India vs England: വാലറ്റത്തെ എറിഞ്ഞിട്ട് ബുംറ; മാച്ച് വിന്നിംഗ് സ്പെല്ലുമായി സുന്ദർ: ഇംഗ്ലണ്ട് ഓൾ ഔട്ട്
England All Out Against India: ലോർഡ്സ് ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 192 റൺസിന് ഓൾ ഔട്ട്. നാല് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യക്കായി തിളങ്ങിയത്.

ഇന്ത്യ - ഇംഗ്ലണ്ട്
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ഓൾ ഔട്ട്. 192 റൺസെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിൻ്റെ എല്ലാ താരങ്ങളും പുറത്തായത്. നാല് വിക്കറ്റ് നേടിയ വാഷിംഗ്ടൺ സുന്ദർ ഇന്ത്യക്കായി തകർത്തെറിഞ്ഞപ്പോൾ വാലറ്റത്തെ എറിഞ്ഞിട്ട ജസ്പ്രീത് ബുംറയുടെ പ്രകടനവും നിർണായകമായി. 40 റൺസ് നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ.
മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഏറെ വൈകാതെ തന്നെ ബെൻ ഡക്കറ്റിനെ നഷ്ടമായി. ആക്രമിച്ചുകളിച്ച ഡക്കറ്റ് (22) മുഹമ്മദ് സിറാജിൻ്റെ ഇരയായി മടങ്ങുകയായിരുന്നു. പിന്നാലെ ഒലി പോപ്പും (4) സിറാജിന് മുന്നിൽ വീണു. സാക്ക് ക്രോളിയെ (22) നിതീഷ് റെഡ്ഡി മടക്കി. തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് ആക്രമിച്ചുകളിച്ചെങ്കിലും താരം (23) ആകാശ് ദീപിൻ്റെ ഇരയായി മടങ്ങി.
നാല് വിക്കറ്റ് നഷ്ടത്തിൽ 87 റൺസെന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനായി അഞ്ചാം വിക്കറ്റിൽ ജോ റൂട്ടും ബെൻ സ്റ്റോക്സും ഒന്നിച്ചു. ബൗളിംഗിന് അനുകൂലമായ പിച്ചിൽ അധ്വാനിച്ച് കളിച്ച ഇരുവരും ചേർന്ന് 67 റൺസാണ് കൂട്ടിച്ചേർത്തത്. ഒടുവിൽ വാഷിംഗ്ടൺ സുന്ദർ ഇന്ത്യയുടെ രക്ഷയ്ക്കെത്തി. ജോ റൂട്ടിനെ വീഴ്ത്തി വിക്കറ്റ് വേട്ട ആരംഭിച്ച താരം ജേമി സ്മിത്ത് (8), ബെൻ സ്റ്റോക്സ് (33) എന്നിവരെക്കൂടി പുറത്താക്കി. ബ്രൈഡൻ കാഴ്സ് (1), ക്രിസ് വോക്സ് (10) എന്നിവർ ബുംറയുടെ ഇരകളായി. അവസാന വിക്കറ്റായ ഷൊഐബ് ബാഷിർ (2) വാഷിംഗ്ടൺ സുന്ദറിന് മുന്നിൽ വീണു. ഒരു ദിവസവും ഏകദേശം 27 ഓവറുകളും അവശേഷിക്കെ മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയലക്ഷ്യം 193 റൺസ് ആണ്.
ആദ്യ ഇന്നിംഗ്സിൽ ഇരു ടീമുകളും 387 റൺസ് നേടി പുറത്തായിരുന്നു.