Sanju Samson: വൈസ് ക്യാപ്റ്റനല്ല, ക്യാപ്റ്റൻ തന്നെ; സഞ്ജു ചെന്നൈയിലെത്തുക ധോണിക്ക് പകരമെന്ന് റിപ്പോർട്ട്
Sanju Samson To CSK As Captain: സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലെത്തുക വൈസ് ക്യാപ്റ്റനായെന്ന് റിപ്പോർട്ടുകൾ. എംഎസ് ധോണി വിരമിച്ചേക്കുമെന്നും ധോണിക്ക് പകരക്കാരനായാവും സഞ്ജു എത്തുക എന്നുമാണ് റിപ്പോർട്ട്.

വൈസ് ക്യാപ്റ്റനായല്ല, സഞ്ജുവിനെ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെത്തിക്കുക ക്യാപ്റ്റനായിത്തന്നെയെന്ന് റിപ്പോർട്ട്. 2026 സീസണിൽ ഋതുരാജ് ഗെയ്ക്വാദിന് പകരം ക്യാപ്റ്റനായാവും സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കുക. മിനി ലേലത്തിന് മുൻപ് തന്നെ ട്രേഡ് ഡീലിനാണ് ചെന്നൈയുടെ ശ്രമമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സിലെത്തുമെന്ന വാർത്തകൾ ശക്തമാണ്.
നിലവിൽ ഋതുരാജ് ഗെയ്ക്വാദ് ആണ് ടീം ക്യാപ്റ്റനെങ്കിലും ആദ്യ കുറച്ച് മത്സരങ്ങൾക്ക് ശേഷം താരം പരിക്കേറ്റ് പുറത്തായതോടെ എംഎസ് ധോണി വീണ്ടും ടീമിനെ നയിച്ചിരുന്നു. ധോണി അടുത്ത സീസണിൽ കളിക്കില്ലെന്നും താരത്തിന് പകരക്കാരനായി എത്തുന്ന സഞ്ജു ഗെയ്ക്വാദിൽ നിന്ന് ക്യാപ്റ്റൻസി ഏറ്റെടുക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളിൽ സഞ്ജു വൈസ് ക്യാപ്റ്റനായി എത്തുമെന്നായിരുന്നു സൂചനകൾ. ഈ സൂചനകളാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ തന്നെ സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സോ കൊൽക്കത്ത നൈറ്റ് റൈഡേഴ്സോ സഞ്ജുവിനെ സ്വന്തമാക്കിയേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. സഞ്ജു ടീം വിടുമ്പോൾ യശസ്വി ജയ്സ്വാൾ രാജസ്ഥാൻ ക്യാപ്റ്റൻസി ഏറ്റെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.




2013 മുതൽ രാജസ്ഥാൻ റോയൽസിനൊപ്പമുള്ള സഞ്ജു 2021ൽ ടീം ക്യാപ്റ്റനായി. അടുത്ത സീസണിൽ ടീമിനെ ഫൈനൽ വരെയെത്തിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ടീം പ്ലേ ഓഫിലെത്തിയില്ല. സീസണിലെ പല മത്സരങ്ങളിലും സഞ്ജുവിന് കളിക്കാനായില്ല. പരിക്കേറ്റ് പുറത്തായ സഞ്ജുവിന് പകരം റിയാൻ പരാഗ് ആയിരുന്നു ആ മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ചത്.
2008ലെ ആദ്യ സീസൺ മുതൽ ഐപിഎൽ കളിക്കുന്ന ചെന്നൈയെ 2022 സീസണിൽ രവീന്ദ്ര ജഡേജ നയിച്ചിരുന്നു. എന്നാൽ, പ്രകടനം മോശമായതോടെ വീണ്ടും ധോണി ക്യാപ്റ്റൻസി ഏറ്റെടുത്തു. കഴിഞ്ഞ സീസണിലാണ് ഗെയ്ക്വാദ് ക്യാപ്റ്റനായത്.