തില്‍ പരിക്കേറ്റത്. തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. പരിക്കിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റിലും, ഏകദിന പരമ്പരയിലും ഗില്‍ കളിച്ചില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുമോയെന്ന് വ്യക്തമല്ല. ടി20 പരമ്പരയില്‍ കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് അയ്യര്‍ക്ക് പരിക്കേറ്റത്. ഈ പരിക്ക് ഗുരുതരമായിരുന്നു. ഫീല്‍ഡിങിനിടെയാണ് അയ്യര്‍ക്ക് പരിക്കേറ്റത്. പ്ലീഹയ്ക്ക് പരിക്കേല്‍ക്കുകയും, ആന്തരിക രക്തസ്രാവമുണ്ടാവുകയും ചെയ്തു. താരം ഡ്രസിങ് റൂമില്‍ കുഴഞ്ഞുവീണെന്നായിരുന്നു റിപ്പോര്‍ട്ട്.
തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തോളം ഐസിയുവിലായിരുന്നു. പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. ക്രിക്കറ്റിലേക്ക് അയ്യരുടെ മടങ്ങിവരവ് വൈകുമെന്നാണ് വിവരം. ഐപിഎല്‍ 2026 സീസണോടെയാകും അയ്യര്‍ തിരിച്ചെത്തുന്നത്.