Sanju Samson: ഇന്ത്യൻ ജഴ്സിയിൽ സഞ്ജുവിൻ്റെ തിരിച്ചുവരവ് വൈകും; ബംഗ്ലാദേശ് പര്യടനം മാറ്റിവച്ചതായി ക്രിക്കറ്റ് ബോർഡുകൾ
India - Bangladesh White Ball Series Postponed: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരിമിത ഓവർ പരമ്പരകൾ മാറ്റിവച്ചു. ഇക്കൊല്ലം ഓഗസ്റ്റിൽ തീരുമാനിച്ചിരുന്ന ഇന്ത്യൻ പര്യടനമാണ് മാറ്റിവച്ചത്.

ഓഗസ്റ്റിൽ തീരുമാനിച്ചിരുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം മാറ്റിവച്ചതായി സ്ഥിരീകരണം. ഏകദേശം വരു വർഷത്തിലധികം കഴിഞ്ഞാവും ഈ പര്യടനം നടക്കുക. ഈ വർഷം ഓഗസ്റ്റിൽ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളടങ്ങിയ പര്യടനമാണ് തീരുമാനിച്ചിരുന്നത്. ഈ പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ പര്യടനം മാറ്റിവച്ചു എന്നാണ് നിലവിലെ സ്ഥിരീകരണം.
ഈ വർഷം ഓഗസ്റ്റിൽ തീരുമാനിച്ചിരുന്ന പര്യടനം 2026 സെപ്തംബറിലാവും ഇനി നടക്കുക. ഇക്കാര്യം ബിസിസിഐയും ബിസിബിയും ചേർന്നുള്ള സംയുക്ത വാർത്താകുറിപ്പിൽ അറിയിച്ചു. “ഇരു ബോർഡുകളും തമ്മിലുള്ള ചർച്ചകളെ തുടർന്ന് തീരുമാനമെടുത്തിരിക്കുന്നു. രാജ്യാന്തര ക്രിക്കറ്റ് കലണ്ടറും ഇരു ടീമുകളുടെയും മത്സരക്രമവും പരിഗണിച്ചാണ് തീരുമാനം. 2026 സെപ്തംബറിൽ ഈ പര്യടനത്തിനായി ബിസിബി ഇന്ത്യയെ ക്ഷണിക്കുന്നു. പുതുക്കിയ തീയതിയും മത്സരക്രമവും പിന്നീട് അറിയിക്കും.”- വാർത്താകുറിപ്പിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പറഞ്ഞു.
ഓഗസ്റ്റ് 17 മുതൽ 31 വരെയാണ് പര്യടനം തീരുമാനിച്ചിരുന്നത്. പര്യടനം മാറ്റിവച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സമീപകാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയബന്ധം ഏറെ വഷളായി. ഇതിൻ്റെ അടിസ്ഥാനത്തിൽ പര്യടനം നടന്നേക്കില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് ശരിവെക്കുന്ന തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്തതിന് ശേഷമാണ് ബിസിസിഐ ഈ തീരുമാനത്തിലെത്തിയത്.




അതേസമയം, ഏഷ്യാ കപ്പിൻ്റെ കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. ഇക്കൊല്ലം നടക്കുന്ന ടൂർണമെൻ്റിൽ ഇന്ത്യ പങ്കെടുക്കുമെന്നും ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. ടൂർണമെൻ്റിൽ പാകിസ്താനെതിരെ ഇന്ത്യയുടെ മത്സരത്തിൻ്റെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നു. എന്നാൽ, ഐസിസി, ഐസിസി ഇവൻ്റുകളിൽ ഇന്ത്യ പാകിസ്താനെതിരെ കളിക്കുമെന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പിൽ ഇന്ത്യ കളിക്കുമെന്നും സൂചനയുണ്ട്. ഇതിലും ഏറെ വൈകാതെ ബിസിസിഐ നിലപാട് അറിയിച്ചേക്കും.