റിച്ച ഘോഷിന്റെ പോരാട്ടം പാഴായി; വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി
നദൈന്‍ ഡി ക്ലര്‍ക്ക് കാഴ്ചവച്ച മിന്നും പ്രകടനമാണ് ഇന്ത്യ അര്‍ഹിച്ച വിജയം തട്ടിയെടുത്തത്. നദൈന്‍ പുറത്താകാതെ 54 പന്തില്‍ 84 റണ്‍സെടുത്തു. ഇന്ത്യയ്ക്കും എട്ടാം നമ്പര്‍ ബാറ്ററുടെ പ്രകടനമാണ് കരുത്തായത്. എട്ടാം നമ്പറില്‍ ബാറ്റിങിന് എത്തിയ റിച്ച ഘോഷ് 94 റണ്‍സാണെടുത്തത്
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ദക്ഷിണാഫ്രിക്ക ഇന്ത്യയെ മൂന്ന് വിക്കറ്റിനാണ് തോല്‍പിച്ചത്. ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു പ്രോട്ടീസിന്റെ വിജയം. സ്‌കോര്‍: ഇന്ത്യ-49.5 ഓവറില്‍ 251, ദക്ഷിണാഫ്രിക്ക-48.5 ഓവറില്‍ ഏഴ് വിക്കറ്റിന് 252. എട്ടാം നമ്പറില്‍ ബാറ്റിങിന് എത്തിയ നദൈന്‍ ഡി ക്ലര്‍ക്ക് കാഴ്ചവച്ച മിന്നും പ്രകടനമാണ് ഇന്ത്യ അര്‍ഹിച്ച വിജയം തട്ടിയെടുത്തത്. നദൈന്‍ പുറത്താകാതെ 54 പന്തില്‍ 84 റണ്‍സെടുത്തു. ഓപ്പണര്‍ ലോറ വോള്‍വാര്‍ട്ട് (111 പന്തില്‍ 70), ക്ലോ ടൈറന്‍ (66 പന്തില്‍ 49) എന്നിവരും തിളങ്ങി.
മറ്റ് പ്രോട്ടീസ് ബാറ്റര്‍മാരെ നിലയുറപ്പിക്കും മുമ്പ് മടക്കാനായത് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും നദൈനിന്റെ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് അപ്രതീക്ഷിത ജയം സമ്മാനിക്കുകയായിരുന്നു. മികച്ച ഫോമിലുള്ള ഓപ്പണര്‍ തസ്മിന്‍ ബ്രിട്ട്‌സിനെ പൂജ്യത്തിന് പുറത്താക്കി ക്രാന്തി ഗൗഡ് ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പ്രതീക്ഷ നല്‍കിയിരുന്നു.
വണ്‍ ഡൗണായി എത്തിയ സൂന് ലൂസിനെ (ഒമ്പത് പന്തില്‍ അഞ്ച്) ക്രീസില്‍ അധിക നേരം തുടരാന്‍ അമന്‍ജോത് കൗര്‍ അനുവദിച്ചില്ല. മരിസന്‍ കാപ്പ് (25 പന്തില്‍ 20), അന്നേക്ക് ബോഷ് (രണ്ട് പന്തില്‍ ഒന്ന്), സിനാലോ ജാഫ (20 പന്തില്‍ 14) എന്നിവരും ഇന്ത്യന്‍ ബൗളിങിന് മുന്നില്‍ നിഷ്പ്രഭരായി. അയബോങ്ക ഖാക്ക (മൂന്ന് പന്തില്‍ ഒന്ന്) പുറത്താകാതെ നിന്നു.




ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡും, സ്‌നേഹ് റാണയും രണ്ട് വിക്കറ്റ് വീതവും, അമന്‍ജോത് കൗറും, ദീപ്തി ശര്‍മയും, എന്‍ ചരണിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ദക്ഷിണാഫ്രിക്കയെ പോലെ തന്നെ ഇന്ത്യയ്ക്കും എട്ടാം നമ്പര്‍ ബാറ്ററുടെ പ്രകടനമാണ് കരുത്തായത്. എട്ടാം നമ്പറില്‍ ബാറ്റിങിന് എത്തിയ റിച്ച ഘോഷ് 77 പന്തില്‍ 94 റണ്‍സാണെടുത്തത്. കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ കൈപിടിച്ചുയര്‍ത്തിയത് റിച്ചയുടെ പ്രകടനമായിരുന്നു. താരം 11 ഫോറും, നാല് സിക്‌സും നേടി.
ഇതും വായിക്കൂ: വനിതാ ലോകകപ്പിൽ ഇതുവരെ ഇന്ത്യക്ക് വളരെ എളുപ്പം; ഇനിയുള്ളത് കരുത്തുറ്റ എതിരാളികൾ
പ്രതിക ഖാവല്‍ (56 പന്തില്‍ 37), സ്മൃതി മന്ദാന (32 പന്തില്‍ 23), ഹര്‍ലീന്‍ ഡിയോള്‍ (23 പന്തില്‍ 13), ഹര്‍മന്‍പ്രീത് കൗര്‍ (24 പന്തില്‍ ഒമ്പത്), ജെമിമ റോഡ്രിഗസ് (നാല് പന്തില്‍ പൂജ്യം), ദീപ്തി ശര്‍മ (14 പന്തില്‍ നാല്), അമന്‍ജോത് കൗര്‍ (44 പന്തില്‍ 13), സ്‌നേഹ് റാണ (24 പന്തില്‍ 33), ക്രാന്തി ഗൗഡ് (പൂജ്യം നോട്ടൗട്ട്), എന്‍ ചരണി (ഗോള്‍ഡന്‍ ഡക്ക്) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്ലോ ടൈറണ്‍ മൂന്ന് വിക്കറ്റും, മരിസന്‍ കാപ്പ്, നദൈന്‍ ഡി ക്ലര്‍ക്ക്, എന്‍ മ്ലാബ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ടുമി സേഖുകുന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യയുടെ അടുത്ത മത്സരം 12നാണ്. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.