India vs England: റെക്കോർഡ് വിജയലക്ഷ്യം വച്ച് ഇന്ത്യ; അവസാന പന്തിൽ ക്രോളിയെ കുടുക്കി സിറാജിൻ്റെ തന്ത്രം: കളി ആവേശത്തിൽ
Record Target For India In Final Test: ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് വിജയലക്ഷ്യം. 396 റൺസിന് രണ്ടാം ഇന്നിംഗ്സിൽ ഓൾ ഔട്ടായ ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ 374 റൺസിൻ്റെ വിജയലക്ഷ്യമാണ് വച്ചത്.

മുഹമ്മദ് സിറാജ്
ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിന് റെക്കോർഡ് വിജയലക്ഷ്യം. 374 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിലാണ്. സക്ക് ക്രോളി (14) പുറത്തായി. ബെൻ ഡക്കറ്റ് (34) ക്രീസിലുണ്ട്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 396 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു.
75 റൺസിന് രണ്ട് വിക്കറ്റ് എന്ന സ്കോറിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ദ്രുതഗതിയിലാണ് സ്കോർ ചെയ്തത്. നൈറ്റ് വാച്ച്മാനായി എത്തിയ ആകാശ് ദീപ് യശസ്വി ജയ്സ്വാളിനെ കാഴ്ചക്കാരനാക്കി കത്തിക്കയറി. ഇടക്കിടെ ജയ്സ്വാളും ബൗണ്ടറികൾ കണ്ടെത്തി. 107 റൺസാണ് ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ആദ്യ സെഷനിൽ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ച സഖ്യത്തെ രണ്ടാം സെഷനിൽ ജേമി ഓവർട്ടനാണ് വേർപിരിച്ചത്. 66 റൺസെടുത്ത ആകാശ് ദീപിനെ ഓവർട്ടൺ ഗസ് അറ്റ്കിൻസണിൻ്റെ കൈകളിലെത്തിച്ചു.
പിന്നീട് ശുഭ്മൻ ഗിൽ (11), കരുൺ നായർ (17) എന്നിവർ വേഗം മടങ്ങി. ഗസ് അറ്റ്കിൻസണായിരുന്നു രണ്ട് വിക്കറ്റും. ഇതിനിടെ ജയ്സ്വാൾ സെഞ്ചുറി തികച്ചു. സെഞ്ചുറി പൂർത്തിയാക്കി ഏറെ വൈകാതെ ജയ്സ്വാളിനെ (118) ജോഷ് ടോങ് പുറത്താക്കി. ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജ – ധ്രുവ് ജുറേൽ സഖ്യം 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 34 റൺസ് നേടിയ ജുറേലിനെ മടക്കി ഓവർട്ടനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇതിനിടെ ഫിഫ്റ്റിയ്ക്ക് ശേഷം ജഡേജയും (53) പുറത്തായി. മുഹമ്മദ് സിറാജ് (0) വേഗം പുറത്തായതോടെ സ്കോറിംഗ് ചുമതല ഏറ്റെടുത്ത വാഷിംഗ്ടൺ സുന്ദർ തുടരെ സിക്സറുകളും ബൗണ്ടറികളും കണ്ടെത്തി ഫിഫ്റ്റിയടിച്ചു. ഇതിനിടെ താരം തൻ്റെ ഫിഫ്റ്റിയും തികച്ചു. 46 പന്തിൽ 53 റൺസ് നേടിയ സുന്ദറിനെ വീഴ്ത്തി ജോഷ് ടോങ് ആണ് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ടോങ് ഇതോടെ അഞ്ച് വിക്കറ്റ് നേട്ടത്തിലുമെത്തി.
മറുപടി ബാറ്റിംഗിൽ പ്രത്യേക പ്രശ്നങ്ങളില്ലാതെ മുന്നേറിയ ഇംഗ്ലണ്ടിന് മൂന്നാം ദിവസം അവസാന ഓവറിലാണ് ക്രോളിയെ നഷ്ടമായത്.