India vs England: ലോര്‍ഡ്‌സില്‍ റൂട്ടുറച്ചു, രണ്ടാം ദിനം തിരിച്ചടിക്കാന്‍ ഇന്ത്യ
India vs England Lord's Test: 13.3 ഓവറിലാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. മൂന്ന് പന്തുകള്‍ പിന്നിട്ടപ്പോഴേക്കും മറ്റൊരു ഓപ്പണറായ സാക്ക് ക്രൗളിയും വീണു. ഡക്കറ്റിനെ വീഴ്ത്തിയതുപോലെ തന്നെയാണ് നിതീഷ് ക്രൗളിക്കും വല വിരിച്ചത്. മൂന്നാം വിക്കറ്റില്‍ ഒലി പോപ്പും, ജോ റൂട്ടും പിടിമുറുക്കിയത് ഇന്ത്യയ്ക്ക് തലവേദനയായി
ജോ റൂട്ട് ഫോമിലേക്ക് തിരികെയെത്തിയപ്പോള്‍ ലോര്‍ഡ്‌സ് ടെസ്റ്റിലെ ആദ്യ ദിനം ഇംഗ്ലണ്ട് കൊണ്ടുപോയി. നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ മാത്രമാണ് റൂട്ട്. 191 പന്തില്‍ 99 റണ്‍സെടുത്ത റൂട്ടിനൊപ്പം, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സാണ് (102 പന്തില്‍ 39) ക്രീസില്‍. ലോര്‍ഡ്‌സ് ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റും, ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അത്ര മികച്ചതായിരുന്നില്ല ആതിഥേയരുടെ തുടക്കം. സ്‌കോര്‍ബോര്‍ഡ് 43ല്‍ എത്തിയപ്പോഴേക്കും അപകടകാരിയായ ബെന്‍ ഡക്കറ്റിനെ നഷ്ടപ്പെടുത്തി. 40 പന്തില്‍ 23 റണ്‍സെടുത്ത ഡക്കറ്റ് നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു.
13.3 ഓവറിലാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. മൂന്ന് പന്തുകള്‍ പിന്നിട്ടപ്പോഴേക്കും മറ്റൊരു ഓപ്പണറായ സാക്ക് ക്രൗളിയും വീണു. ഡക്കറ്റിനെ വീഴ്ത്തിയതുപോലെ തന്നെയാണ് നിതീഷ് ക്രൗളിക്കും വല വിരിച്ചത്. ഇത്തവണയും ക്യാച്ചെടുത്തത് ഋഷഭ് പന്ത്. ക്രൗളി നേടിയത് 43 പന്തില്‍ 18 റണ്‍സ് മാത്രം.




Read Also: Karun Nair: തിരിച്ചുവരവില്‍ തിളങ്ങാനായില്ല; കരുണിന് ലോര്‍ഡ്‌സ് നിര്‍ണായകം
ഓപ്പണര്‍മാരെ പെട്ടെന്ന് കൂടാരം കയറ്റിയത് ആത്മവിശ്വാസമായെങ്കിലും മൂന്നാം വിക്കറ്റില്‍ ഒലി പോപ്പും, ജോ റൂട്ടും പിടിമുറുക്കിയത് ഇന്ത്യയ്ക്ക് തലവേദനയായി. ഈ സഖ്യം കൂട്ടിച്ചേര്‍ത്തത് 109 റണ്‍സ്. ഒടുവില്‍ 104 പന്തില്‍ 44 റണ്‍സെടുത്ത പോപ്പിനെ രവീന്ദ്ര ജഡേജ വീഴ്ത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി.
തുടര്‍ന്ന് ക്രീസിലെത്തിയ ഹാരി ബ്രൂക്കിന് അധികം നേരം പിടിച്ചുനില്‍ക്കാനായില്ല. 20 പന്തില്‍ 11 റണ്‍സെടുത്ത ബ്രൂക്കിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. രണ്ടാം ദിനം ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി വേഗം വീഴ്ത്തി തിരിച്ചടിക്കാനാകും ഇന്ത്യയുടെ ശ്രമം.