CCL 2026: മദൻ മോഹൻ്റെ മാസ്മരിക ഇന്നിംഗ്സ്; മുംബൈക്കാരോട് ‘ജാവോ’ പറഞ്ഞ് കേരള സ്ട്രൈക്കേഴ്സ്
Kerala Strikers Wins Against Mumbai Heroes: സെലബ്രിറ്റി ക്രിക്കറ്റ് ലീഗിൽ മുംബൈ ഹീറോസിനെതിരെ കേരള സ്ട്രൈക്കേഴ്സിന് ജയം. അഞ്ച് വിക്കറ്റിനാണ് കേരള വിജയിച്ചത്.
സെലബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന് ജയത്തുടക്കം. മുംബൈ ഹീറോസിനെ അഞ്ച് വിക്കറ്റിന് തറപറ്റിച്ചാണ് സ്ട്രൈക്കേഴ്സ് അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. മുംബൈ മുന്നോട്ടുവച്ച 192 റൺസിൻ്റെ വിജയലക്ഷ്യം മൂന്ന് പന്തും അഞ്ച് വിക്കറ്റും ബാക്കിനിർത്തി കേരള മറികടക്കുകയായിരുന്നു. 74 റൺസുമായി പുറത്താവാതെ നിന്ന മദൻ മോഹനാണ് കേരളത്തിൻ്റെ വിജയശില്പി.
ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി തോമാർ നവ്ദീപ് (58) ആണ് തിളങ്ങിയത്. ശരദ് കേൽകർ (38), സാഖിബ് സലീം (29) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ഉണ്ണി മുകുന്ദനും അരുൺ ബെന്നിയും കേരളത്തിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പ്ലയർ കാറ്റഗറി നിയമം നിലനിൽക്കുന്നതിനാൽ അഖിൽ മാരാർക്ക് പന്തെറിയാൻ കഴിഞ്ഞില്ല.
Also Read: VHT 2026: ഫൈനലിൽ സൗരാഷ്ട്രയ്ക്ക് കാലിടറി; വിജയ് ഹസാരെ ട്രോഫി കിരീടം ചൂടി വിദർഭ
മറുപടി ബാറ്റിംഗിൽ ഉണ്ണി മുകുന്ദനും അർജുൻ നന്ദകുമാറും ചേർന്ന് മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. 42 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ 18 റൺസ് നേടിയ ഉണ്ണി മടങ്ങി. പിന്നാലെ ജീൻ പോൾ ലാൽ (21), അർജുൻ നന്ദകുമാർ (29) എന്നിവരും പവലിയനിൽ മടങ്ങിയെത്തി. 10.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലാണ് വിവേക് ഗോപനും മദൻ മോഹനും ക്രീസിൽ ഒരുമിക്കുന്നത്.
ഒരു മദൻ മോഹൻ ഷോ ആണ് പിന്നീട് കളത്തിൽ കണ്ടത്. മുംബൈ ബൗളർമാരെ പിച്ചിച്ചീന്തിയ താരത്തിന് വിവേക് ഗോപൻ ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 102 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനിടെ മദൻ മോഹൻ ഫിഫ്റ്റി തികച്ചിരുന്നു.
27 പന്തിൽ 38 റൺസ് നേടി വിവേക് ഗോപൻ മടങ്ങി. പിന്നാലെ മണിക്കുട്ടനും (0) പുറത്ത്. എന്നാൽ, 30 പന്തിൽ അഞ്ച് ബൗണ്ടറിയും ഏഴ് സിക്സും സഹിതം പുറത്താവാതെ നിന്ന മദൻ മോഹൻ കേരളത്തിന് അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു.