Chennai Metro: ചെന്നൈ മെട്രോ രണ്ടാം ഘട്ടം: കാത്തിരുന്ന പാത ഡിസംബറിൽ പൂർത്തിയാകും
Chennai Metro Phase 2: സി.ടി.സി മുതൽ ആലന്തൂർ വരെയുള്ള അവസാന 5 കിലോമീറ്റർ പാതയുടെ ട്രാക്ക് നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. പാതയിലെ ട്രാക്ക് പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക്, ഇന്റേണൽ ട്രയൽ റണ്ണുകളും തുടർന്ന് ആർ.ഡി.എസ്.ഒ പരിശോധനകളും നടത്തുവാൻ അധികൃതർ പദ്ധതിയിടുന്നുണ്ട്.
ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിലെ പ്രധാനപാതയായ കോയമ്പേട് മുതൽ ആലന്തൂർ വരെയുള്ള പാതയുടെ നിർമ്മാണം ഈ വർഷം ഡിസംബറോടുകൂടി പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും പൊതുഗതാഗതം കൂടുതൽ എളുപ്പമാക്കുന്നതിനും ഈ പാത നിർണായകമാകും.
കോയമ്പേട് – ആലന്തൂർ പാത
ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ട ഒരു പാതയാണ് കോയമ്പേട് – ആലന്തൂർ റൂട്ട്. ചെന്നൈ മെട്രോയുടെ റെഡ് ലൈൻ നെറ്റ്‌വർക്കിലാണ് ഈ പാത വരുന്നത്. മാധവരം മുതൽ ഷൊളിംഗനല്ലൂർ വരെയുള്ള സർവീസിന്റെ ഭാഗമായാണ് കോയമ്പേട് മുതൽ ആലന്തൂർ വരെയുള്ള ഭാഗം വരുന്നത്. ചെന്നൈ ട്രേഡ് സെന്റർ, നന്ദമ്പാക്കം, മണപ്പാക്കം തുടങ്ങിയ പ്രധാനപ്രദേശങ്ങളെ ഇത് ബന്ധിപ്പിക്കുന്നുണ്ട്.
സി.ടി.സി മുതൽ ആലന്തൂർ വരെയുള്ള അവസാന 5 കിലോമീറ്റർ പാതയുടെ ട്രാക്ക് നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. പാതയിലെ ട്രാക്ക് പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക്, ഇന്റേണൽ ട്രയൽ റണ്ണുകളും തുടർന്ന് ആർ.ഡി.എസ്.ഒ പരിശോധനകളും നടത്തുവാൻ അധികൃതർ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം ആകെ 118.9 കിലോമീറ്റർ നീളത്തിൽ, 128 സ്റ്റേഷനുകളോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ രണ്ടാം ഘട്ടത്തിൽ പ്രധാനമായും മൂന്ന് ഇടനാഴികളാണ് ഉള്ളത്.
ALSO READ: നമ്മ മെട്രോ പിങ്ക് ലൈൻ ഉദ്ഘാടന തീയതി മാറ്റി; നവംബർ 13ന് പ്രധാനമന്ത്രി എത്തും
ചെന്നൈ മെട്രോ യെല്ലോ ലൈൻ
പൂനമല്ലി മുതൽ വടപളനി വരെ ആകെ 14.6 കിലോമീറ്റർ റൂട്ടിലാണ് യെല്ലോ ലൈൻ സർവീസ് നടത്തുന്നത്. 1 മണിക്കൂറിലധികം ദൈർഘ്യമുള്ള യാത്ര നാൽപ്പത് മിനിറ്റിന് താഴേക്ക് ചുരുക്കാൻ യെല്ലോ ലൈനിന് സാധിക്കുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചെന്നൈ മെട്രോയിൽ ആദ്യമായി പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതും യെല്ലോ ലൈനിലാണ്. പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ എല്ലാ സ്റ്റേഷനിലും ഉണ്ടാകും. ട്രെയിനുകൾ വന്നു നിന്നതിന് ശേഷം മാത്രമേ ഇവ തുറക്കൂ. ഇതുവഴി അപകടങ്ങൾ പരമാവധി കുറയ്ക്കാനാകും. 3 കോച്ചുകളുള്ള ട്രെയിനുകളിൽ ഒരു കോച്ചിന്റെ പകുതി ഭാഗം സ്ത്രീകൾക്കാണ്. ഈ ഭാഗം തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബെൽറ്റും ഹാൻഡ് ഗ്രിപ്പുകളും നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം എല്ലാ കോച്ചുകളിലും ഉണ്ട്.
English Summary:
Construction work on the second phase of the Chennai Metro Rail project is progressing steadily. Authorities are aiming to complete the construction of the key corridor between Koyambedu and Alandur by December 2026.