Kerala Cricket League 2025: സഞ്ജു സാംസണായി കീശ കാലിയാക്കുമോ ടീമുകൾ?; തൃശൂരും കൊച്ചിയും തയ്യാർ
Sanju Samson In KCL Auction 2025: സഞ്ജു സാംസൺ കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം സീസണിൽ രജിസ്റ്റർ ചെയ്തതോടെ ടീമുകളുടെ കീശ കാലിയാവുമെന്നുറപ്പ്. എല്ലാ ടീമുകളും സഞ്ജുവിനായി ശ്രമിക്കുമെങ്കിലും ആരെയും നിലനിർത്താത്ത കൊച്ചി ബ്ലൂ ടൈഗേഴ്സും തൃശൂർ ടൈറ്റൻസുമാവും മുൻപന്തിയിൽ.
കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം സീസണുള്ള ലേലത്തിൽ സഞ്ജു സാംസണും രജിസ്റ്റർ ചെയ്തതോടെ ക്രിക്കറ്റ് പ്രേമികൾ ആവേശത്തിലാണ്. കേരളത്തിൽ നിന്ന് ഐപിഎൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ വരെ ആയ സഞ്ജു സാംസൺ കെസിഎലിൽ കളിക്കുന്നു എന്നത് പലതരത്തിലും ക്രിക്കറ്റ് പ്രേമികൾക്ക് ഉണർവാണ്. സഞ്ജു കൂടി ടേബിളിൽ എത്തുന്നതോടെ ടീമുകൾ എങ്ങനെയാവും തങ്ങളുടെ പണം ചിലവഴിക്കുക എന്നത് ശ്രദ്ധേയമാവും. ഈ മാസം അഞ്ചിനാണ് ലേലം.
എല്ലാ ടീമുകളും സഞ്ജുവിനായി ശ്രമിക്കുമെങ്കിലും ഒരാളെയും നിലനിർത്താത്ത തൃശൂർ ടൈറ്റൻസും കൊച്ചി ബ്ലൂ ടൈഗേഴ്സും ആവും സഞ്ജുവിനായി ആഞ്ഞ് ശ്രമിക്കുക. സഞ്ജുവിനെ ഉയർന്ന പണം നൽകി ടീമിലെത്തിച്ച് മറ്റ് താരങ്ങളെ കണ്ടെത്തുകയാവും ഈ ടീമുകളുടെ ശ്രമം. കഴിഞ്ഞ സീസണിൽ തൃശൂർ ടൈറ്റൻസിനെ വരുൺ നായനാരും കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സച്ചിൻ ബേബിയുമാണ് നയിച്ചത്.
50 ലക്ഷം രൂപയാണ് ലേലത്തിൽ ഓരോ ടീമുകൾക്കും പരമാവധി ചിലവഴിക്കാവുന്ന തുക. ഇതാണ് ടീമുകൾക്ക് വെല്ലുവിളി ആവുക. സഞ്ജുവിനെ ടീമിലെത്തിക്കാൻ ആഗ്രഹമുണ്ടെന്ന് ആലപ്പി റിപ്പിൾസ് പരിശീലകൻ സോണി ചെറുവത്തൂർ പറഞ്ഞിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഗ്നേഷ് പുത്തൂര്‍, അക്ഷയ് ചന്ദ്രന്‍, അക്ഷയ് ടികെ എന്നിവരെ ടീം നിലനിർത്തുകയും ചെയ്തു.




170 താരങ്ങളാണ് ലേലത്തിൻ്റെ പ്രാഥമിക പട്ടികയിൽ ഉള്ളത്. ഈ പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ പേരാണ് സഞ്ജു സാംസൺ. എല്ലാ ടീമുകളും സഞ്ജുവിനായി ശ്രമിക്കുമെന്നുറപ്പാണ്. പരമാവധി 15 ലക്ഷം രൂപ വരെയാവും സഞ്ജുവിനായി ടീമുകൾ മുടക്കാൻ തയ്യാറാവുക. കഴിഞ്ഞ സീസണിൽ 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് ടീമിലെത്തിച്ച എം സജീവൻ അഖിലിൻ്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്. ഈ റെക്കോർഡ് സഞ്ജു മറികടക്കുമെന്നുറപ്പാണ്.