India vs England: ‘ഞാനെങ്ങാനും ആയിരുന്നെങ്കിൽ നല്ല ഇടികൊടുത്തേനെ’; ഡക്കറ്റിൻ്റെ തോളിൽ കയ്യിട്ട ആകാശ് ദീപിനെ വിമർശിച്ച് റിക്കി പോണ്ടിങ്
Ricky Ponting Criticise Akash Deep: ബെൻ ഡക്കറ്റിൻ്റെ തോളിൽ കയ്യിട്ട് യാത്രയാക്കിയ ആകാശ് ദീപിനെതിരെ റിക്കി പോണ്ടിങ്. ഡക്കറ്റിൻ്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ആകാശ് ദീപിന് താൻ നല്ല ഇടികൊടുത്തേനെ എന്നും അദ്ദേഹം പറഞ്ഞു.
പുറത്താക്കിയതിന് ശേഷം ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിനെ തോളിൽ കയ്യിട്ട് യാത്രയാക്കിയെ ആകാശ് ദീപിനെ വിമർശിച്ച് ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. താനായിരുന്നു ഡക്കറ്റിൻ്റെ സ്ഥാനത്തെങ്കിൽ ആകാശ് ദീപിന് നല്ല ഇടി കൊടുത്തേനെ എന്ന് പോണ്ടിങ് പറഞ്ഞു. ആക്രമിച്ച് കളിച്ച ഡക്കറ്റ് 38 പന്തിൽ 43 റൺസെടുത്താണ് പുറത്തായത്.
ആദ്യ വിക്കറ്റിൽ സാക്ക് ക്രോളിയുമായി 92 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഡക്കറ്റ് പുറത്തായത്. റിവേഴ്സ് സ്കൂപ്പിനുള്ള ശ്രമത്തിനിടെ താരത്തെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ പിടികൂടുകയായിരുന്നു. പുറത്തായി മടങ്ങുകയായിരുന്ന ഡക്കറ്റിൻ്റെ തോളിൽ കയ്യിട്ട് ചിരിച്ചുകൊണ്ടാണ് ആകാശ് ദീപ് യാത്രയാക്കിയത്. ഇതിനോട് ഡക്കറ്റ് കാര്യമായി പ്രതികരിച്ചില്ല. കെഎൽ രാഹുൽ ആകാശ് ദീപിനെ വലിച്ചുമാറ്റുകയും ചെയ്തു.




വൈറൽ വിഡിയോ
Aakashdeep celebration 🤫#INDvsENG #INDvsENGTest #ENGvIND #ENGvsIND #INDvsENG2025 #INDVsENGLive #5thTest #OvalTest pic.twitter.com/DCpMBPs91R
— Ikhlas (@FaroozIkhlas) August 1, 2025
ഇതിനെയാണ് റിക്കി പോണ്ടിങ് വിമർശിച്ചത്. രണ്ടാം ദിവസം ഉച്ചഭക്ഷണത്തിൻ്റെ ഇടവേളയിൽ നടന്ന സ്കൈ സ്പോർട്സിൻ്റെ ചർച്ചയിൽ പോണ്ടിങ് ആകാശ് ദീപിനെതിരെ ആഞ്ഞടിച്ചു. ‘ഇക്കാലത്ത് അധികം ബാറ്റർമാരൊന്നും ഈ യാത്രയയപ്പ് അംഗീകരിക്കുമെന്ന് തോന്നുന്നില്ല. താങ്കളായിരുന്നു ഡക്കറ്റിൻ്റെ സ്ഥാനത്തെങ്കിൽ ആകാശ് ദീപിന് ഇടി കൊടുക്കുമായിരുന്നില്ലേ’ എന്ന സ്കൈ സ്പോർട്സ് അവതാരകൻ ഇയാൻ വാർഡിൻ്റെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് പോണ്ടിങ് തൻ്റെ നിലപാടറിയിച്ചത്. ‘തീർച്ചയായും നല്ല ഇടി കൊടുക്കുമായിരുന്നു’ എന്ന് പോണ്ടിങ് പ്രതികരിച്ചു.
തോളിൽ കയ്യിട്ട് നടക്കുന്നത് കണ്ടപ്പോൾ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നാണ് താൻ കരുതിയതെന്ന് പോണ്ടിങ് പറഞ്ഞു. കാരണം, ടെസ്റ്റെന്നല്ല, ഒരു ലോക്കൽ കളിയിൽ പോലും ബൗളർ ബാറ്ററെ ഇത്തരത്തിൽ യാത്രയയക്കുന്നത് കാണാൻ കഴിയില്ല. ആകാശ് ദീപ് ഡക്കറ്റിനെ പ്രകോപിപ്പിക്കുകയായിരുന്നു. അതിനോട് ഡക്കറ്റ് പ്രതികരിച്ച രീതി തനിക്ക് ഇഷ്ടപ്പെട്ടെന്നും പോണ്ടിങ് പ്രതികരിച്ചു.