India vs England: അവസാന മൂന്ന് വിക്കറ്റിൽ ഇംഗ്ലണ്ട് നേടിയത് 116 റൺസ്, ഇന്ത്യ നേടിയത് 11 റൺസ്: എന്ന് തീരും ഈ ദുർവിധി
India vs England Last 3 Wickets Score: ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് വാലറ്റം 116 റൺസ് നേടിയപ്പോൾ ഇന്ത്യ നേടിയത് 11 റൺസാണ്. ഇത് കളിയിൽ നിർണായകമായി.

ഇന്ത്യ - ഇംഗ്ലണ്ട്
ഇംഗ്ലണ്ടും ഇന്ത്യയും മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ 387 റൺസ് നേടി പുറത്തായപ്പോൾ നിർണായകമായത് അവസാന മൂന്ന് വിക്കറ്റുകളായിരുന്നു. ഇംഗ്ലണ്ട് അവസാന മൂന്ന് വിക്കറ്റിൽ 116 റൺസ് നേടിയപ്പോൾ ഇന്ത്യ നേടിയത് വെറും 11 റൺസ്. തരക്കേടില്ലാത്ത സ്കോറിൽ നിന്ന് ഇംഗ്ലണ്ടിനെ വാലറ്റം മികച്ച സ്കോറിലെത്തിച്ചപ്പോൾ ലീഡ് സാധ്യതയിൽ ഇന്ത്യയെ വാലറ്റം തടഞ്ഞു. വർഷങ്ങളായി അനുഭവിക്കുന്ന പ്രതിസന്ധി.
ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്സിൽ ഏഴാം വിക്കറ്റ് നഷ്ടമായത് 271 റൺസിലായിരുന്നു. പുറത്തായത് ക്രിസ് വോക്സ്. എട്ടാം വിക്കറ്റിൽ ജേമി സ്മിത്തും ബ്രൈഡൻ കാഴ്സും ചേർന്ന് നേടിയ 84 റൺസ് വളരെ നിർണായകമായി. സ്മിത്ത് (51) പുറത്തായെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് 9ആം നമ്പർ താരം ബ്രൈഡൻ കാഴ്സ് 56 റൺസ് നേടി.
ഇന്ത്യയുടെ ഏഴ് വിക്കറ്റ് നഷ്ടമാവുന്നത് 376 റൺസിലാണ്. ഇംഗ്ലണ്ടിനെക്കാൾ 100 റൺസ് കൂടുതൽ. 72 റൺസ് നേടി രവീന്ദ്ര ജഡേജ പുറത്തായതിന് പിന്നാലെ വേഗം കാര്യങ്ങൾ അവസാനിച്ചു. ആകാശ് ദീപ് (7), ജസ്പ്രീത് ബുംറ (0) എന്നിവർക്ക് പിന്നാലെ വാഷിംഗ്ടൺ സുന്ദറും (23) പെട്ടെന്ന് മടങ്ങി. മൂന്ന് പേർ ചേർന്ന് 50 റൺസെങ്കിലും എടുത്തിരുന്നെങ്കിൽ ഇന്ത്യക്ക് 40 റൺസിൻ്റെ ലീഡുണ്ടാവുമായിരുന്നു. അത് കളിയിൽ ഇന്ത്യക്ക് നിർണായക മുൻതൂക്കം നൽകുകയും ചെയ്യുമായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജും വാഷിംഗ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആകാശ് ദീപ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. നിലവിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും (24) ക്രിസ് വോക്സുമാണ് ക്രീസിൽ.