ഒരുകോടിയുടെ കടത്ത് സ്വർണവുമായി ഇടുക്കിക്കാരി കരിപ്പൂരിൽ: തട്ടിക്കൊണ്ടുപോകാൻ പൊട്ടിക്കൽ ടീം, പിന്നാലെ പോലീസും
Gold smuggling at Karipur: കരിപ്പൂരിൽ തിങ്കളാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് സ്വർണ്ണക്കടത്ത് സംഘങ്ങളുടെ തട്ടിക്കൊണ്ടുപോകലും ആക്രമണങ്ങളും അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് സ്വർണവുമായി എത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27), സ്വീകരിക്കാൻ എത്തിയ എറണാകുളം സ്വദേശി ഹർഷൽ (40), സ്വർണം പൊട്ടിക്കലിനെത്തിയ സംഘത്തിലെ നാദാപുരം കല്ലാച്ചി സ്വദേശികളായ സായന്ത് (28), ബബിലേഷ് (40) എന്നിവർ പിടിയിലായിട്ടുണ്ട്.
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിനിമകളെ വെല്ലും വിധത്തിൽ ക്രിമിനലുകളുടെ വിളയാട്ടം. ഒരു കോടിയുടെ കടത്തുസ്വർണവുമായി ഇടുക്കിക്കാരി വന്നിറങ്ങിയത് കരിപ്പൂരിൽ. കാരിയറായ ഇടുക്കിക്കാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കാൻ പത്തംഗ ‘പൊട്ടിക്കൽ’ ടീം, ഇരുകൂട്ടരെയും പിടികൂടാൻ പോലീസ്, പോലീസിനെ കാറിടിപ്പിച്ചിട്ട് രക്ഷപ്പെടാൻ പ്രതികളുടെ നീക്കം, ചാടി രക്ഷപ്പെടുന്ന പോലീസുകാരൻ… അങ്ങനെ ആകെ സിനിമ സീനുകളെ അനുസ്മരിപ്പിക്കും വിധമുള്ള സംഭവങ്ങളാണ് കരിപ്പൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുവതി അടക്കം നാല് പ്രതികളെ പോലീസ് പിടികൂടി, ബാക്കിയുള്ളവർ രക്ഷപ്പെട്ടു.
കരിപ്പൂരിൽ തിങ്കളാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് സ്വർണ്ണക്കടത്ത് സംഘങ്ങളുടെ ഈ തട്ടിക്കൊണ്ടുപോകലും ആക്രമണങ്ങളും മറ്റും അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് സ്വർണവുമായി എത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27), സ്വീകരിക്കാൻ എത്തിയ എറണാകുളം സ്വദേശി ഹർഷൽ (40), സ്വർണം പൊട്ടിക്കലിനെത്തിയ സംഘത്തിലെ നാദാപുരം കല്ലാച്ചി സ്വദേശികളായ സായന്ത് (28), ബബിലേഷ് (40) എന്നിവരാണ് പിടിയിലായത്.
Also Read: ലക്ഷ്യം വെച്ചത് അഭിരാമിനെയല്ലെന്ന് 17-കാരൻ; കേസിൽ വഴിത്തിരിവ്! പൊലീസിനെതിരെ ഗുരുതര ആരോപണം
പുലർച്ചെ വിമാനത്താവളത്തിന്റെ അറൈവൽ സോണിൽ സംശയാസ്‌പദമായ രീതിയിൽ ഒരു സംഘം നിലയുറപ്പിച്ചതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് ഗേറ്റിന് പുറത്തേക്ക് എത്തിയ ഒരു യാത്രക്കാരിയെ ഈ സംഘം പിന്തുടരുന്നത് കണ്ട പോലീസ് പിന്തുടർന്നു. താമരശ്ശേരി സ്വദേശി സ്വാലിഹ് കൊടുത്തുവിട്ട സ്വർണവുമായി എത്തിയ കാരിയറായ ഇടുക്കിക്കാരി അഭിരാമിയായിരുന്നു ആ യുവതി.
ഗേറ്റ് കടന്ന് അഭിരാമി തന്നെ കാത്തുനിന്ന എറണാകുളം സ്വദേശി ഹർഷലിന്റെ കൂടെ പാർക്കിങ് ഏരിയയിലേക്കുപോയി. ഈ സമയം സ്വർണം പൊട്ടിക്കാൻ എത്തിയ പത്തംഗ സംഘം അഭിരാമിയെ തടയുകയും അവരുടെ ട്രോളിബാഗ് തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതിയും ഒപ്പമുണ്ടായിരുന്ന ആളും ചെറുക്കാൻ നോക്കുന്നതിനിടെ പോലീസ് എത്തി സ്വർണ്ണക്കടത്ത് സംഘത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ചു.
തുടർന്ന് പൊട്ടിക്കൽ സംഘം പോലീസിനുനേരേ തിരിഞ്ഞു. ഹോം ഗാർഡ് മുരളീകൃഷ്ണയുടെ ശരീരം കടിച്ചുമുറിച്ചു. അക്രമിസംഘത്തിലെ കുറച്ചുപേർ അതിനിടെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച സ്‌പെഷ്യൽ സ്‌ക്വാഡിലെ പോലീസുകാരനെ കാറിടിപ്പിച്ച് വീഴ്ത്താനും ശ്രമമുണ്ടായി, സൈഡിലേക്ക് ചാടിമാറിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണക്കടത്തിന്റെയും പൊട്ടിക്കൽശ്രമത്തിന്റെയും വിവരങ്ങൾ പുറത്തായത്.
അഭിരാമിയുടെ ബാഗേജിലെ എമർജൻസി ലാമ്പിൽ ഒളിപ്പിച്ചനിലയിൽ 817 ഗ്രാം വരുന്ന 14 ഗോൾഡ് പ്ലേറ്റുകൾ കണ്ടെടുത്തു. പിടികൂടിയ സ്വർണത്തിന് ഒരുകോടി പത്തുലക്ഷം രൂപ വിലവരും. അഭിരാമിക്ക് പ്രതിഫലമായി നൽകാൻ സൂക്ഷിച്ച 67,000 രൂപയും ഹർഷൽ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. ഇവ തുടർനടപടിക്കായി കസ്റ്റംസിനു കൈമാറും.
English Summary
The police thwarted an attempt to smuggle gold worth one crore rupees through Kozhikode Airport, as well as a separate plot to abduct the gold carrier. Those arrested in connection with the incident include Abhirami (27), a native of Vandanmedu in Idukki, who arrived with the gold; Harshal (40), a native of Ernakulam, who came to receive it; and Sayanth (28) and Babilhesh (40) both natives of Kallachi, Nadapuram, who were part of a gang that had arrived to intercept and seize the gold.