India vs England: ’20 വിക്കറ്റെടുക്കുന്ന ഒരു ടെസ്റ്റ് ടീം നമുക്കുണ്ടായിരുന്നു’; വിമർശനവുമായി കോലിയുടെ സഹോദരൻ
Vikas Kohli Criticizes Indian Team: ഇന്ത്യൻ ടീമിനെ വിമർശിച്ച് വിരാട് കോലിയുടെ സഹോദരൻ വികാസ് കോലി. മുൻപ് നമുക്ക് 20 വിക്കറ്റ് വീഴ്ത്തുന്ന ഒരു ടീമുണ്ടായിരുന്നു എന്നാണ് വിമർശനം.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെ സഹോദരൻ വികാസ് കോലി. 20 വിക്കറ്റ് വീഴ്ത്തുന്ന ഒരു ടെസ്റ്റ് ടീം നമുക്കുണ്ടായിരുന്നു എന്നാണ് വികാസ് തൻ്റെ ത്രെഡ്സ് അക്കൗണ്ടിൽ കുറിച്ചത്. വിരാട് കോലിയുടെ കീഴിൽ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് ഏറെ പുരോഗമിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വികാസിൻ്റെ വിമർശനം.
‘ഒരുപാട് പണ്ടൊന്നുമല്ല. നമ്മുടെ ബൗളർമാർ 20 വിക്കറ്റുകളും വീഴ്ത്തുന്നൊരു ടെസ്റ്റ് ടീം നമുക്കുണ്ടായിരുന്നു’ എന്ന് വികാസ് തൻ്റെ ത്രെഡ്സ് അക്കൗണ്ടിൽ കുറിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുകയാണ്. ചിലർ വികാസിൻ്റെ നിലപാട് അംഗീകരിക്കുമ്പോൾ മറ്റ് ചിലർ ഇതിനെ പ്രതികൂലിക്കുന്നു.
Also Read: India vs England: അഞ്ചാം ടെസ്റ്റിൽ ഋഷഭ് പന്ത് കളിക്കില്ല; പകരമെത്തുന്നത് നിർഭാഗ്യവാനായ താരം




മാഞ്ചസ്റ്റർ ടെസ്റ്റിൽ ഏറെക്കുറെ പരാജയം ഉറപ്പിച്ച ഇന്ത്യ ബാറ്റർമാരുടെ പോരാട്ടത്തെ തുടർന്നാണ് സമനില നേടിയത്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 358 റൺസ് നേടി ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് പടുത്തുയർത്തിയത് 669 റൺസെന്ന പടുകൂറ്റൻ സ്കോർ. അപ്പോൾ തന്നെ ഇന്ത്യയുടെ വിജയസാധ്യത അവസാനിച്ചിരുന്നു. സമനില അല്ലെങ്കിൽ തോൽവി എന്നതായിരുന്നു ഓപ്ഷനുകൾ. സ്കോർബോർഡ് തുറക്കും മുൻപ് യശസ്വി ജയ്സ്വാളും സായ് സുദർശനും പുറത്തായതോടെ തോൽവിയെന്ന ഭയമായി. ഇവിടെനിന്ന് ഇന്ത്യ പൊരുതിക്കയറുകയായിരുന്നു.
ആദ്യം മൂന്നാം വിക്കറ്റിൽ ശുഭ്മൻ ഗില്ലും (103) കെഎൽ രാഹുലും ചേർന്ന് 188 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും പുറത്തായതോടെ ഒരുമിച്ച വാഷിംഗ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും ചേർന്ന് അഞ്ച് സെഷനുകളാണ് പൊരുതിനിന്നത്. അപരാജിതമായ 203 റൺസിൻ്റെ കൂട്ടുകെട്ടിലും ഇവർ പങ്കാളികളായി. ഇരുവരും സെഞ്ചുറി അടിച്ചതോടെ ഇരു ടീമുകളും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഈ മാസം 31നാണ് പരമ്പരയിലെ അവസാന മത്സരം.