മറക്കാനാകാത്ത ബാറ്റിങ് വെടിക്കെട്ടുകൾ ബാക്കി! വിരമിക്കൽ പ്രഖ്യാപിച്ച് ഗ്ലെൻ മാക്സ്വെൽ
Glenn Maxwell retires from international cricket: ഒരു പോഡ്കാസ്റ്റിലൂടെയാണ് ഓസീസ് ടീമിൽനിന്നുള്ള തന്റെ വിരമിക്കൽ തീരുമാനം ഗ്ലെൻ മാക്സ്വെൽ ഔദ്യോഗികമായി പുറത്തുവിട്ടത്. 2015-ലെ ഏകദിന ലോകകപ്പ്, 2021-ലെ ടി20 ലോകകപ്പ്, 2023-ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഓസ്ട്രേലിയൻ ടീമുകളിലെ നിർണായക സാന്നിധ്യമായിരുന്നു മാക്സ്വെൽ. 38 വയസുകാരനായ മാക്സ്വെൽ ഇതുവരെ 149 ഏകദിനങ്ങളും 130 ടി20 മത്സരങ്ങളും ഏഴ് ടെസ്റ്റ് മത്സരങ്ങളും ഓസീസിനായി കളിച്ചിട്ടുണ്ട്.

Glenn Maxwell Retires From International Cricket
ഓസ്ട്രേലിയൻ ക്രിക്കറ്റിനെയും കായികലോകത്തെ ഒന്നാകെയും നിരാശരാക്കിക്കൊണ്ട്, വെടിക്കെട്ട് ബാറ്റിങ്ങിന്റെ ‘ആശാൻ’ ഗ്ലെൻ മാക്സ്വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിക്കറ്റ് ലോകത്ത് ‘ദി ബിഗ് ഷോ’ (The Big Show) എന്നറിയപ്പെടുന്ന മാക്സ്വെൽ, ഒരു പോഡ്കാസ്റ്റിലൂടെയാണ് ഓസീസ് ടീമിൽനിന്നുള്ള തന്റെ വിരമിക്കൽ തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടത്. 2015-ലെ ഏകദിന ലോകകപ്പ്, 2021-ലെ ടി20 ലോകകപ്പ്, 2023-ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഓസ്ട്രേലിയൻ ടീമുകളിലെ നിർണായക സാന്നിധ്യമായിരുന്നു മാക്സ്വെൽ. 38 വയസുകാരനായ മാക്സ്വെൽ ഇതുവരെ 149 ഏകദിനങ്ങളും 130 ടി20 മത്സരങ്ങളും ഏഴ് ടെസ്റ്റ് മത്സരങ്ങളും ഓസീസിനായി കളിച്ചിട്ടുണ്ട്. അതിൽ പലതും ക്രിക്കറ്റ് ആരാധകരുടെ ആവേശത്തിന് തിരി കൊളുത്തുന്നപോലുള്ള ബാറ്റിങ് വെടിക്കെട്ടുകൾ കാഴ്ചവച്ചവയായിരുന്നു.
2025 ജൂൺ 2-ന് മാക്സ്വെൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. 2026 ഫെബ്രുവരിയിൽ ഒമാനെതിരെ നടന്ന ടി20 ലോകകപ്പ് മത്സരമായിരുന്നു അദ്ദേഹത്തിന്റെ അവസാന ടി20 അന്താരാഷ്ട്ര മത്സരം. നവംബർ 21-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് മാക്സ്വെല്ലിന്റെ വിരമിക്കൽ പ്രഖ്യാപനം എത്തിയത്.
Also Read: Sanju Samson: സഞ്ജുവിന് വില്ലനാകുന്നത് സ്വന്തം ബാറ്റിങ് ശൈലി; തിരുത്തേണ്ടത് ഈ പിഴവുകൾ
ഹോം ഗ്രൗണ്ടിൽ ഓസ്ട്രേലിയയ്ക്കായി ഒരു അവസാന മത്സരം കൂടി കളിക്കാൻ താൻ ആഗ്രഹിച്ചിരുന്നതായി ദി ഫൈനൽ വേർഡ്’ എന്ന പോഡ്കാസ്റ്റിൽ മാക്സ്വെൽ പറഞ്ഞു. “MCG-യിൽ എനിക്കൊരു വിടവാങ്ങൽ മത്സരം ലഭിച്ചേക്കാം എന്നൊരു ചെറിയ പ്രതീക്ഷ എനിക്കുണ്ടായിരുന്നു, അല്ലെങ്കിൽ അതിനെക്കുറിച്ച് ഒരു ചർച്ചയെങ്കിലും നടക്കുമെന്ന് കരുതിയിരുന്നു”.
”എന്നാൽ, ഈ ടീമിനെ അവർ കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന രീതി എനിക്ക് പൂർണ്ണമായും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. 2028-ലെ ഒളിമ്പിക്സ് വരാനിരിക്കുന്ന സാഹചര്യത്തിൽ, അടുത്ത 12 മുതൽ 24 മാസത്തിനുള്ളിൽ ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വളർന്നുവരുന്ന യുവതാരങ്ങളെ കണ്ടെത്താനും, ബി.ബി.എൽ (BBL) മത്സരങ്ങളിൽ ലഭിക്കാത്ത തരത്തിലുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങളെ നേരിടാൻ അവരെ പ്രാപ്തരാക്കാനും അവർക്ക് ശ്രദ്ധിക്കേണ്ടതുണ്ട്,” എന്ന് മാക്സ്വെൽ പറഞ്ഞു.
മാക്സ്വെല്ലിന്റെ വിരമിക്കലോടെ ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ‘ദ ബിഗ് ഷോ’ യുഗത്തിനാണ് കർട്ടൻ വീഴുന്നത്. വളരെ ആക്രമണോത്സുകമായ ബാറ്റിങ് ശൈലിയും മൈതാനത്തിന്റെ ഏത് കോണിലേക്കും പന്തുകൾ പായിക്കാനുള്ള അസാധാരണ കഴിവും കൊണ്ട് ക്രിക്കറ്റ് ലോകത്ത് ചരിത്രമെഴുതിയ താരമാണ് മാക്സ്വെൽ. അതിൽ ഏറ്റവും ശ്രദ്ധേയമായ ഏടുകളിലൊന്ന് 2023-ലെ ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ ഡബിൾ സെഞ്ച്വറി ആണ്.
കാലിന് ഗുരുതരമായ പരിക്കേറ്റിട്ടും വേദന കടിച്ചമർത്തി ഗ്ലെൻ മാക്സ്വെൽ നേടിയ ഇരട്ട സെഞ്ച്വറി (128ബോളിൽ 201 നോട്ടൗട്ട് ) ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. ക്രിക്കറ്റിലെ പരമ്പരാഗത ഷോട്ടുകൾക്കപ്പുറം, റിവേഴ്സ് സ്വീപ്പ്, സ്വിച്ച് ഹിറ്റ്, സ്കൂപ് ഷോട്ട് തുടങ്ങിയ അസാധാരണ ഷോട്ടുകൾ കൃത്യതയോടെ കളിക്കാനുള്ള അപാരമായ കഴിവിലൂടെ മാക്സ്വെല്ലിന്റെ ബാറ്റിങ് കാണികൾക്ക് ആവേശ നിമിഷങ്ങളാണ് സമ്മാനിച്ചിരുന്നത്.
ഗ്ലെൻ മാക്സ്വെൽ ബാറ്റ് ചെയ്യുമ്പോൾ ഫീൽഡ് സെറ്റ് ചെയ്യാൻ ബൗളർമാരും ക്യാപ്റ്റന്മാരും വല്ലാതെ വിഷമിച്ചിരുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ വെടിക്കെട്ട് ബാറ്റിങ് പെർഫോമൻസുകൾ കണ്ട മാത്യു വെയ്ഡ് നൽകിയ പേരാണ് ‘ദ ബിഗ് ഷോ’. സഹകളിക്കാരും ആരാധകരും സ്നേഹത്തോടെ ‘മാക്സി’ എന്നാണ് മാക്സ്വെല്ലിനെ വിളിക്കാറ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ (5 സെഞ്ച്വറികൾ) നേടിയ താരങ്ങളിൽ ഒരാളാണ് മാക്സ്വെൽ.
അന്താരാഷ്ട്ര ക്രിക്കറ്റിന് പുറമെ ആഭ്യന്തര ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ ക്രിക്കറ്റിൽ നിന്നും താരം പടിയിറങ്ങി. എങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ അദ്ദേഹം തുടർന്നും സജീവമായി ഉണ്ടാകും. മൈതാനത്ത് വെടിക്കെട്ട് ബാറ്റിങ്ങിന്റെ രോമാഞ്ച നിമിഷങ്ങൾ സൃഷ്ടിച്ചിരുന്ന ഗ്ലെൻ മാക്സ്വെല്ലിന്റെ, ഓസീസ് ടീമിൽ നിന്നുള്ള വിരമിക്കൽ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് മാത്രമല്ല, മുഴുവൻ ക്രിക്കറ്റ് ആരാധകർക്കും ഒരു നഷ്ടം തന്നെയാണ് എന്ന് വിലയിരുത്തപ്പെടുന്നു.
English Summary
Glenn Maxwell has announced his retirement from international cricket. Known in the cricketing world as ‘The Big Show’, Maxwell officially revealed his decision to retire from the Australian team via a podcast. He was a key member of the Australian squads that won the 2015 ODI World Cup, the 2021 T20 World Cup, and the 2023 ODI World Cup.