Duleep Trophy 2025: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ അഞ്ച് കേരള താരങ്ങള്‍, അസ്ഹറുദ്ദീന്‍ വൈസ് ക്യാപ്റ്റന്‍; സഞ്ജുവില്ല
Duleep Trophy South Zone Team Announced: ഇത്തവണ ദുലീപ് ട്രോഫി ആറ് ടീമുകൾ തമ്മിലുള്ള സോണൽ ഫോർമാറ്റിലാകും നടക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യ എ, ബി, സി, ഡി എന്നിങ്ങനെ തരംതിരിച്ചായിരുന്നു മത്സരം. ഓഗസ്റ്റ് 28 മുതൽ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നാല് ദിവസത്തെ ടൂർണമെന്റ് നടക്കും

മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിങ്
രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കേരള താരങ്ങള്‍ ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം. മുഹമ്മദ് അസ്ഹറുദ്ദീൻ, സല്‍മാന്‍ നിസാര്‍, എംഡി നിധീഷ്, ബേസില്‍ എന്‍പി എന്നിവര്‍ പ്രധാന ടീമിലും, ഏദന്‍ ആപ്പിള്‍ ടോം സ്റ്റാന്‍ഡ് ബൈ താരമായും ഇടം നേടി. തിലക് വര്‍മ നയിക്കുന്ന ടീമില്‍ അസ്ഹറുദ്ദീനാണ് ഉപനായകന്‍. സഞ്ജു സാംസണ്‍ ടീമിലില്ല. രഞ്ജി ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് അഞ്ച് കേരള താരങ്ങള്‍ക്ക് സൗത്ത് സോണ്‍ ടീമിലേക്കുള്ള വഴി വെട്ടിയത്.
ടൂര്‍ണമെന്റിലുടനീളം തിളങ്ങിയ അസ്ഹറുദ്ദീനെ വൈസ് ക്യാപ്റ്റനാക്കിയത് അദ്ദേഹത്തിന്റെ പ്രകടനമികവിനുള്ള അംഗീകാരമായി. ഇത്തവണ ദുലീപ് ട്രോഫി ആറ് ടീമുകൾ തമ്മിലുള്ള സോണൽ ഫോർമാറ്റിലാകും നടക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യ എ, ബി, സി, ഡി എന്നിങ്ങനെ തരംതിരിച്ചായിരുന്നു മത്സരം.
ഓഗസ്റ്റ് 28 മുതൽ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നാല് ദിവസത്തെ ടൂർണമെന്റ് നടക്കും. ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ നോർത്ത് സോൺ ഈസ്റ്റ് സോണിനെയും സെൻട്രൽ സോൺ നോർത്ത് ഈസ്റ്റ് സോണിനെയും നേരിടും. സൗത്ത് സോൺ, വെസ്റ്റ് സോൺ ടീമുകള്‍ നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശനം നേടിയിരുന്നു.
സൗത്ത് സോണ്‍ ടീം
തിലക് വർമ്മ (ഹൈദരാബാദ്), മുഹമ്മദ് അസ്ഹറുദ്ദീൻ (കേരളം), തൻമയ് അഗർവാൾ (ഹൈദരാബാദ്), ദേവദത്ത് പടിക്കൽ (കർണാടക), മോഹിത് കാലെ (പോണ്ടിച്ചേരി), സൽമാൻ നിസാർ (കേരളം), നാരായൺ ജഗദീശൻ (തമിഴ്നാട്), ത്രിപുരാണ വിജയ് (ആന്ധ്ര), ആർ സായി കിഷോർ (തമിഴ്നാട്), തനായ് ത്യാഗരാജൻ (ഹൈദരാബാദ്), വിജയ്കുമാർ വൈശാഖ് (കർണാടക), നിധീഷ് എംഡി (കേരളം), റിക്കി ഭുയി (ആന്ധ്ര), ബേസിൽ എൻ.പി (കേരളം), ഗുർജപ്നീത് സിംഗ് (തമിഴ്നാട്), സ്നേഹൽ കൗത്താങ്കർ (ഗോവ).
സ്റ്റാൻഡ് ബൈ താരങ്ങള്‍: ഏദൻ ആപ്പിൾ ടോം (കേരളം), മോഹിത് റെഡ്കർ (ഗോവ), ആർ സ്മരൺ (കർണാടക), അങ്കിത് ശർമ (പോണ്ടിച്ചേരി),ആന്ദ്രേ സിദ്ധാർഥ് (തമിഴ്നാട്), ഷെയ്ഖ് റഷീദ് (ആന്ധ്ര).
സഞ്ജുവിന് തിരിച്ചടി
കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ കളിക്കാത്തതാണ് സഞ്ജു സാംസണ് തിരിച്ചടിയായത്. ദുലീപ് ട്രോഫിക്കുള്ള ടീമില്‍ സഞ്ജുവിനെ പരിഗണിക്കാത്തത് അദ്ദേഹത്തിന്റെ റെഡ്‌ബോള്‍ സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്.